scorecardresearch
Latest News

സമൂഹവ്യാപനമുണ്ടോ? കാസര്‍ഗോട്ട് രണ്ടായിരം സ്‌ക്രീനിങ് കിറ്റ് വാങ്ങും

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യത്തിനു സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ച് മതസംഘടനകള്‍

സമൂഹവ്യാപനമുണ്ടോ? കാസര്‍ഗോട്ട് രണ്ടായിരം സ്‌ക്രീനിങ് കിറ്റ് വാങ്ങും

കോഴിക്കോട്: കോവിഡ്-19 സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ കാസര്‍ഗോഡ് ജില്ലയില്‍ സ്വയം നിര്‍ണയ കിറ്റുകള്‍ ലഭ്യമാക്കാനൊരുങ്ങി അധികൃതര്‍. കൊറോണ ഹോട്ട് സ്‌പോട്ടുകളിലാണു സ്‌ക്രീനിങ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യുക.

കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെയും പരിസരപ്രദേശങ്ങളായ മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, മധൂര്‍, ചെങ്കള, ചെമ്മനാട്, മുളിയാര്‍ പഞ്ചായത്തുകളിലെയും ഹോട്ട് സ്‌പോട്ടുകളിലാണു കിറ്റുകള്‍ വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ 2,000 കിറ്റാണു വാങ്ങുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Also Read: കോവിഡ്-19: കണ്ണൂർ അതിതീവ്ര മേഖല, നിയന്ത്രണം കർശനമാക്കും

”ജില്ലയില്‍ വൈറസ് ബാധ സംശയിക്കുന്നവരില്‍നിന്നു ശേഖരിക്കുന്ന ശ്രവം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്കും ആലപ്പുഴയിലേക്കും മറ്റും പരിശോധനയ്ക്ക് അയയ്ക്കുന്നതിനാല്‍ ഫലം അറിയുന്നതു വൈകുകയാണ്. ഈ സാഹചര്യത്തിലാണു സെല്‍ഫ് അസസ്‌മെന്റ് കിറ്റുകള്‍ വാങ്ങുന്നത്. രക്തവും മൂക്കിലെ ശ്രവും പരിശോധിക്കാന്‍ സംവിധാനമുള്ളതാണ് ഇവ. കിറ്റ് ഉപയോഗിക്കുന്ന രീതി ഇവയില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഉപയോഗിക്കാന്‍ പ്രയാസമില്ല. ഇത്തരം കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ രോഗവ്യാപനം തടയുന്നതില്‍ ഗുണം ചെയ്തുവെന്നാണു മനസിലാക്കുന്നത്,” ബഷീര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും സംയുക്തമായി തുക ചെലവഴിച്ച് 1500 കിറ്റും മുനിസിപ്പാലിറ്റി 500 കിറ്റുമാണു വാങ്ങുന്നത്. ഒരു കിറ്റിനു നികുതി ഉള്‍പ്പെടെ 850 രൂപയോളം വില വരുമെന്നാണു പ്രതീക്ഷിക്കുന്നത്. ചൈനയില്‍നിന്നോ ദക്ഷിണ കൊറിയയില്‍നിന്നോ ഇറക്കുമതി ചെയ്യുന്ന കിറ്റുകള്‍ അതതു പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ മുഖേനെയാണു വിതരണം ചെയ്യുക. ഇറക്കുമതി ഏജന്‍സിക്ക് ഉടന്‍ ഓര്‍ഡര്‍ നല്‍കുമെന്ന് ബഷീര്‍ പറഞ്ഞു.

സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ കൊറോണ ഹോട്ട് സ്‌പോട്ടുകളില്‍ ആരോഗ്യവകുപ്പ് വീടുവിടാന്തരം സര്‍വേ നടത്തിയിരുന്നു. പതിനാറായിരത്തിലേറെ വീടുകളിലാണു സര്‍വേ നടത്തിയത്. ഇതേത്തുടര്‍ന്ന് രോഗം സംശയിക്കുന്ന 320 പേരുടെ ശ്രവ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 220 പേരുടെ പരിശോധനാ ഫലം അറിഞ്ഞിട്ടുണ്ട്. ഇവയെല്ലാം നെഗറ്റീവാണ്. ഈ പ്രക്രിയയ്ക്കു പുറമെയാണു സ്വയം നിര്‍ണയ കിറ്റുകള്‍ വിതരണം ചെയ്യുക.

രോഗലക്ഷണങ്ങളുള്ളവരില്‍ വൈറസ് ബാധ ഉണ്ടോയെന്ന് പിസിആര്‍ ടെസ്റ്റിലൂടെയാണു നിര്‍ണയിക്കുന്നത്. അതേസമയം, റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ ലക്ഷണങ്ങളില്ലാത്ത മുന്‍പേ രോഗം വന്നുപോയവരെയും (ആന്റി ബോഡി പരിശോധനയിലൂടെ) നിലവില്‍ വൈറസ് ലക്ഷണങ്ങളുള്ളവരെയും വേഗത്തില്‍ കണ്ടുപിടിക്കാന്‍ പറ്റും. ഇത്തരം കിറ്റാണു കാസര്‍ഗോട്ട് ഉപയോഗിക്കുന്നതെന്നാണു വിവരം.

അതിനിടെ, ഒരാഴ്ചയോടെ കാസര്‍ഗോട്ടെ മുഴുവന്‍ രോഗബാധിതരെയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. 168 പോസിറ്റീവ് കേസുകളില്‍ 145 പേരും രോഗമുക്തി നേടി. ഇന്നു 19 പേരും ഇന്നലെ എട്ടു പേരും ആശുപത്രി വിട്ടു. ഇനി 25 പേരാണ് ചികിത്സയിലുള്ളത്. വിമാന സര്‍വീസ് നിര്‍ത്തിയിട്ട് ഒരു മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഗള്‍ഫില്‍നിന്ന് എത്തിയവരില്‍ രോഗം പ്രത്യക്ഷപ്പെടുന്നത് ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.

ഇനി രോഗം പ്രത്യക്ഷപ്പെടാന്‍ മൂന്ന് സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ചുരുക്കം ചിലരില്‍ 35 ദിവസത്തിനുശേഷം പരിശോധനാ ഫലം പോസിറ്റീവാകുന്നത്. ഇങ്ങനെ വൈകി രോഗം സ്ഥിരീകരിക്കുന്നത് ആര്‍എന്‍എ പാര്‍ട്ടിക്കിളിനെ പരിശോധനയില്‍ കണ്ടെത്തുന്നു എന്നതിനാലാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ രോഗം സ്ഥിരീകരിക്കുന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു വിഭാഗത്തിലുള്ള മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുള്ളതിനാല്‍ വെല്ലുവിളി നേരിടുന്ന സാഹചര്യമില്ല.

ലോക്ക് ഡൗണിനുശേഷം തിരിച്ചെത്തുന്ന പ്രവാസികളില്‍ രോഗമുണ്ടാവാനുള്ള സാധ്യതയാണു മൂന്നാമത്തേത്. പ്രവാസികള്‍ക്കു ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ ജില്ല സജ്ജമായിക്കഴിഞ്ഞു. വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ അന്‍പതിനായിരത്തോളം പേര്‍ തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവരെ അഡ്മിറ്റ് ചെയ്യാന്‍ ജില്ലയിലെ ആശുപത്രികള്‍ സജ്ജമാക്കുന്നതിനൊപ്പം അതതു പ്രദേശങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കാനുമാണു ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

Also Read: കോവിഡ്-19 ഭീഷണി: ‘സംസ്ഥാനത്ത് സുരക്ഷിതമായ അവസ്ഥയല്ല, കർക്കശനമായ ഇടപെടലുണ്ടാവും’

വിവിധ മതസംഘടനകള്‍ തങ്ങളുടെ കീഴിലുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ ക്വാറന്റൈന്‍ സൗകര്യത്തിനായി വിട്ടുകൊടുക്കാനുള്ള സന്നദ്ധത ജില്ലാ ഭരണകൂടത്തെ അറിയിച്ചുകഴിഞ്ഞു. 28 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ദേളി കളനാട്ടെ ജാമിയ സഹദിയ അറബിയ ഇക്കൂട്ടത്തിലൊന്നാണ്. കാന്തപുരം എപി അബൂബക്കര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ കീഴിലുള്ളതാണു മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സഹദിയ സീനിയര്‍ സെക്കന്‍ഡറി റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജാമിയ സഹദിയ അറബിയയുടെ ഭാഗമാണ്. ഇവിടെ അഞ്ഞൂറ് മുതല്‍ ആയിരം പേരെ പാര്‍പ്പിക്കാനാവും. നിലവില്‍ ഇരുന്നൂറോളം പേരുള്ള പൊലീസ് ക്യാമ്പ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സഹദിയ സ്‌കൂള്‍ പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യത്തിനു വിട്ടുകൊടുകൊടുക്കാമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി ജില്ലാ ഭരണകൂടത്തെ അറയിച്ചതായി മാനേജര്‍ എംഎ അബ്ദുള്‍ വഹാബ് പറഞ്ഞു. ”സ്ഥാപനത്തിനു നാല്‍പ്പതോളം ബസുകളുണ്ട്. ഇവ പ്രവാസികളെ വിമാനത്താവളങ്ങളില്‍നിന്ന് ക്വാറന്റൈന്‍ സെന്ററുകളിലേക്കു കൊണ്ടുവരാന്‍ വിട്ടുകൊടുക്കാനും തയാറാണ്. സംഘടനയ്ക്കു കീഴില്‍ തൃക്കരിപ്പൂരില്‍ സ്ഥിതിചെയ്യുന്ന മുജമ്മയും വിട്ടുകൊടുക്കും,”അബ്ദുള്‍ വഹാബ് പറഞ്ഞു. കാസര്‍ഗോട്ടെ മുഹിമ്മാത്ത് എന്ന സ്ഥാപനവും വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മഹല്ല്-ജമാത്ത് കമ്മിറ്റികളും തങ്ങളുടെ പരിധിയിലുള്ള പ്രവാസികള്‍ക്കു ക്വാറന്റൈന്‍ സൗകര്യമൊരുക്കാമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു.

”ഞാന്‍ സെക്രട്ടറിയായ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വെള്ളാപ്പ് മഹല്ലില്‍ ഒഴിഞ്ഞുകിടക്കുന്ന 11  വീടുകള്‍ ക്വാറന്റൈന്‍ സൗകര്യത്തിനു സജ്ജമാണ്. ഞങ്ങളുടെ ഭാഗത്തുള്ളവരെ ഈവീടുകളില്‍ താമസിപ്പിക്കും. കൈക്കോട്ടുകടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആ പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ തയാറാണ്,” ബഷീര്‍ പറഞ്ഞു.

മംഗലാപുരം, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളിലായിരിക്കും കാസര്‍ഗോഡ് തിരിച്ചവരുന്ന പ്രവാസികള്‍ ഇറങ്ങുക. ഈ വിമാനത്താവളങ്ങളിലേക്കു പ്രത്യേക വാഹനങ്ങള്‍ അയച്ച് അതതു പ്രദേശങ്ങളിലെ ക്വാറന്റൈന്‍ സെന്ററുകളിലേക്കു പ്രവാസികളെ ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്റെയും സഹായത്തോടെ മാറ്റാനാണു ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി.

Also Read: അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആഗോള വൈറസ് ശൃംഖലയില്‍ അംഗത്വം

നിലവില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ അനവധി മലയാളികള്‍ വൈറസ് ബാധിച്ച് ചികിത്സയിലും ക്വാറന്റൈനിലുമായി കഴിയുകയാണ്. ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ ഇല്ലാതായാവരും നിരവധിയാണ്. ഇവരില്‍ ഭൂരിഭാഗവും തിരിച്ചുവരുമെന്നാണു ജില്ലാ ഭരണകൂടം കരുതുന്നത്. അതിനിടെ, കൊറോണ വൈറസ് വ്യാപനത്തിന്റെ അനന്തരഫലമായി ഗള്‍ഫില്‍ ജോലി നഷ്ടപ്പെടുന്ന മലയാളികളെ പുനരധിവസിപ്പിക്കുന്നതാവും ജില്ല നേരിടുന്ന അടുത്ത വെല്ലുവിളി. വളരെ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus lockdown quarantine kasargod prepares to recieve expats

Best of Express