കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. മരിച്ചത് കോഴിക്കോട് മാവൂർ സ്വദേശിനിയായി 55 കാരി. ഇവർക്ക് ഹൃദ്രോഗവുമുള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇവരുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം പത്തായി. റിയാദിൽ നിന്ന് ഈ മാസം 20നാണ് ഇവർ ഭർത്താവിനൊപ്പം നാട്ടിലെത്തിയത്.
വിദേശത്ത് നിന്നും നാട്ടിലെത്തിയതിന് ശേഷം രണ്ട് ദിവസം ഇവരും ഭര്‍ത്താവും കോഴിക്കോട് ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു.പിന്നീട് 22 ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും ഇവരെ വീട്ടിലേക്ക് വിടുകയായിരുന്നു. എന്നാല്‍ 25 ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്.
സംസ്ഥാനത്ത് കോവിഡ് രോഗബാധ ഗുരുതരമായി തുടരുകയാണ്. ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ 12 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോൾ കാസർഗോഡ് 10 പേര്‍ക്കും കണ്ണൂര്‍ 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.