Latest News

കോവിഡിനെ അതിജീവിച്ച് സഞ്ജുല്‍; ചിത്രങ്ങള്‍ക്കൊപ്പം സൗഹൃദം പൂക്കുന്ന കാലം

മാതാപിതാക്കളും ഭാര്യയും കഴിയുന്ന സ്വന്തം വീടിന് അല്‍പ്പം അകലെയുള്ള കുടുംബവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് യുവാവിപ്പോള്‍. ഇവിടേക്കു വീട്ടില്‍നിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കും

കോഴിക്കോട്: ഈ നിര്‍ബന്ധിത അടച്ചിടല്‍ കാലത്ത് സമയം ചെലവഴിക്കാന്‍ പലവിധ പരീക്ഷണങ്ങളാണ് ഒരോരുത്തരും നടത്തുന്നത്. എന്നാല്‍ വീട്ടിനുള്ളിലുള്ളവരോടു പോലും സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയാത്തവര്‍ എന്തു ചെയ്യും? അതിനുത്തരമായി ‘വര തലയില്‍ തെളിഞ്ഞ’ കഥ പറയുകയാണു കോവിഡ്-19 രോഗം ഭേദമായി ക്വാറന്റൈനില്‍ കഴിയുന്ന യു.കെ. സഞ്ജുല്‍ എന്ന യുവാവ്.

ഈ കൊറോണക്കാലമുണ്ടായിരുന്നില്ലെങ്കില്‍ കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ സ്വദേശിയായ സഞ്ജുലിനുള്ളിലെ ചിത്രകാരന്‍ ഒരുപക്ഷെ ഇത്ര സജീവമായി പുറത്തെത്തുമായിരുന്നില്ല. രോഗം ഭേദമായതിനെത്തുടര്‍ന്നുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ പകുതി പിന്നിടുമ്പോള്‍ മനോഹരമായ അനവധി ചിത്രങ്ങളാണു സഞ്ജുല്‍ പൂര്‍ത്തിയാക്കിയത്. എങ്ങോട്ടും പോകാന്‍ കഴിയാത്ത ഈ സമയം ചിത്രരചന പഠിച്ചെടുത്ത് വരയ്ക്കാനുള്ള അവസരമായി മാറ്റുകയാണെന്നു സഞ്ജുല്‍ പറയുന്നു. യൂട്യൂബിലും മറ്റും നോക്കിയാണു പഠനം.

Read More: ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍

”ചിത്രരചന പഠിച്ചിട്ടില്ല. ഡിഗ്രി പഠനം പൂര്‍ത്തിയായതില്‍ പിന്നെയാണു വരയ്ക്കണമെന്ന മോഹം ഉള്ളില്‍ മുളപൊട്ടിയത്. എന്നാല്‍ സജീവമായി ചിത്രങ്ങള്‍ വരച്ചിരുന്നില്ല.
മുന്‍പ് വിദേശത്തുനിന്ന് അവധിയില്‍ വരുമ്പോള്‍ വല്ലപ്പോഴും വരയ്ക്കാറുണ്ടായിരുന്നു. അതൊരു സമയം ചെലവഴിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ മാത്രമായിരുന്നു. തുടര്‍ച്ചയായി ഇരുന്ന് ഇത്രയധികം ചിത്രങ്ങള്‍ വരയ്ക്കുന്നത് ഇതാദ്യം. അക്രിലിക് പെയിന്റിലാണു വര,” ഇരുപത്തിയേഴുകാരനായ സഞ്ജുല്‍ പറയുന്നു.

കോവിഡ്-19 ബാധിച്ച് മാര്‍ച്ച് 22നാണു സഞ്ജുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 17 ദിവസത്തിനൊടുവില്‍ രോഗം ഭേദമായി ഏപ്രില്‍ ഏഴിന് ആശുപത്രി വിട്ടു. മാതാപിതാക്കളും ഭാര്യയും കഴിയുന്ന സ്വന്തം വീടിന് അല്‍പ്പം അകലെയുള്ള കുടുംബവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് യുവാവിപ്പോള്‍. ഇവിടേക്കു വീട്ടില്‍നിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കും.

Read More: ഈ നാട് അഭിമാനം; കൊറോണയെ അതിജീവിച്ച മുഹമ്മദ് ഫറാസ് പറയുന്നു

ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ സഞ്ജുല്‍ അഞ്ചു വര്‍ഷമായി ഇറ്റാലിയന്‍ ആഡംബര ഉല്ലാസക്കപ്പലിലെ പെയിസ്ട്രി ഷെഫാണ്. സഞ്ജുല്‍ ജോലി ചെയ്യുന്ന കപ്പല്‍ ബ്രസീല്‍-അര്‍ജന്റീന യാത്രയുടെ ഭാഗമായി ബ്രസീലിലെ സാന്റോസ് തുറമുഖത്ത് എത്തുമ്പോള്‍ ലോകം മുഴുവന്‍ വൈറസിന്റെ പിടിയിലമരുന്ന സാഹചര്യമായിരുന്നു. ഇതു മനസിലാക്കിയ സഞ്ജുല്‍ മാര്‍ച്ച് 20നു സാന്റോസില്‍നിന്ന് ദുബായ് വഴി പെട്ടെന്നു നാട്ടിലേക്കു തിരിക്കുകയായിരുന്നു. 21നു പുലര്‍ച്ചെ ഡല്‍ഹിയിലാണു സഞ്ജുല്‍ വിമാനമിറങ്ങിയത്. ഈ സമയത്ത് പനിയുണ്ടായിരുന്നില്ല.

ഇന്ത്യയിലേക്കുള്ള രാജ്യാന്തര സര്‍വീസുകളുടെ അവസാന ദിവസമായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ഏതാണ്ട് ഒരു ദിവസമെടുത്താണു വൈദ്യപരിശോധന പൂര്‍ത്തിയാക്കി ആഭ്യന്തര വിമാനത്താവളത്തിലെത്താനായത്. ഇവിടെനിന്ന് 22നു കരിപ്പൂരിലെത്തുമ്പോഴേക്കും സഞ്ജുലിനു പനി ബാധിച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

കപ്പലില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും ദുബായ് വഴിയുള്ള നീണ്ട വിമാന യാത്രയാവാം അസുഖം നല്‍കിയതെന്നുമാണു സഞ്ജുല്‍ കരുതുന്നത്. അതേസമയം, താന്‍ പോന്നശേഷം കപ്പലിലെ ചിലര്‍ക്ക് അസുഖം സ്ഥിരീകരിച്ചിരുന്നുവെന്നും ഇവര്‍ നിലവില്‍ രോഗമുക്തരാണെന്നും യുവാവ് പറഞ്ഞു.

പനിക്കൊപ്പം വരണ്ട ചുമ, മൂക്കടപ്പ്, ചെവിയടപ്പ് എന്നിവയായിരുന്നു സഞ്ജുലിന് ആദ്യ ഘട്ടത്തില്‍ അനുഭവപ്പെട്ട ലക്ഷണങ്ങള്‍. പനി മൂന്നു ദിവസം കൊണ്ട് മാറി. അതേസമയം, കോവിഡ്-19 പോസിറ്റീവാണെന്ന് അറിഞ്ഞതോടെ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സഞ്ജുല്‍ പറഞ്ഞു.

” രോഗം എങ്ങനെയാണ് ശരീരത്തെ ബാധിക്കുകയെന്ന് അറിയില്ല. അതോടൊപ്പം വീട്ടുകാരെ കാണാനും കഴിയുന്നില്ല. ഇതോടെ പേടിച്ചു. എന്നാല്‍ ആശുപത്രിയില്‍ മികച്ച ചികിത്സയും പരിചരണവും ലഭിച്ചു. ഡോക്ടര്‍മാര്‍ കൂടെക്കൂടെ വന്നു പരിശോധിക്കുമായിരുന്നു. ഷീന ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ ഫോണിലൂടെ ആത്മവിശ്വാസം തന്നു. വീട്ടുകാരും വിളിച്ച് ധൈര്യം നല്‍കി. ചികിത്സയുടെ ഭാഗമായി ലഭിച്ച സൈക്യാട്രിക് കൗണ്‍സിലിങ്ങും ഗുണം ചെയ്തു. ക്ലീനിങ് ജീവനക്കാര്‍ അടുപ്പത്തോടെ വന്നു സംസാരിച്ചു. ഇതിനിടെ രോഗം സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ നോക്കി കുറേ കാര്യങ്ങള്‍ മനസിലാക്കി. വൃത്തിയുള്ള പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. 17 ദിവസത്തെ ചികിത്സാ കാലയളവ് വായനയ്ക്കുള്ള സമയമാക്കാനും കഴിഞ്ഞു. ക്വാറന്റൈറില്‍ കഴിയുമ്പോഴും കൊറോണ സെല്ലില്‍നിന്നും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്,” സഞ്ജുല്‍ പറഞ്ഞു.

രോഗം നേരിടുന്നതിനു തനിക്കു ലഭിച്ച ആത്മവിശ്വാസം ഇപ്പോള്‍ മറ്റുള്ളവരിലേക്കു പകരുകയാണു സഞ്ജുല്‍. തനിക്ക് രോഗം മാറിയത് സുഹൃത്തുക്കളില്‍നിന്നും മറ്റുമറിഞ്ഞ വിദേശമലയാളികളാണു സഞ്ജുലിനെ വിളിക്കുന്നത്.

”യുഎസ്, കാനഡ, ദുബായ് തുടങ്ങിയ വിദേശസ്ഥലങ്ങളില്‍ രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനില്‍ കഴിയുന്ന പലരും തന്നെ ഫോണില്‍ വിളിക്കുന്നു. എന്റെ അനുഭവം മനസിലാക്കാനാണു വിളി. പേടിയോടെയാണു പലരും വിളിക്കുന്നത്. ഇവര്‍ക്കു ധൈര്യം പകരാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെ നേരിടാന്‍ കഴിയുമെന്നും പേടിക്കേണ്ട കാര്യമില്ലെന്നും നന്നായി ഭക്ഷണം പഴങ്ങളും കഴിക്കാനും അവരോട് ഉപദേശിക്കുന്നു,” സഞ്ജുല്‍ പറഞ്ഞു.

ചിത്രങ്ങള്‍ക്കൊപ്പം സൗഹൃദങ്ങളും പൂക്കുന്ന മനോഹര കാലമാണ് സഞ്ജുലിനിത്.
കൊറോണ തന്നെ പലതും പഠിപ്പിച്ചുവെന്ന് സഞ്ജുല്‍ പറയുന്നു. ”ഇതൊരു പുതിയ ജീവിതമാണ്. നമ്മളെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാനായി. പത്തും പതിനഞ്ചും വര്‍ഷങ്ങളായി ബന്ധമില്ലാതിരുന്ന സുഹൃത്തുക്കളില്‍ പലരും നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. ഈ വിഷമ സാഹചര്യത്തില്‍ അവര്‍ തന്ന പിന്തുണയുടെ അനുഭവം വളരെ മധുരമുള്ളതാണ്,” സഞ്ജുല്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus recovery stories sanjul kozhikode

Next Story
പോക്സോ കേസ്: കണ്ണൂരിലെ ബിജെപി നേതാവ് റിമാൻഡിൽdetention center,തടങ്കല്‍പാളയം,കേരള സര്‍ക്കാര്‍,കേരള സര്‍ക്കാര്‍ തടങ്കല്‍ പാളയം നിര്‍മിക്കുന്നു,വിദേശികള്‍,അനധികൃത കുടിയേറ്റക്കാര്‍,CAA,NRC, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com