തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ പച്ചക്കറി ക്ഷാമവും വിലക്കയറ്റവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്കു വരവും കുറഞ്ഞെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിലക്കയറ്റവും ക്ഷാമവും പരിഹരിക്കുന്നതിനുള്ള ഇടപ്പെടൽ ഫലപ്രദമാകണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തുള്ളത് ഉൾപ്പടെ കൂടുതൽ പച്ചക്കറി സംഭരിച്ച് മാർക്കറ്റിലേക്ക് എത്തിക്കാനാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലീഗൽ മെട്രോളജി വകുപ്പ് 198 റേഷൻ കടകളിൽ നടത്തിയ പരിശോധനയിൽ 17 ക്രമക്കേട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവർക്ക് പിഴയും ചുമത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയൊഴികയുള്ള ജില്ലകളിൽ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാമെന്ന് കൺസ്യൂമർഫെഡ് അറിയച്ചതായും മുഖ്യമന്ത്രി.

Also Read: സാധാരണക്കാരനുള്ള പ്രകാശം പുറകെ വരുമായിരിക്കും; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കമ്മ്യൂണിറ്റി കിച്ചൺ സംബന്ധിച്ച പ്രശ്നങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി. അനാവശ്യമായ ഇടപെടലുകൾ വരുന്നുണ്ട്. അതിനകത്ത് നിയോഗിക്കപ്പെട്ട ആളുകൾ മാത്രമേ നിൽക്കാവൂ. അവിടെ നിന്ന് ആർക്കാണോ സൗജന്യമായി ഭക്ഷണം നൽകേണ്ടത് ആ ആളുടെയും കുടുംബത്തിന്‍റെയും പേര് നേരത്തേ തീരുമാനിക്കണം. പ്രത്യേക താത്പര്യം വച്ച് കുറേ ആളുകൾക്ക് ഭക്ഷണം കൊടുക്കാം എന്ന് ആരും കരുതരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Also Read: കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ സംസ്ഥാനത്തിനായി: മുഖ്യമന്ത്രി

കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങൾക്ക് കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീർന്നു പോയി എന്നത് അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ മനസിലായെന്നും മുഖ്യമന്ത്രി. അഞ്ച് കോടി അവ‍ർക്ക് തനത് ഫണ്ട് ബാക്കിയുണ്ട്. ആ വാർത്ത തെറ്റാണ്. കമ്മ്യൂണിറ്റി കിച്ചൻ നടത്തേണ്ടത് അതാത് സ്ഥാപനങ്ങൾ അവരുടെ ചുമതലയായി കാണേണ്ടതാണ്. ഭക്ഷണത്തിന് വിഷമമില്ലാത്തവർക്ക് കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം കൊടുക്കേണ്ടതില്ല. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.