തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാലു പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ആറു പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാലു പേരുടെയും തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയുടെയും കോഴിക്കോട് ജില്ലയിൽ ഓരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 56 ആയി.

Also Read: കോവിഡ്-19: രാജ്യത്ത് രോഗബാധിതർ 3374, മരണസംഖ്യ 79

കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 314 ആയി. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു. നിസാമുദ്ദീനില്‍ നിന്നും വന്ന പത്ത് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Also Read: കർണാടകം പിടിവാശി തുടരുന്നു; ചികിത്സ കിട്ടാതെ കാസർഗോഡ് ഒരാൾ കൂടി മരിച്ചു

207 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.