തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ തിരിച്ചെത്തിക്കുക മുൻഗണനാ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കായി നോർക്കയുടെ വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിരുന്നു. ബുധനാഴ്ച ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിൽ ഇന്നു വരെ 94483 പേർ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 30576 പേർ കർണാടകയിൽ കഴിയുന്ന മലയാളികളാണ്. തമിഴ്നാട്ടിൽ കഴിയുന്ന 29189 പേരും മഹാരാഷ്ട്രയിൽ കഴിയുന്ന 13113 പേരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു.
Read More: ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് തിരിച്ചുവരാം; നോർക്ക രജിസ്‌ട്രേഷൻ ഇന്നുമുതൽ
കേരളത്തിൽ നിന്ന് താൽക്കാലികമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോവുകയും ലോക്ക്ഡൗണിനെത്തുടർന്ന് അവിടെ അകപ്പെടുകയും ചെയ്തവരെ തിരിച്ചെത്തിക്കുന്നതിന് മുൻഗണന നൽകും. ഗർഭിണികൾ, വിദ്യാർത്ഥികൾ, പ്രായമായവർ തുടങ്ങിയവർക്കും മുൻഗണന നൽകും. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ വീടുകളുള്ളവരും സ്ഥിര താമസം നടത്തുന്നവരും നാട്ടിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ പുനഃപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ സ്ഥിര താമസ സൗകര്യമുള്ളവർ ബന്ധുക്കളെ കാണുന്നതിനുള്ള അവസരമായി കണ്ട് നാട്ടിലേക്ക് വരേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറും
നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ആരംഭിച്ച രജിസ്ട്രേഷൻ സംവിധാനത്തിൽ 201 രാജ്യങ്ങളിൽ നിന്നുള്ള 3,53,468 പേർ ഇതുവരെ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. രജിസ്റ്റർ ചെയ്തവരുടെ പട്ടിക മുൻഗണനാ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നുണ്ട്.
Read More: പ്രവാസികളുടെ തിരിച്ചുവരവ്: എംബസികൾ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണനാ പട്ടിക കേന്ദ്ര സർക്കാരിനും അതത് രാജ്യങ്ങളിലെ എംബസികൾക്കും കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ മുൻഗണന അനുസരിച്ച് ആളുകളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാരിന് തയ്യാറാക്കാൻ സാധിക്കും. ലിസ്റ്റ് മുഴുവൻ കേന്ദ്രസർക്കാരിന് കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ് ട്രെയിൻ വേണമെന്ന് സംസ്ഥാന സർക്കാർ
അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് ബസ് മാർഗം തിരിച്ചയക്കുന്നത് അപ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ തിരിച്ചെത്തിക്കാൻ സ്പെഷ്യൽ നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. 3.6 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ബംഗാൾ, ആസാം, ഡിഷ, യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതലും. ഇത്രയും ദൂരം ബസ് യാത്ര അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാന്‍ അനുമതി; നിബന്ധനകള്‍ ഇവയാണ്
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ബുധനാഴ്ച അനുമതി നൽകിയിരുന്നു. എന്നാൽ ബസുകളിൽ മാത്രമേ യാത്ര അനുവദിക്കൂവെന്നും കേന്ദ്രത്തിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് ദീർഘ ദൂര യാത്ര നടത്തേണ്ടി വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക നോൺ സ്റ്റോപ് ട്രെയിൻ വേണമെന്ന് സംസ്ഥാന സർക്കാർ അവശ്യപ്പെട്ടത്.