തിരുവനന്തപുരം: കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നു തെലങ്കാന സര്‍ക്കാരിന്റെ പ്രതിനിധിസംഘം. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ നേട്ടം നേരിട്ടറിയാനായി 12 അംഗ പ്രതിനിധി സംഘമാണു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയത്. സംഘം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

മൂന്നു പോസിറ്റീവ് കേസുകളുണ്ടായിട്ടും മറ്റുള്ളവരിലേക്കു രോഗം പകരാതിരുന്നതു കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണെന്നു മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിച്ചു. സംസ്ഥാന, ജില്ല തലങ്ങളില്‍ കണ്‍ട്രോള്‍ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ജനങ്ങള്‍ക്കു ശക്തമായ അവബോധം നല്‍കി.

ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നീ കാര്യങ്ങളും മന്ത്രിയും ഉദ്യോഗസ്ഥരും സംഘത്തിനു വിവരിച്ചു കൊടുത്തു. ഒഡിഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യര്‍ഥിച്ചതായി മന്ത്രി പറഞ്ഞു.

Read Also: കൊറോണ ഭീതി: അമൃതാനന്ദമയി ദർശനം നൽകുന്നത് നിർത്തിവച്ചു

കോവിഡ് 19 രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു തെലങ്കാന ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മിഷണര്‍ ബി. സന്തോഷ് പറഞ്ഞു. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളാണു പിന്തുടരുന്നതെങ്കിലും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പാഠമാണ്. ഇവിടെനിന്നു ലഭിക്കുന്ന അനുഭവം സംബന്ധിച്ച റിപ്പോര്‍ട്ട് തെലങ്കാന ആരോഗ്യ മന്ത്രിക്കു നല്‍കുമെന്നു സംഘം വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ടെത്തിയ സംഘം വിമാനത്താവളത്തിലെ പ്രതിരോധ ഒരുക്കങ്ങള്‍
വിലയിരുത്തി. മന്ത്രിയുമായുള്ള സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്കുശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവ സംഘം സന്ദര്‍ശിച്ചു. ഐസൊലേഷന്‍ വാര്‍ഡ്, സുരക്ഷാ ക്രമീകരണങ്ങള്‍, ചികിത്സ എന്നിവയെല്ലാം സംഘം മനസിലാക്കി. സംഘം നാളെ ആലപ്പുഴ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.