തിരുവനന്തപുരം: ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം. വാഹന പരിശോധന കർശനമാക്കി. ഗ്രീൻ സോൺ വിഭാഗത്തിലുളള കോട്ടയം, ഇടുക്കി ജില്ലകളിലും നിയന്ത്രണമുണ്ട്. ഈ ജില്ലകളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ഓട്ടോ, ടാക്സി സർവീസുകൾക്കും വിലക്കുണ്ട്. അതേസമയം, പാലക്കാട് നഗരസഭാപരിധിയെ ഹോട്ട്സ്പോട്ടിൽനിന്നും ഒഴിവാക്കി. വയനാട്ടിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.

ആലപ്പുഴ ജില്ലയിലെ ഹോട്ട്സ്‌പോട്ടുകൾ തിരുത്തി ഉത്തരവിറക്കി. തണ്ണീർമുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകൾ ഹോട്ട്സ്‌പോട്ടിൽ ഉൾപ്പെടുത്തി. ചെങ്ങന്നൂർ നഗരസഭയും മുഹമ്മ പഞ്ചായത്തും ഹോട്ട്സ്‌പോട്ട് ലിസ്റ്റിൽനിന്നും ഒഴിവാക്കി. തൃശൂരിൽ ഹോട്ട്സ്‌പോട്ട് പട്ടികയിലുണ്ടായിരുന്ന മതിലകം, വളളത്തോൾ നഗർ, ചാലക്കുടി എന്നീ സ്ഥലങ്ങളെ ഒഴിവാക്കി. പകരം ചാലക്കുടിയിലെ കോടശ്ശേരി പഞ്ചായത്തിനെ മാത്രം ഹോട്ട്സ്‌പോട്ടാക്കി പ്രഖ്യാപിച്ചു.

കോവിഡ് രോഗികൾ കൂടുതലുളള കണ്ണൂർ ജില്ലയിൽ ഇന്നു മുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നു എസ്‌പിമാരുടെ കീഴിലായിരിക്കും കണ്ണൂരിൽ കർശന പരിശോധന.

Read Also: ലോകത്ത് കോവിഡ് മരണം 170,000 കടന്നു

സംസ്ഥാനത്ത് ഇന്നലെ ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്തു നിന്നുള്ളവരാണ്. ഒരാൾക്ക് കോവിഡ് ബാധിച്ചത് സമ്പർക്കം മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 408 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ 114 പേർ മാത്രമാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

ഇന്നലെ സംസ്ഥാനത്ത് 21 പേർ രോഗമുക്തരായി. കാസർഗോഡ് ജില്ലയിൽ 19 പേരും ആലപ്പുഴ ജില്ലയിൽ രണ്ട് പേരും രോഗമുക്തരായി. സംസ്ഥാനത്ത് ഇപ്പോൾ 46,323 നിരീക്ഷണത്തിലാണ്. ഇതിൽ 398 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്നലെമാത്രം 62 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,786 സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 19,074 ഫലങ്ങൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.