തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി നടക്കേണ്ട  എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ തീരുമാനം.

മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത തല യോഗത്തിലാണ് പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനമായത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾക്കു പഠനവും പരീക്ഷയും ഒഴിവാക്കി സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എട്ട്, ഒൻപതു ക്ലാസുകളിലെയും പരീക്ഷകളും എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നായിരുന്നു കഴിഞ്ഞദിവസവും സർക്കാർ വ്യക്തമാക്കിയിരുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ) ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷിതത്വം കണക്കിലെടുത്താണ് മാർച്ച് 19 മുതൽ 31 വരെ നടത്തേണ്ടിയിരുന്ന എല്ലാ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചതെന്ന് സിഐഎസ്‌സിഇ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read Also: സിബിഎസ്ഇ പരീക്ഷകൾക്കു പിന്നാലെ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം മാർച്ച് 19 മുതൽ 31വരെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പരീക്ഷകളും മാറ്റിവച്ചിരുന്നു. അടുത്തിടെയുണ്ടായ ഡൽഹി കലാപത്തിൽ പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥികൾക്കായുളള പുനഃപരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഈ മാസം അവസാനം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പുതുക്കിയ തീയതി അറിയിക്കുമെന്നാണു സിബിഎസ്ഇ വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.