തിരുവനന്തപുരം: കേരളത്തിലും കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് മാത്രം 15 പേർക്കാണ് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 64 ആയി. കാസർഗോഡാണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അഞ്ച്. കണ്ണൂർ ജില്ലയിൽ നാലു പേർക്കും, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ട് പേർക്കു വീതവും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ദിനംപ്രതി വർധിച്ചുവരുകയാണ്. നിലവിൽ 59295 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 67 ആണ്. ഇതിൽ മൂന്ന് പേർക്ക് നേരത്തെ തന്നെ രോഗം ഭേദമായിരുന്നു.

രോഗലക്ഷണങ്ങളുള്ള 4035 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 2744 സാമ്പിളുകളും നെഗറ്റീവാണ്. ഇന്ന് 9776 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

19 പേരാണ് കാസർഗോഡ് ജില്ലയിൽ മാത്രം കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. എറണാകുളത്ത് 12 പേരും കണ്ണൂർ പത്തു പേരും ചികിത്സയിലുണ്ട്. രണ്ടാം ഘട്ടത്തിൽ ആദ്യം കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ ഒമ്പത് പേർ ചികിത്സയിലുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നാല് പേർ വീതവും കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒരാൾക്ക് വീതവും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിലെ ഏഴ് ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.