തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മാസ്‌ക് നിർബന്ധം. പുറത്തിറങ്ങണമെങ്കിൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ് ചെയ്യും. നിയമം ലംഘിക്കുന്നവർക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5,000 രൂപ പിഴ ഈടാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

Read Also: കോവിഡ്-19: മേയ് നാല് മുതൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ്

വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, തൂവാല എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നു. മുഖാവരണം നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.

വയനാട് ജില്ലയിൽ നേരത്തെ തന്നെ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട്ടിൽ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5,000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook