കാസർഗോഡ്: കാസർഗോഡ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍ച്ച് 11 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഏറെ കഷ്ടപ്പെട്ടാണ് തയ്യാറാക്കിയത്. കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ലെന്ന് അധികൃതര്‍ പറയുന്നു. അതിനാല്‍ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ റൂട്ട് മാപ്പ്‌ ജില്ലാ കലക്ടർ പുറത്തുവിട്ടു.

Also Read: കാസർഗോഡ് കോവിഡ്-19 പടരാൻ കാരണക്കാരനായ രോഗിക്കെതിരെ കേസ്

മാർച്ച് 11 മുതൽ 19 വരെയുള്ള എട്ട് ദിവസങ്ങളിൽ മൂന്ന് ജില്ലകളിലായി മുപ്പതിലധികം സ്ഥലങ്ങളിലാണ് ഇയാൾ സന്ദർശനം നടത്തിയത്. ഒന്നിലധികം തവണ പല സ്ഥലങ്ങളിലും എത്തി. മാർച്ച് 11 രാവിലെ 7.45ന് എയർ ഇന്ത്യയുടെ ഐഎക്സ് 344 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇയാൾ ഓട്ടോയിൽ മലപ്പുറം എയർപ്പോർട്ട് ജംഗ്ഷനിലെ റൂം സാഹിർ റസിഡൻസിയിലേക്ക് പോയി. അവിടെ 603-ാം നമ്പർ മുറിയിൽ താമസിച്ചു. അടുത്തുള്ള ചായക്കടയിൽ നിന്ന് ചായകുടിക്കുകയും ബാഗേജ് പ്രശ്നം പരിഹരിക്കാനായി വിമാനത്താവളത്തിലേക്ക് തിരിച്ച് പോകുകയും ചെയ്തു.

പിന്നീട് മൈത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇയാൾ നടന്ന് സാഹിർ റസിഡൻസിയിൽ തിരിച്ചെത്തുകയും നടന്ന് തന്നെ എയർപോർട്ടിലേക്ക് പോകുകയും ചെയ്തു. അടുത്ത ദിവസം ഇയാൾ ഓട്ടോറിക്ഷയില്‍ റെയിൽവേ സ്റ്റേഷനിലെത്തി മാവേലി എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി.

സഹോദരന്റെ വീട്ടിലും ഗ്രീൻ സ്റ്റാർ ക്ലബ്ബിലും സന്ദർശനം നടത്തിയ രോഗി മാർച്ച് 13ന് കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുകയും ചെയ്തു. ഏരിയാലിലെ ബാർബർ ഷോപ്പിലെത്തി മുടി മുറിച്ച ശേഷം ആസാദ് നഗറിലെ സുഹൃത്തിനെ കാണാനും പോയി. അന്ന് ഉച്ചയ്ക്ക് ജുമാ മസ്ജിദിൽ നിസ്കരിച്ച ശേഷം സിപിസിആർഐക്ക് എതിർവശത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. എസ്ബിഐ ബാങ്കിൽ പോയ രോഗി അന്നേ ദിവസം ഗ്രീൻ സ്റ്റാർ ക്ലബ്ബിലെത്തി.

മാർച്ച് 14ന് മഞ്ഞത്തടുക്കയിൽ നടന്ന വിവാഹത്തിലും അടൂരിൽ നടന്ന വിവാഹ സൽക്കാരത്തിലും പങ്കെടുത്ത ഇയാൾ അന്നേ ദിവസം രാത്രി പെട്രോൾ പമ്പിലും പോയിരുന്നു. മാർച്ച് 15ന് മഞ്ഞത്തടുക്കയിൽ നടന്ന വിവാഹ സൽക്കാരത്തിലും ഇയാൾ പങ്കെടുത്തിരുന്നു. മാർച്ച് 16ന് ഒരു പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തുശേഷം കുളങ്ങരയിൽ തൊട്ടിൽ കെട്ടൽ ചടങ്ങിലും പങ്കെടുത്തു. മാർച്ച് 19നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ഇത്രയും വിവരങ്ങൾ മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞതെന്നും ഇത് അപൂർണമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നാണ് രോഗി അവകാശപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.