തൃശൂർ: കൊറോണ വൈറസ് ബാധിച്ച് തൃശൂരിലെ ജനറൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വിദ്യാർഥിനിയെ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലേക്കാണ് മാറ്റിയിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

അതേ സമയം കേരളത്തിലെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിദേശം നൽകാൻ വ്യാഴാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. രാത്രി 11.45ന് ആരംഭിച്ച യോഗം പുലർച്ചെ ഒരു മണി വരെ നീണ്ടു നിന്നു. ആരോഗ്യമന്ത്രി ഇന്നും തൃശൂരിൽ തന്നെ തുടരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.

Read More: സംസ്ഥാനം സജ്ജം; അനാവശ്യഭീതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 166 പേരാണ് കോഴിക്കോട് നിരീക്ഷണത്തിലുള്ളത്. മലപ്പുറം ജില്ലയിൽ 155 പേരും നിരീക്ഷണത്തിലാണ്. 15 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഒമ്പത് പേർ തൃശൂർ ജനറൽ ആശുപത്രിയിലും മൂന്ന് പേർ മെഡിക്കൽ കോളേജിലുമാണ്. വുഹാനിൽ നിന്നും 11 പേരാണ് തൃശൂരിൽ തിരിച്ചെത്തിയത്.

തൃശൂരില്‍ വേറെ മൂന്ന് വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്. ഇവരുടെ മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടില്ല.

Read More: കേരളത്തിൽ കൊറോണ; വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനി തൃശൂരിൽ ചികിത്സയിൽ

ചൈനയിലെ വുഹാൻ ജില്ലയിൽ നിന്നെത്തിയ വിദ്യാർഥിനിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാൻ യൂണിവേഴ്സിറ്റിയിലാണ് വിദ്യാർഥിനി പഠിക്കുന്നത്. കേരളത്തിൽ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്. ഇതിൽ 10 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്. വൈറസ് ബാധിച്ച രോഗിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണിത്. വ്യാജ വാർത്തകൾ പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പൂര്‍ണ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനാവശ്യഭീതി ഭീതി ഒഴിവാക്കുകയും ജാഗ്രത പാലിക്കുകയുമാണ് ഇപ്പോൾ ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്‌ച നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.