തിരുവനന്തപുരം: കോവിഡ്-19മായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊലീസുകാർ പുറത്തിറക്കുന്ന വീഡിയോകൾക്ക് നിയന്ത്രണം. സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതൽ മുൻകൂർ അനുമതി വാങ്ങാതെ പൊലീസുകാർ വീഡിയോ പുറത്തിറക്കരുതെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.

ലോക്ക്ഡൗൺ സമയത്ത് പൊലീസ് പുറത്തിറക്കിയ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്നായിരുന്നു കോവിഡ് ബോധവൽക്കരണ വീഡിയോകൾ പുറത്തിറക്കിയിരുന്നത്. ഇവ സംസ്ഥാന പൊലീസ് മീഡിയ സെന്ററിന്റെയും സംസ്ഥാന പൊലീസിന്റെയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.

എന്നാൽ പിന്നീട് നിയന്ത്രണമില്ലാതെ പൊലീസ് വീഡിയോകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രത്യക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷൻ തലത്തിൽ വരെ വീഡിയോകൾ പുറത്തിറക്കുന്നത്  വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസുകാരുടെ വീഡിയോകൾ നിയന്ത്രിക്കാൻ ഡിജിപി ഉത്തരവിട്ടത്.

Also Read: വിവാദങ്ങളുടെ പേരിൽ പിന്നോട്ട് പോക്കില്ല; കേന്ദ്രത്തിന്റെ സമീപനം ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി

നേരത്തേ, കോവിഡ് പ്രതിരോധത്തിനായി സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിനെക്കുറിച്ച് കേരള പൊലീസ് പുറത്തിറക്കിയ വീഡിയോ അന്താരാഷ്ട്ര തലത്തിൽ തന്നെ വൈറലാവുകയും യുഎസിലെ ഫോക്സ് ന്യൂസ് ചാനലും എഎഫ്പി വാർത്താ ഏജൻസിയും  അടക്കമുള്ള മാധ്യമങ്ങൾ അതിനെക്കുറിച്ച് വാർത്ത നൽകുകയും ചെയ്തിരുന്നു. യൂണിഫോമിലുള്ള പൊലീസുകാർ മാസ്ക് ധരിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിനനുസരിച്ച് ചുവടുവയ്ക്കുന്നതും സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ പഠിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

നാനൂറിലധികം വീഡിയോകളാണ് ഇതിനകം സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ജില്ലാ പൊലീസ് കേന്ദ്രങ്ങളിൽ നിന്നം പുറത്തുവന്നത്. ഇവ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഡ്രോൺ ഷോട്ടുകളുപയോഗിച്ചും പാട്ടും സിനിമാ ഡയലോഗുകളും ചേർത്തുമുള്ള വീഡിയോകൾ ഇത്തരത്തിൽ പുറത്തിറക്കിയിരുന്നു. ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്ന വീഡിയോകളും നേരത്തേ പുറത്തിറങ്ങിയിരുന്നു.

ചലച്ചിത്ര താരങ്ങളെയും കായിക താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കോവിഡ് പ്രതിരോധ സന്ദേശ വീഡിയോകളും പൊലീസുകാർ പുറത്തിറക്കിയിരുന്നു. ഇവയടക്കമുള്ള വീഡിയോകൾക്കാണ് ഇപ്പോൾ നിയന്ത്രണം കൊണ്ടുവരുന്നത്.

Also Read: പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റ്; നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കുമെന്നും മുഖ്യമന്ത്രി

ഇനിമുതൽ പൊലീസ് സ്റ്റേഷനുകളോ, ജില്ലാ, മേഖലാ തലങ്ങളിലുള്ള പൊലീസ് ഓഫീസുകളോ സ്വന്തം നിലയ്ക്ക് വീഡിയോകൾ പുറത്തിറക്കരുതെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്ന് അനുമതി നേടിയാൽ മാത്രമേ വീഡിയോ പുറത്തിറക്കാൻ കഴിയൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.