കേരളത്തിൽ ഇന്ന് 12 പേർക്കു കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്ന് മുഖ്യമന്ത്രി. ചികിത്സയിലുണ്ടായിരുന്ന 13 പേര് രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാല് പേർക്ക് വീതവും മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 258 പേരാണ്. എറണാകുളം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ആറു പേർക്കും കണ്ണൂർ ജില്ലയിലെ മൂന്ന് പേർക്കും ഇടുക്കി, മലപ്പുറം ജില്ലകളിലെ രണ്ട് പേർക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്.
കേരളത്തിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത് 136195 പേരെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 153 പേരെ ഇന്ന് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി. ഇന്ന് മാത്രം 12710 സാമ്പിളുകൾ പരിശോധിച്ചതിൽ 11462 ഉം നെഗറ്റീവാണെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 60ന് മുകളിൽ പ്രായമുള്ളവർ 7.5 ശതമാനമാണെന്നും 20ന് താഴെ പ്രായമുള്ളവർ 6.9 ശതമാനമാണ്.
പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയതായി നാല് പരിശോധന ലാബുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14 ജില്ലകൾക്കും ഓരോ ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. രോഗവ്യാപനം വർധിക്കുന്നില്ല എന്ന കണ്ട് നമ്മൾ സുരക്ഷിതരാണെന്ന തോന്നൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന് ഇടവരുത്തരുതെന്ന് മുഖ്യമന്ത്രി. ശാരീരിക അകലം പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി.