തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചകൾ സമ്പൂർണ അവധി ദിവസമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കടകളും മറ്റു സ്ഥാപനങ്ങളും ഞായറാഴ്ച തുറക്കാൻ പാടില്ല. വാഹനങ്ങൾ പുറത്തിറങ്ങുന്നതിനും ഞായറാഴ്ച വിലക്കുണ്ടാവും.

കോവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കേന്ദ്രസർക്കാർ ഈ മാസം 14 വരെ നീട്ടിയിരുന്നു. ഇതിനൊപ്പം കോവിഡ് വ്യാപനം കുറഞ്ഞ ഗ്രീൻ സോൺ ജില്ലകളിൽ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചത്.

പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ ഹോട്ട് സ്പോട്ടുകൾ

നിലവിൽ സംസ്ഥാനത്ത് നഗരസഭകളിൽ വാർഡ് അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നത്. പഞ്ചായത്തുകൾ മുഴുവനായാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇനിമുതൽ പഞ്ചായത്തുകളിലും വാർഡ് അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ അഥവാ കണ്ടെയ്ൻമെനറ് സോണുകൾ പ്രഖ്യാപിക്കുക എന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് ബാധിതമേഖലയായ വാർഡും സമീപ വാർഡുകളുമാണ് കണ്ടെയ്ൻമെനറ് സോണുകളായി പ്രഖ്യാപിക്കുക

സംസ്ഥാനത്തെ പൊതു നിയന്ത്രണങ്ങൾ

  • പൊതുഗതാഗതം അനുവദിക്കില്ല, സ്വകാര്യ വാഹനങ്ങൾക്ക് ഉപാധികളോടെ യാത്ര ചെയ്യാം.
  • നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർ മാത്രം. ഹോട്ട്സ്പോട്ടിൽ അതും അനുവദിക്കില്ല.
  • ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം. പിൻസീറ്റിൽ ആൾ പാടില്ല. എന്നാൽ, ജോലി ആവശ്യങ്ങൾക്കായി വനിതകളെ ഓഫീസിലെത്തിക്കുന്നതിന് ഇക്കാര്യത്തിൽ ഇളവ്.
  • ആളുകൾ കൂടുന്ന ചടങ്ങുകളും മറ്റു പരിപാടികളും പാടില്ല.
  • പാർക്ക്, ജിം,മാൾ, സിനിമാ ശാലകൾ അടഞ്ഞു കിടക്കും.
  • മദ്യഷാപ്പുകൾ തുറക്കില്ല.

Read More: മദ്യശാലകൾ തുറക്കില്ല, ഗ്രീൻ സോണിലും ബസ് സർവീസ് ഇല്ല; ഇളവുകൾ വേണ്ടന്നുവച്ച് കേരളം

  • ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ തുറക്കില്ല. ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം.
  • വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനുള്ള വിലക്ക് തുടരും.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷാ നടത്തിപ്പിന് നിബന്ധന പാലിച്ച് തുറക്കാം.
  • ഞായർ പൂർണ ഒഴിവ് ദിവസമായി പ്രഖ്യാപിച്ചു. കടകളും സ്ഥാപനങ്ങളും തുറക്കാൻ പറ്റില്ല. വാഹനങ്ങൾ പുറത്തിറങ്ങുന്നതിനും വിലക്ക്. നാളെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാവുമെങ്കിലും അടുത്ത ഞായറാഴ്ച മുതൽ കർശനമാക്കും.
  • അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെപ്പോലെ പ്രവർത്തിക്കാം. എ,ബി വിഭാഗം ജീവനക്കാർ  50 ശതമാനവും സി,ഡി വിഭാഗം ജീവനക്കാർ 33 ശതമാനവും മാത്രം ഹാജരായാൽ മതി.

ഗ്രീൻ സോണിലെ ഇളവുകൾ

  • ആഴ്ചയിൽ ആറ് ദിവസം കടകൾ തുറക്കാം. പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ.
  • സേവന മേഖല സ്ഥാപനങ്ങൾക്ക് പരമാവധി 50 ശതമാനം ജീവനക്കാരെ വച്ച് ആഴ്ചയിൽ 3 ദിവസം പ്രവർത്തിക്കാം.
  • ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളിൽ ഹോട്ടലുകൾക്ക് പാഴ്സൽ നൽകാം. എന്നാൽ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല.

ഗ്രീൻ, ഓറഞ്ച് സോണുകളിലെ ഇളവുകൾ

  • ഹോട്ട് സ്പോട്ട് ഒഴികെ ഗ്രീൻ സോൺ, ഓറഞ്ച് സോൺ ജില്ലകളിൽ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് കാറുകളിൽ അന്തർ ജില്ലാ യാത്രക്ക് അനുമതി. കാറിൽ ഡ്രൈവർക്കും പരമാവധി രണ്ടുപേർക്ക് യാത്രചെയ്യാം.

Read More: മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്ക് വീടുകളിലെത്താം; ചെയ്യേണ്ടത് ഇതെല്ലാം

  • ചരക്കു വാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണമില്ല.
  • ഒന്നിലധികം നിലകളില്ലാത്ത ചെറുകിട വസ്ത്ര സ്ഥാപനങ്ങൾക്ക് അഞ്ചിൽ  താഴെ ജീവനക്കാരുമായി പ്രവർത്തിക്കാം.
  • അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം. 65 നു മുകളിലുള്ളവരും, 10 വയസിനു താഴെ കുട്ടികളും വീടുകളിൽ കഴിയണം. രാത്രി 7.30നും രാവിലെ ഏഴിനും ഇടയിൽ പുറത്തിറങ്ങുന്നതിന് നിയന്ത്രണം.
  • നിയന്ത്രണങ്ങൾക്ക് വിധേയമായി ടാക്സി വാഹനങ്ങളും യൂബർ പോലുള്ള ഓൺലൈൻ കാബ് സേവനങ്ങളും  അനുവദിക്കും. ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും മാത്രം യാത്രചെയ്യാം.

റെഡ് സോൺ

  • അത്യാവശ്യവും അനുവദനീയമായ കാര്യങ്ങൾക്ക് റെഡ് സോണിൽ വാഹങ്ങൾ ഓടാൻ അനുവദിക്കും.

കണ്ണൂർ, കോട്ടയം ജില്ലകളാണ് സംസ്ഥാനത്ത് റെഡ് സോണിലുള്ളത്.  എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളാണ് ഗ്രീൻ സോണിൽ. കാസറഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് ഓറഞ്ച് സോണിൽ.

Read More: വയനാട് ജില്ല ഓറഞ്ച് സോണില്‍; ഗ്രീന്‍ സോണില്‍ എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.