scorecardresearch

കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഒരാളിൽ മാത്രം; പത്ത് പേർക്ക് രോഗം ഭേദമായി

നിലവിൽ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്

kk shailaja, ie malayalam

തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനം. സംസ്ഥാനത്ത് പുതിയതായി ഒരാളിൽ മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചയാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പടർന്നത്.

ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 255 പേർക്ക് രോഗം ഭേദമായപ്പോൾ കേരളത്തിൽ ഇതുവരെ മൂന്ന് കോവിഡ്-19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also Read: കോവിഡ്-19: രാജ്യത്ത് 24 മണിക്കൂറിനിടെ 23 മരണം; രോഗം സ്ഥിരീകരിച്ചത് 1,007 പേർക്ക്

78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്ത് ഇതുവരെ 13,387 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്, ഇതിൽ 1749 പേർ രോഗമുക്തരായപ്പോൾ 437 പേർ വൈറസ് ബാധമൂലം മരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Also Read: ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ 40 ശതമാനം കുറവ്: ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബെെയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus new cases in kerala full data including death toll