കൊച്ചി: കൊറോണ വൈറസ് നിയന്ത്രണ നടപടികളുടെ ഭാഗമായി രാജ്യമോട്ടാകെ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ അവശ്യവസ്തുക്കള്‍ക്കായി ഓണ്‍ലൈന്‍ വിപണിയിലേക്കു തിരിഞ്ഞ് ജനം. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മരുന്ന് തുടങ്ങിവയാണ് പ്രധാനമായും ഓണ്‍ലൈന്‍ ആയി വില്‍ക്കപ്പെടുന്നത്. ഹോം ഡെലിവറി ആയി വീട്ടില്‍ എന്നതാണ് ഇതിന്റെ ഡിമാന്‍ഡ് കൂടാനുള്ള കാര്യം.a
AM Needs App: എ എം നീഡ്‌സ് വഴി ഹോര്‍ട്ടി കോര്‍പ്
എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പച്ചക്കറികള്‍ വീടുകളില്‍ എത്തിക്കാന്‍ കൃഷിവകുപ്പിന്റെ ഹോര്‍ട്ടി കോര്‍പ് കഴിഞ്ഞ ദിവസം ആംരഭിച്ച ഓണ്‍ലൈന്‍ സംരംഭം വന്‍ വിജയമാണ്. ഇതോടെ പദ്ധതി സംസ്ഥാനത്തെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
ഓണ്‍ലൈന്‍ പച്ചക്കറി വിതരണം ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മറ്റു പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നു ഹോര്‍ട്ടി കോര്‍പ് ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ വിനയന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. വിഷരഹിതമായ നാടന്‍ പച്ചക്കറികളാണ് ഓണ്‍ലൈന്‍ മുഖേന വിതരണം ചെയ്യുന്നതെന്നും ഇതിനാല്‍ വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തിരുവനന്തപുരം കേന്ദ്രമായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ എഎം നീഡ്‌സ് (AM Needs) വഴിയാണു ഹോര്‍ട്ടി കോര്‍പ് പച്ചക്കറികള്‍ വീട്ടിലെത്തിക്കുന്നത്. വിതരണത്തിനു സന്നദ്ധത അറിയിച്ച് മറ്റു പല ഏജന്‍സികളും തങ്ങളെ സമീപിച്ചതായും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
“എഎം നീഡ്‌സിന്റെ മൊബൈല്‍ ആപ് വഴിയാണു പച്ചക്കറികള്‍ ഓര്‍ഡര്‍ ചെയ്യേണ്ടത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ആപ് ലഭ്യമാണ്. വൈകീട്ട് ഏഴു മുതല്‍ പിറ്റേ ദിവസം ഉച്ചയ്ക്കു ഒരു മണി വരെയാണ് ഓര്‍ഡര്‍ ചെയ്യേണ്ട സമയം. അടുത്ത ദിവസം രാവിലെ പച്ചക്കറി വീടുകളിലെത്തിക്കും. ഓണ്‍ലൈനായാണു പേയ്‌മെന്റ് നല്‍കേണ്ടത്.
സവാള, ഉരുളക്കിഴങ്ങ്, പാവല്‍, പടവലം, കോവയ്ക്ക, വഴുതന, പച്ചമുളക്, ബീന്‍സ് തുടങ്ങി പതിനഞ്ചോളം ഇനം പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ് ഓണ്‍ലൈനായി വിതരണം ചെയ്യുന്നത്. സര്‍വീസ് ചാര്‍ജ് ഈടാക്കാതെയാണു പച്ചക്കറി വീടുകളിലെത്തിക്കുന്നതെന്നും” വിനയന്‍ പറഞ്ഞു.
വെജിറ്റബിള്‍-ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള (വിഎഫ്പിസികെ) മുഖേന കേരളത്തിലെ കര്‍ഷകരില്‍ നിന്നാണു ഹോര്‍ട്ടി കോര്‍പ് മിക്ക പച്ചക്കറികളും ശേഖരിക്കുന്നത്. കേരളത്തില്‍ ലഭ്യമല്ലാത്ത ചില ഇനങ്ങള്‍ കൃഷിവകുപ്പ് മൊത്ത വിപണികളില്‍ നിന്ന് വാങ്ങി ഹോര്‍ട്ടി കോര്‍പിനു കൈമാറും. മുറിക്കാത്തതും അധികം വലിപ്പമില്ലാത്തതുമായ പച്ചക്കറികളാണു വിതരണം ചെയ്യുന്നത്.
മൊബൈല്‍ ആപ് വഴി ലഭിക്കുന്ന പച്ചക്കറികളുടെ ഓര്‍ഡര്‍ എഎം നീഡ്‌സ് ഹോര്‍ട്ടി കോര്‍പ്പിനു കൈമാറും. ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറികള്‍ സംഭരിച്ച് എഎം നീഡ്‌സിനു നല്‍കും. തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിനുള്ളില്‍ വിതരണക്കാര്‍ക്ക് സാധനങ്ങള്‍ കൈമാറും. എറണാകുളത്ത് ഇടപ്പള്ളി, പാലാരിവട്ടം, കാക്കനാട്, തൃപ്പൂണിത്തുറ, വൈറ്റില, പനമ്പള്ളി നഗര്‍, തേവര, പള്ളുരുത്തി ഭാഗങ്ങളിലാണു വിതരണം. മില്‍മ പാല്‍, ബ്രഡ്, ചപ്പാത്തി, ഇഡ്ഡലി-ദോശ മാവ് എന്നിവ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴിയുള്ള വിതരണം
എഎം നീഡ്‌സ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

Marari Fresh App: മാരാരി ഫ്രഷ്
ലോക്ക് ഡൗണ്‍ വന്നതോടെ പച്ചക്കറികള്‍ക്കു വന്‍ ഡിമാന്‍ഡാണുള്ളതെന്നു മറ്റൊരു ഓണ്‍ലൈന്‍ സംരംഭമായ മാരാരി ഫ്രഷിന്റെ സ്ഥാപകന്‍ വിആര്‍ നിഷാദ് പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വേണ്ടത്ര ലഭ്യമാവാത്തതിനാല്‍ ഓര്‍ഡര്‍ മുഴുവന്‍ സ്വീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും മാരാരി ഫ്രഷ് എന്ന ബ്രാന്‍ഡില്‍ പച്ചക്കറി വിപണനം നടത്തുന്ന കര്‍ഷകന്‍ നിഷാദ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”നേരത്തെ ദിവസം 30-40 ഓര്‍ഡറാണു മാരാരി ഫ്രഷ് എന്ന ആപ്പില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ വന്നതോടെ ആവശ്യം വര്‍ധിച്ചു. ഇന്നലെ 350 ഓര്‍ഡര്‍ ലഭിച്ചു. 330 പേര്‍ക്കു സാധനങ്ങള്‍ നല്‍കി. ഇന്ന് 1028 ഓര്‍ഡറാണ് ഉച്ച വരെ ആപ്പില്‍ ലഭിച്ചത്. മുപ്പതോളം ഇനം നാടന്‍ പച്ചക്കറികളാണു നല്‍കുന്നത്. ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് കാരണം നാട്ടില്‍ നിന്ന് എന്താണോ ലഭിക്കുന്നത് അതു നല്‍കുക എന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പുറത്തു നിന്നുള്ള പച്ചക്കറികള്‍ വാങ്ങുന്നില്ല.”.
മാരാരിക്കുളത്തെ 12 ഏക്കര്‍ ഫാമില്‍നിന്നും മറ്റു സ്ഥലങ്ങളിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണു ‘മാരാരി ഫ്രഷ്’ വിതരണം ചെയ്യുന്നത്. 400 രൂപയ്ക്കു 10 ഇനങ്ങള്‍ അടങ്ങിയ നാലരക്കിലോയുടെ സ്റ്റാര്‍ട്ടര്‍ പാക്ക്, 500 രൂപയ്ക്ക് 15 ഇനങ്ങളുള്ള ആറ് കിലോയുടെ ഫാമിലി പാക്ക് എന്നിങ്ങനെയാണു മാരാരി ഫ്രഷ് ആപ്പിലുടെയുള്ള വില്‍പ്പന. തണ്ണിമത്തനും പൊട്ടുവെള്ളരിയും തേങ്ങയും, പഴവും, വെളിച്ചെണ്ണയും മുട്ടയുമൊക്കെ ഓര്‍ഡര്‍ ചെയ്യാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി മാരാരി ഫ്രഷ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
”ഓണ്‍ലൈനായാണു പേയ്‌മെന്റ് നടത്തേണ്ടത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നേരിട്ട് പണം സ്വീകരിക്കില്ല. ഓര്‍ഡര്‍ ഉറപ്പായാല്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സമയം അറിയിക്കും. ഓരോ ഭാഗത്തെയും ഓര്‍ഡറുകള്‍ തരംതരിച്ചാണു വിതരണം. വീടുകളില്‍ സാധനം വിതരണം ചെയ്യുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ വീടുകളുടെ വാതിലിനു മുന്നില്‍ കൊണ്ടുവച്ച് പോരും. നേരത്തെ 60 രൂപ വില വരുന്ന ചണസഞ്ചിയിലാണു സാധനങ്ങള്‍ നല്‍കിയിരുന്നത്. അടുത്ത വിതരണത്തിനു സഞ്ചി തിരിച്ചുവാങ്ങുകയായിരുന്നു പതിവ്. ഇപ്പോള്‍ ഈ സഞ്ചി നല്‍കുന്നില്ല. പകരം തുണിസഞ്ചിയിലാണ് ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുന്നത്. ഇതു തിരിച്ചു വാങ്ങുന്നില്ല,”നിഷാദ് പറഞ്ഞു.
അരിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ വിതരണം ചെയ്യാനും മാരാരി ഫ്രഷിനു പദ്ധതിയുണ്ട്. കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ക്കു വില കൂട്ടുന്നുണ്ട്. എന്നാല്‍ തങ്ങള്‍ വില വര്‍ധിപ്പിക്കുന്നില്ല. ഇതു വെല്ലുവിളിയാണെന്നും നിഷാദ് വ്യക്തമാക്കി.
Zomato: സൊമോറ്റോ വഴി സപ്ലൈകോയും
അവശ്യ ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ സപ്ലൈകോയും തയാറെടുത്തു കഴിഞ്ഞു. സൊമോറ്റോയുമായി സഹകരിച്ചുള്ള ഓണ്‍ലൈന്‍ വിതരണ സംവിധാനത്തിനു നാളെ കൊച്ചിയില്‍ തുടക്കം കുറിക്കും. ആദ്യ ഘട്ടത്തില്‍ സപ്ലൈകോയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി ഗാന്ധിനഗറിന്റെ എട്ടു കിലോമീറ്റര്‍ പരിധിയിലാണു സാധനങ്ങള്‍ വിതരണം ചെയ്യുക. തുടര്‍ന്ന് സംസ്ഥാനത്തെ 17 ഇടങ്ങളില്‍ വിതരണം ആരംഭിക്കും. ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി 50 മിനിറ്റിനകം സാധനങ്ങള്‍ വീട്ടിലെത്തും.
കോവിഡ് 19 നിയന്ത്രണ നടപടികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്കു ക്ഷാമം ഉണ്ടാകില്ലെന്നും പഴങ്ങളും പച്ചക്കറികളും ഹോട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലൊയാണ് ഓണ്‍ലൈന്‍ വിതരണം ആരംഭിച്ചത്.