തിരുവനന്തപുരം: ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും കേരളത്തിന് തിരിച്ചടിയാവുകയാണ് കോവിഡ്-19 ബാധിച്ചുള്ള സംസ്ഥാനത്തെ രണ്ടാം മരണം. വിദേശത്തേക്ക് പോവുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാതിരുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ഇദ്ദേഹത്തിന് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് സ്ഥിരീകരിക്കാൻ ഇനിയും സാധിച്ചട്ടില്ല. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതും ദുഷ്കരമായി.

ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. അതിനാൽ മരിച്ച രോഗിയുമായി ഇടപഴകിയ ആളുകളെല്ലാം നിരീക്ഷണത്തിൽ കഴിയണമെന്നാണ് സർക്കാർ നിർദേശം. മാർച്ച് മൂന്ന് മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെ നിരവധി പൊതു പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

Also Read: ലോക്ക്ഡൗൺ: ആവശ്യത്തിലധികം ഭക്ഷ്യവിഭവങ്ങൾ, എന്നാൽ ആളുകളിലേക്ക് എത്തുന്നതിൽ പരാജയപ്പെടാൻ കാരണം ഇത്

മാർച്ച് രണ്ടിന് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ഇദ്ദേഹം സബ് ട്രഷിയിലുമെത്തിയിരുന്നു. മാർച്ച് 11ന് ബന്ധുവിന്റെ മരണാനന്തര ചടങ്ങിലും മാർച്ച് 17ന് ആയൂരപ്പാറ സർവീസ് ബാങ്കിലും പോയ ഇദ്ദേഹം മാർച്ച് 18ന് മറ്റൊരു മരണാനന്തര ചടങ്ങിലും പങ്കെടുത്തു. മാര്‍ച്ച് 18നാണ് അബ്ദുള്‍ അസീസ്‌ ജലദോഷം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ പോയത്.

മാർച്ച് 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയില്‍ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതും രോഗം സ്ഥിരീകരിക്കുന്നതും. ഈ ദിവസങ്ങളിൽ പലതിലും ജുമാ നിസ്കാരത്തിലും രോഗി ഭാഗമായി.

Also Read: കോവിഡ്-19 ബാധിച്ച് മരിച്ചവരിൽ അഞ്ച് പേർ ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവർ; നിരീക്ഷണം ശക്തം

എന്നാല്‍ സാമൂഹ വ്യാപന ലക്ഷണങ്ങൾ ഇതുവരെ ഇല്ലായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇയാൾക്ക് രോഗം പടര്‍ന്നത് എവിടെ നിന്നാണ് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മരിച്ചയാള്‍ പങ്കെടുത്ത പൊതുചടങ്ങുകളില്‍ പങ്കെടുത്തവരെയും, വിദേശത്ത് നിന്നെത്തിയവരെയും, കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്നവരെയും കണ്ടെത്തി പരിശോധിക്കും. സംശയമുള്ളവരെ ക്വാറന്‍റൈന്‍ ചെയ്യുകയാണെന്നും സ്രവം വരും ദിവസങ്ങളില്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.