തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഇത്തവണ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് കാരണം വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസ്സമുള്ളതിനാലാണിത്. നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി നിയമ ഭേദഗതി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്തി രാജ്,  മുനിസിപ്പാലിറ്റി നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. ഇതിനായി ഓർഡിനൻസ് ഇറക്കാൻ ഗവർണറെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Also Read: ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് തിരിച്ചുവരാം; നോർക്ക രജിസ്‌ട്രേഷൻ ഇന്നുമുതൽ

നേരത്തേ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായുള്ള വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസ്സമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും. ഇതിന് നിയമ പ്രാബല്യം വരുത്തുന്നതിനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

ശമ്പളം പിടിക്കുന്നതിനും ഓർഡിനൻസ്

ഇതിനൊപ്പം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓർഡിൻസിനായും സംസ്ഥാന സർക്കാർ ശ്രമം ആരംഭിച്ചു. നേരത്തേ ജിവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ, സാലറി കട്ടിനായി ഓർഡിനൻസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയിൽ താങ്ങനാവാത്തതാണെന്നും ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കാൻ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.  സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ആറു ദിവസത്തെ വിഹിതം ആറു മാസം വച്ച് പിടിക്കാനായിരുന്നു സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ ഗവർണറെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്: സംസ്ഥാനത്തു നിന്നുള്ള മറ്റു പ്രധാന വാർത്തകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.