കോട്ടയം: കേരളത്തിൽ കോവിഡ് -19 രോഗമുക്തി നേടി വയോധിക ദമ്പതികളും. കോവിഡ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് രോഗവിമുക്തരായതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷെെലജ അറിയിച്ചു. പത്തനംതിട്ട സ്വദേശികളാണ് ഇരുവരും. ഇവരുടെ കുടുംബത്തിൽ അഞ്ച് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതിൽ മൂന്നു പേർക്ക് അസുഖം നേരത്തേ തന്നെ ഭേദമായതാണ്. ലോകത്ത് തന്നെ 60 വയസിന് മുകളിലുള്ള കോവിഡ് ബാധിച്ചവരെ വലിയ വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിലാണ് ഉൾപെടുത്തിയിരിക്കുന്നത്.

Also Read: നിങ്ങളുടെ കുടുംബങ്ങൾ ഇവിടെ സുരക്ഷിതർ; പ്രവാസികളോട് മുഖ്യമന്ത്രി

പ്രായാധിക്യം കാരണമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് തോമസിനും മറിയാമ്മയ്ക്കും കോവിഡ്-19ഉം ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്ന് വന്ന കുടുംബാംഗങ്ങളില്‍ നിന്ന് രോഗം പിടിപെട്ടാണ് തോമസും മറിയാമ്മയും ചികിത്സയിലായതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മാര്‍ച്ച് 8നാണ് വയോധിക ദമ്പതികളടക്കം കുടുംബത്തിലെ അഞ്ചുപേർക്കും കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ദമ്പതികള്‍ക്ക് പരമാവധി ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രായാധിക്യത്തിന്റെ അവശതകളോടൊപ്പം ഇവർക്ക് പ്രമേഹവും രക്ത സമ്മർദ്ദവുമുള്ളതായി കണ്ടെത്തിയിരുന്നു.

Also Read: കോവിഡ്-19: രാജ്യത്ത് ഇതുവരെ സാമൂഹ്യവ്യാപനമില്ല, ആശ്വാസം നൽകുന്ന കണക്കുകൾ ഇങ്ങനെ

തോമസിന് നെഞ്ചുവേദനയുണ്ടെന്നും ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. ഇവരെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയ്ക്കിടെ തോമസിന്റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂർ സൂക്ഷ്മമായി നിരീക്ഷിച്ചതായും അതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

Also Read: നിങ്ങളുടെ കുടുംബങ്ങൾ ഇവിടെ സുരക്ഷിതർ; പ്രവാസികളോട് മുഖ്യമന്ത്രി

അതേസമയം, കേരളത്തിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉന്നതതലയോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 15 പേർക്ക് രോഗബാധയുണ്ടായത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്. കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,57,253 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.