തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ തന്നെയാണ് ഇന്നും രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്. കോട്ടയത്ത് ആറ് പേർക്കും ഇടുക്കിയിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 481 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 131 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി.

സംസ്ഥാനത്ത് ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി. കൊവിഡ് പരിശോധന വ്യാപകമാക്കും. ഇന്നലെ മാത്രം 3056 സാമ്പിളുകൾ പരിശോധിച്ചു.

ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് നാലുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് നെഗറ്റീവായത്.

കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകൾ റെഡ് സോണിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിനെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിലകപ്പെട്ട മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളാണ് റെഡ് സോണിൽ പുതുതായി ഉൾപ്പെടുത്തിയത്. ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഭാഗികമായ ലോക്ക്ഡൗൺ മെയ് 15 വരെ തുടരാം എന്നാണ് കേരള സംസ്കാരിന്റെ നിലപാട് എന്നും മുഖ്യമന്ത്രി അറിയിച്ചു. തൊട്ടു മുന്നത്തെ ആഴ്ച രോഗം സ്ഥിരീകരിക്കാത്ത ജില്ലകളിൽ ഭാഗികമായി ലോക്ക്ഡൗൺ നിലനിർത്തും. രോഗബാധ രൂക്ഷമായ ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും എന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിക്കുന്നതായും പിണറായി വിജയൻ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook