കോഴിക്കോട്: മുപ്പത് രോഗികള്‍, ഇതില്‍ എണ്‍പതിനുമേല്‍ പ്രായമുള്ള രണ്ടുപേര്‍, അഞ്ച് ഗര്‍ഭിണികള്‍, ഒരു പ്രസവം… ഇങ്ങനെ സംഭവബഹുലമാണു പരിയാരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 കെയര്‍ സെന്റര്‍. അക്ഷരാര്‍ഥത്തില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ‘യുദ്ധമുറി’ എന്ന് ഈ ആശുപത്രിയെ വിശേഷിപ്പിക്കാം.

ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ തുടങ്ങിയതാണു മഹാവിപത്തിനെ നേരിടാനുള്ള പരിയാരം മെഡിക്കല്‍ കോളജിലെ തയാറാടെപ്പുകള്‍. ഈ ഒരുക്കം വലിയ ഗുണം ചെയ്തുവെന്നതാണു ചികിത്സാ ഫലം വ്യക്തമാക്കുന്നത്.

പതിനൊന്ന് കണ്ണൂര്‍ സ്വദേശികളും 18 കാസര്‍ഗോഡുകാരും ഒരു മാഹി സ്വദേശിയുമാണു പരിയാരത്ത് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. നിലവില്‍ ചികിത്സയിലുള്ളത് 13 പേര്‍. ഇവരില്‍ 12 പേര്‍ വാര്‍ഡുകളിലും ഒരാള്‍ ഐസിയുവിലുമാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരം. മരണം ഒരാളില്‍ ഒതുക്കാനായി. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശി മെഹ്‌റൂഫാണു മരിച്ചത്.

രോഗം ഭേദമായ കാസര്‍ഗോഡ് കുമ്പള സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരി സിസേറിയനിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതും പരിയാരത്തെ കോവിഡ് ചികിത്സയിലെ അപൂര്‍വതകളിലൊന്നാണ്. ഇത്തരത്തിലുള്ള (സി-സെക്ഷന്‍) കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും സംഭവമാണിത്.

തയാറെടുപ്പ്, കോവിഡ് ആശുപത്രി

ചൈനയില്‍നിന്ന് രോഗം പുറത്തേക്കുവന്നതോടെ ഫെബ്രുവരിയില്‍ പരിയാരത്ത് കോവിഡ്-19 ചികിത്സാ വാര്‍ഡുകള്‍ കണ്ടെത്താന്‍ ആരംഭിച്ചിരുന്നതായി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”വൈറസിനെ എങ്ങനെ നേരിടണമെന്ന അറിവുകള്‍ രേഖരിക്കുകയും രോഗികളെ പരിചരിക്കണമെന്നതു സംബന്ധിച്ച തയാറെടുപ്പുകളും നടത്തി. തുടര്‍ന്ന്, അപ്രതീക്ഷിതമായി രോഗി എത്തിയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച മോക്ക് ഡ്രില്ലും നടത്തി. ഇതുവഴി ചികിത്സാ പ്രക്രിയയുടെ ഓരോ ഘട്ടവും എത്രത്തോളം കാര്യക്ഷമാണെന്നും എന്തെങ്കിലും പിഴവുണ്ടോയെന്നും വിലയിരുത്താന്‍ നേരത്തെ തന്നെ കഴിഞ്ഞു,” ഡോ. സുദീപ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ കോഴിക്കോട്, പരിയാരം, എറണാകുളം മെഡിക്കല്‍ കോളജുകളാണു കോവിഡ് ഹോസ്പിറ്റലുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇതേത്തുടര്‍ന്ന് പരിയാരത്ത് ബാത്ത് റൂം സൗകര്യമുള്ള 70 വ്യക്തിഗത ഐസൊലേഷന്‍ മുറികളാണു സജ്ജമാക്കിയത്. ഇത്രയും ഐസൊലേഷന്‍ മുറികള്‍ സംസ്ഥാനത്ത് മറ്റൊരിടത്തുമില്ല. വാര്‍ഡില്‍ 200 കിടക്കകളും ഒരുക്കി.

അടിയന്തര സാഹചര്യം നേരിടുന്നതിനു സമീപത്തെ ആയുര്‍വേദ കോളേജില്‍ കിടക്ക സൗകര്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ഉള്‍പ്പെടെ ആയിരം കിടക്ക സൗകര്യം ഇപ്പോഴുണ്ട്. 25 ഐസിയു കിടക്കകള്‍ ആദ്യഘട്ടത്തില്‍ തന്നെ മാറ്റിവച്ചിരുന്നു. ഇപ്പോള്‍ പോസിറ്റീവ് രോഗികള്‍ക്കു മാത്രമായി 14 കിടക്കകളുള്ള ഒരു ഐസിയു ഉണ്ട്. ഇതുകൂടാതെ കോവിഡ് രോഗികളുടെ സിസേറിയന്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി പ്രത്യേക തിയറ്ററും സജ്ജമാക്കി.

മറ്റു ചികിത്സാ വിഭാഗങ്ങളില്‍നിന്ന് വേര്‍തിരിച്ചാണു കോവിഡ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഹോസ്പിറ്റലിന്റെ പിറകുവശത്തുകൂടിയാണു കോവിഡ് രോഗികളെ പ്രവേശിപ്പിക്കുക. പ്രത്യേക സ്ഥലത്തുവച്ച് രോഗികളെ പരിശോധിച്ച് തൊണ്ടയിലെ ശ്രവം പരിശോധനയ്‌ക്കെടുക്കേണ്ടതാണോ, വീട്ടുനിരീക്ഷണത്തില്‍ വിടേണ്ടതാണോ, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണോ എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കും. അഡ്മിറ്റാക്കേണ്ട രോഗികള്‍ക്കായി ഒരു നില പ്രത്യേകം നീക്കിവച്ചിട്ടുണ്ട്. ഇവിടേക്കു പ്രത്യേക ലിഫ്റ്റ് വഴിയാണു രോഗികളെ കൊണ്ടുപോകുക. രോഗികള്‍ വന്ന വഴിയില്‍ തൊട്ടുപിന്നാലെ ശുചീകരണത്തൊഴിലാളികള്‍ അണുനശീകരണം നടത്തും. രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമ്പോഴും ഇതേ രീതി തുടരുന്നു.

ഇവര്‍ മുന്നണിപ്പോരാളികള്‍

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍ റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മനോജ്, ഡെപ്യൂട്ടി സൂപ്രണ്ട് (ക്വാഷ്വാലിറ്റി) ഡോ.വിമല്‍, ആര്‍എംഒ ഡോ. സരിന്‍, കോവിഡ് കോര്‍ഡിനേറ്ററും കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. എ കെ ജയശ്രീ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബിന്ദു, ഡോ. ആരിഫ തുടങ്ങിയവര്‍ ഉള്‍പ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് ടീമാണു ചികിത്സയ്ക്കു ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ കൂടാതെ നേരാം വണ്ണം ഉണ്ണാതെ, ഉറങ്ങാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും നഴ്‌സിങ് അസിസ്റ്റന്റുമാരും ക്ലീനിങ് ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍. ഡോക്ടര്‍മാരായ അരുണ്‍ ശ്രീ, ഡോ. ഗണേഷ് നല്ലാര്‍, രേഷ്മ, അഭിഷേക് എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.

മെഡിക്കല്‍ സംഘം

”ഡോക്ടര്‍മാരും നഴ്‌സുമാരും നഴ്‌സിങ് അസിസ്റ്റന്റുമാരും ക്ലീനിങ് ജീവനക്കാരും ഉള്‍പ്പെടെ മുന്നൂറ്റി അന്‍പതോളം പേരടങ്ങുന്ന സംഘമാണു മഹാവിപത്തിനെ നേരിടാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നത്. മൂന്നു ഷിഫ്റ്റായിട്ടായിരുന്നു പ്രവര്‍ത്തനം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറ്റവും മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. പിപിഇ കിറ്റുകളും മാസ്‌കുകളുമൊക്കെ ആവശ്യത്തിന് സംഭരിച്ചുവച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പ്രതിരോധ ഗുളികകള്‍ മുന്‍കരുതലായി സൗജന്യമായി നല്‍കി,” ഡോ.സുദീപ് പറഞ്ഞു.

14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ ആരോഗ്യപ്രവര്‍ത്തകരെ 14 ദിവസത്തെ ക്വാറന്റൈനില്‍ വിടും. ഇവരെ സൗജന്യമായി താമസിപ്പിക്കുന്നതിനു പരിയാരത്ത് മൂന്ന് ലോഡ്ജും പയ്യന്നൂര്‍ എടാട്ട് ഒരു ലോഡ്ജും കലക്ടര്‍ ഏറ്റെടുത്ത് മെഡിക്കല്‍ സൂപ്രണ്ടിനു കൈമാറിയിരുന്നു. 14 ദിവസം നിര്‍ബന്ധമായും വീട്ടിലിരിക്കുമെന്ന് ഉറപ്പുള്ളവരെ അതിനും അനുവദിച്ചു. ഈ കാലയളവ് കഴിയുന്നതോടെ ഇവരെ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കും.

പ്രതീകാത്മക ചിത്രം

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരേ തരത്തിലുള്ള വ്യക്തിഗത സുരക്ഷാ സംവിധാന (പിപിഇ)മാണു ലഭ്യമാക്കിയത്. കൂടാതെ പരീക്ഷണാര്‍ഥം ചില സുരക്ഷാ സംവിധാനങ്ങള്‍ ആശുപത്രി നിര്‍മിച്ചിട്ടുമുണ്ട്. ഇതിലൊന്നാണു പിപിഇക്കു പുറമെ മുഖം പൂര്‍ണമായി മറയ്ക്കുന്ന ആവരണം. കട്ടിയുള്ള ഗ്ലാസ് പേപ്പര്‍ കൊണ്ടാണ് ഇതു നിര്‍മിച്ചതെന്നാല്‍ രോഗിയില്‍നിന്ന് ശ്രവം ശേഖരിക്കുമ്പോള്‍ ഒരിക്കലും മുഖത്താവില്ല. ഇതുകൂടാതെ ശ്രവം ശേഖരിക്കാന്‍ എറണാകുളത്ത് ആവിഷ്‌കരിച്ച കിയോസ്‌ക് കുറവുകള്‍ പരിഹരിച്ച് നിര്‍മിച്ചുവരികയാണ്.

ചികിത്സ, ഭക്ഷണം

ഓരോ രോഗിയുടെയും ചികിത്സ തീരുമാനിക്കുന്നതു മെഡിക്കല്‍ ബോര്‍ഡാണ്. എല്ലാ ദിവസും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് എല്ലാ കേസും ചര്‍ച്ച ചെയ്യും. മാത്രമല്ല സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്റുമാരെ ബോര്‍ഡിലേക്കു വിളിച്ചുവരുത്തും. ജനറല്‍ വാര്‍ഡുകളിലും ഐസൊലേഷന്‍ മുറികളിലും ഐസിയുവിലും ഏറ്റവും മികച്ച പരിചരണമാണു രോഗികള്‍ക്കു നല്‍കുന്നത്. രോഗത്തിന്റെ തീവ്രത അനുസരിച്ച് എ,ബി,സി കാറ്റഗറികളായാണു രോഗികളെ തിരിക്കുന്നത്.

പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായാല്‍ ജനറല്‍ വാര്‍ഡിലേക്കു മാറ്റും. കൂടുതല്‍ പരിചരണം ആവശ്യമുള്ളവരെ ഐസിയുവില്‍ പ്രവേശിപ്പിക്കും. ഡിസ്ചാര്‍ജ് ആകുന്നവരെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കും. ഇവരോട് 14 അല്ലെങ്കില്‍ 28 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെടും. രോഗികള്‍ക്കുള്ള മരുന്നും ആശുപത്രി ചെലവുകളും ഭക്ഷണവും പൂര്‍ണമായി സൗജന്യമാണ്.

സാമൂഹ്യ പങ്കാളിത്തം

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നതു സാമൂഹ്യപങ്കാളിത്തമാണ്. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തര്‍ക്കും കമ്യൂണിറ്റി കിച്ചണില്‍നിന്നാണു സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നത്. രോഗികള്‍ക്ക് ഈസ്റ്ററിന് ചിക്കന്‍ ബിരിയാണിയാണു നല്‍കിയത്. വിഷുദിനമായ ഇന്ന് ഉച്ചയ്ക്കും ബിരിയാണിയാണു നല്‍കിയത്. ഇതുകൂടാതെ അഡ്മിനിസ്‌ട്രേഷന്‍ ടീമിന്റെ വക പായസവുമുണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം

ആളുകള്‍ നല്‍കുന്ന പണമായും സാധനങ്ങളായും നല്‍കുന്ന സംഭാവനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്താലുമാണു കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ മാസ്‌ക്, പിപിഇ കിറ്റ്, ക്ലീനിങ് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയും ധാരാളം സംഭാവനയായി ലഭിക്കുന്നുണ്ട്. ഇന്നലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീമതി ലക്ഷം രൂപയുടെ എന്‍-95 മാസ്‌കുകള്‍ സംഭാവനയായി നല്‍കി.

ജാഗ്രത തുടരണം

ഏതു സാഹചര്യവും നേരിടാനുള്ള ആത്മവിശ്വാസം കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ഇപ്പോഴുണ്ട്. അതേസമയം, കാര്യങ്ങള്‍ നിയന്ത്രണവിധേയമായെന്നു പറയാമെങ്കിലും കോവിഡായതിനാല്‍ അത്ര നിസാരമായി തള്ളാനാവില്ലെന്നാണു ഡോ. സുദീപിന്റെ അഭിപ്രായം. ഇതേ പോലെ കുറേ മാസങ്ങള്‍ ജാഗ്രത പുലര്‍ത്തിയേ മതിയാവൂയെന്ന് അദ്ദേഹം പറയുന്നു.

”കോവിഡ് ചികിത്സയില്‍ കേരളമാണു ലോകത്തിനു മാതൃക. ഇതേപോലൊരു ഉദാഹരണം ലോകത്ത് എവിടെയുമില്ല. അമേരിക്ക പോലും അന്ധാളിച്ചുനില്‍ക്കുകയാണ്. ഇവിടെ പ്രതിരോധം വിജയിക്കാനുള്ള കാരണം ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം മാത്രമല്ല, സവിശേഷമായ സാമൂഹിക, സാമ്പത്തിക സാഹചര്യവും വിദ്യാഭ്യാസ നിലവാരവുമുള്ളതിനാലാണ്. ഇപ്പോഴത്തെ സാഹചര്യം തുടരാന്‍ വളരെയധികം അധ്വാനിക്കാനുണ്ട്. എങ്കില്‍ മാത്രമേ വിജയം കൈവരിച്ചുവെന്ന് പറയാനാവൂ. ഗള്‍ഫില്‍നിന്നു തിരിച്ചുവരുന്നവരെ നമുക്ക് സ്വീകരിച്ചേ മതിയാകൂ. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതൊക്കെയാണ് ഇനി നേരിടാനുള്ള വെല്ലുവിളികള്‍,” ഡോ. സുദീപ് പറഞ്ഞു.

മെഡിക്കല്‍ രംഗത്ത് ഡോ. സുദീപിന്റെ സേവനത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. തന്റെ പ്രൊഫഷണല്‍ ജീവിതത്തിനിടയില്‍ ഇങ്ങനെയൊരു പ്രതിസന്ധി അദ്ദേഹം നേരിട്ടിട്ടില്ല. ഒന്നര മാസമായി ഒരു അവധി പോലും എടുത്തിട്ടില്ല. ഞായറാഴ്ച ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തുന്നുണ്ട്. വിഷുദിനമായ ഇന്നും പ്രഭാതഭക്ഷണം കഴിഞ്ഞ് ആശുപത്രിയില്‍ എത്തി. ഇനി ഇതൊക്കെ ഒന്ന് അടങ്ങിയിട്ടേ വിശ്രമമുള്ളൂവെന്നാണു ഡോ. സുദീപിന്റെ പക്ഷം.

”ഡോക്ടര്‍ എന്ന നിലയ്ക്ക് ഏറ്റവും കഷ്ടപ്പാടുണ്ടാകുമ്പോഴും ഏറ്റവും സവിശേഷാനുകൂല്യങ്ങള്‍ സമൂഹം നല്‍കുന്നുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍, എവിടെയെങ്കിലും കാത്തിരിക്കേണ്ടി വരുന്നില്ലല്ലോ. ആ പദവിക്കാണല്ലോ ജനം അങ്ങനെയൊരു ബഹുമാനം തരുന്നത്. അപ്പോള്‍ തിരിച്ചുനല്‍കാനും നാം ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ പിന്നെ ഡോക്ടര്‍ എന്നു പറഞ്ഞ് ഇത്രയും നാള്‍ ജീവിച്ചതില്‍ എന്താണ് അര്‍ഥം,” ഡോ. സുദീപ് ചോദിക്കുന്നു.

ഇങ്ങനെയൊരു വിഭാഗത്തിന്റെ അര്‍പ്പണബോധത്തിന്റെയും അതിനൊപ്പം നില്‍ക്കുന്ന സമൂഹത്തിന്റെയും പിന്തുണയിലാണു കേരളം ലോകത്തിന് അതിജീവനത്തിന്റെ പുതുമാതൃക സൃഷ്ടിക്കുന്നത്. കേരളത്തെ പ്രതിസന്ധിയില്‍നിന്ന് പൊക്കിയെടുക്കാന്‍ ഓരോ കാലത്തും ഓരോ രക്ഷകരുണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ അത് മത്സ്യത്തൊഴിലാളികളായിരുന്നെങ്കില്‍ ഇത്തവണയത് ആരോഗ്യപ്രവര്‍ത്തകരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.