തിരുവനന്തപുരം: കോവിഡ്-19 ചികിത്സയ്ക്കായി ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ഇന്നത്തെ അവലോകന യോഗത്തിൽ ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നത് ഡ്രഗ്സ് കൺട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ട വിഷയമാണ്. രോഗ വ്യാപനം തടയാൻ എല്ലാ മാർഗങ്ങളും പരിശോധിക്കണമെന്നാണ് കണ്ടത്. രോഗ പ്രതിരോധത്തിനുള്ള എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസ്ക് ഉപയോഗത്തിൽ എൻ-95 മാസ്ക് ആശുപത്രികളിൽ മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് കൂടുതല്‍ പരിശോധനാ സംവിധാനം ആവശ്യമാണ്. റാപ്പിഡ് ടെസ്റ്റ് നടപ്പാക്കേണ്ടിവരും. അനുമതി ലഭിച്ചയുടന്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. എച്ച്ഐവി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്. അത് താലൂക്ക് ആശുപത്രികളില്‍നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യമായതിനാല്‍ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കോവിഡ്-19: കാസർഗോഡ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 34 പേർക്ക്; സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കും

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിന്‍ പോലുള്ള സൗകര്യങ്ങൾ  സജ്ജമാക്കുന്നതിനായുള്ള വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍,  ആരോഗ്യപ്രവര്‍ത്തകര്‍, വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവർ,  രോഗസാധ്യതയുള്ളവര്‍ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കും.

മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ആയുര്‍വേദ മരുന്നുവില്‍പന ശാലകള്‍ ചിലത് അടഞ്ഞുകിടക്കുന്ന എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് ഇത് വിഷമകരമാകും. അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read Also: എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു, ഭക്ഷണം കഴിച്ചു, നിയമസഭയിൽ പോയി; ഇടുക്കിക്കാരന്റെ റൂട്ട് മാപ്പ്

അതേസമയം, സംസ്ഥാനത്ത് ഇന്നുമാത്രം 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 164 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ രണ്ട് പേരും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചില അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർഗോഡുള്ള മെഡിക്കൽ കോളെജ് കെട്ടിടം പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.