scorecardresearch

Latest News

കേരളത്തിന് ഇന്ന് ആശ്വാസ ദിനം; കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം, 36 പേര്‍ രോഗമുക്തരായി

നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.

covid case, ie malayalam

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Read Also: Covid-19 Live Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 909 പുതിയ കേസുകൾ, 34 മരണം; ആരോഗ്യ മന്ത്രാലയം

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നിരുന്നു. 274 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 1,86,906 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 4.3 ശതമാനം പോസിറ്റീവായിരുന്നു. Cകഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 909 കേസുകളും 34 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇപ്പോൾ രാജ്യത്ത് 8,346 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 716 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടതായി ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus only two new cases in kerala