കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന ദുബൈയില്‍ തുടരുന്നത് അപകടമാണെന്ന തോന്നല്‍ മാത്രമായിരുന്നില്ല, നിശ്ചയിച്ചതിലും 10 ദിവസം മുന്‍പേ നാട്ടിലേക്കു വിമാനം കയറുമ്പോള്‍ മുത്തലിബിന്റെ മനസില്‍. ആദ്യത്തെ കണ്മണി ജനിക്കുമ്പോള്‍ ഭാര്യയ്ക്കൊപ്പമുണ്ടാകണമെന്ന കരുതല്‍ കൂടി ആ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. നാട്ടിലെത്തിയതിനു പിന്നാലെ താന്‍ വൈറസ് ബാധിതനാണെന്നും ഭാര്യയ്ക്കും രോഗം പിടിപെട്ടുവെന്നും അറിഞ്ഞതോടെ മുത്തലിബ് ഭയത്തിന്റെ പിടിയിലായി. ആശങ്കയുടെ കാര്‍മേഘങ്ങള്‍ കടന്ന് രോഗമുക്തരായതിനു പിന്നാലെ പൊന്നോമന എത്തിയതോടെ സന്തോഷത്തിന്റെ നാളുകളിലാണ് ഈ ദമ്പതികള്‍.
കോവിഡ് രോഗം ഭേദമായ കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശി മുത്തലിബിനും ഭാര്യയ്ക്കും ഈ മാസം 11നാണ് ആണ്‍കുഞ്ഞ് പിറന്നത്. സിസേറിയനിലൂടെയാണു ഇരുപത്തിയാന്നുകാരി പരിയാരം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനു ജന്മം നല്‍കിയത്. കോവിഡ് രോഗമുക്തി നേടി അമ്മയാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. രാജ്യത്തെ മൂന്നാമത്തേതും.
Also Read: കോവിഡ്-19: രോഗം ബാധിച്ച യുവതി കുഞ്ഞിന് ജന്മം നൽകി; സംസ്ഥാനത്തെ ആദ്യ സംഭവം
മുത്തലിബിനും ഭാര്യക്കും അസുഖം ഭേദമായിരുന്നെങ്കിലും യുവതിയുടെ പ്രസവത്തീയതി അടുത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ തുടരുകയായിരുന്നു. ഭാര്യയുടെ പ്രസവത്തിന്റെ അടുത്ത ദിവസം മുത്തലിബ് പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജായി അണങ്കൂരിലെ വീട്ടിലെത്തി.
കോവിഡ് ചികിത്സാ ചട്ടം അനുസരിച്ച് അമ്മയും കുഞ്ഞും ആശുപത്രിയിലെ വ്യത്യസ്ത ഇടങ്ങളില്‍ നിരീക്ഷണത്തിലാണ്. 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുകയും കുഞ്ഞിന്റെ രണ്ട് കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്യുന്ന മുറയ്ക്ക് ഇവർക്ക് ഡിസ്ചാര്‍ജ് ചെയ്ത് യുവതിയുടെ ചേറൂരിലെ വീട്ടിലേക്കു പോകാനാവും. കുഞ്ഞ് പീഡിയാട്രിക് വിഭാഗത്തിലാണ് പരിചരണത്തിൽ കഴിയുന്നത്.
താന്‍ കോവിഡ് പോസിറ്റീവാണെന്നു പരിശോധനയില്‍ മനസിലായതോടെ ഭയപ്പെട്ടിരുന്നതായി മുത്തലിബ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”ഭാര്യയ്ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും എന്തെങ്കിലും കുഴപ്പമുണ്ടോകുമോയെന്ന വിഷമത്തിലായിരുന്നു. എന്നാല്‍ എല്ലാം നല്ലതുപോലെ സംഭവിച്ചു. കുഞ്ഞിന് ഒരു കുഴപ്പവുമില്ല. കേരളത്തിൽ കോവിഡ് മാറിയതിനുശേഷം സിസേറിയൻ നടത്തുന്ന ആദ്യ സംഭവമാണെനന്ന് അറിഞ്ഞതോടെ ഞങ്ങള്‍ക്കു സന്തോഷമായിരുന്നു. മുഖ്യമന്ത്രിയൊക്കെ ഞങ്ങളുടെ കാര്യം പറഞ്ഞല്ലോ. ആശുപത്രിയില്‍ നല്ല ചികിത്സയും പരിചരണവുമായിരുന്നു,” വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന മുത്തലിബ് പറഞ്ഞു.
ഭാര്യയ്ക്കു പേടിയുണ്ടായിരുന്നില്ലെന്നും മുത്തലിബ് പറഞ്ഞു.
”കോവിഡ് ചികിത്സയുടെ ഭാഗമായി ഞാന്‍ കൂടെയുണ്ടായിരുന്നതിനാല്‍ അവള് സമാധാനത്തിലായിരുന്നു. പ്രസവത്തിനുവേണ്ടി അവളെ റൂമില്‍നിന്നു മാറ്റുംവരെയെും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ സിസേറിയന് പൂര്‍ത്തിയായി. പിന്നീടും ഒരുമിച്ചുണ്ടായിരുന്നു. പിറ്റേദിവസമാണ് ആശുപത്രിയില്‍നിന്നു പോന്നത്,”മുത്തലിബ് പറഞ്ഞു. ഇതിനിടെ ദൂരെനിന്ന് ഒരു നോട്ടമാണു യുവാവിനു കുഞ്ഞിനു കാണാനായത്.
കോവിഡ് പടര്‍ന്നുപിടിച്ച ദുബൈ നയ്ഫില്‍, ട്രോളീ ബാഗ് ഷോപ്പ് നടത്തുകയാണു മുപ്പത്തി മൂന്നുകാരനായ മുത്തലിബ്. 10 കൊല്ലമായി പ്രവാസിയാണ്. ആദ്യത്തെ കണ്മണിയെ കാണാന്‍ മാര്‍ച്ച് 20നു ശേഷം നാട്ടിലേക്കു വരാനായിരുന്നു തീരുമാനം. ദുബൈയിലെ സാഹചര്യം കണക്കിലെടുത്ത് യാത്ര നേരത്തെയാക്കുകയായിരുന്നു. മാര്‍ച്ച് 12നു രാവിലെ മംഗലാപുരത്ത് വിമാനമിറങ്ങി വീട്ടിലെത്തുമ്പോള്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും തന്റെ നിര്‍ബന്ധപ്രകാരം ടെസ്റ്റ് നടത്തിയതിനെത്തുടര്‍ന്നാണു രോഗം കണ്ടുപിടിച്ചതെന്നും മുത്തലിബ് പറഞ്ഞു.
Also Read: ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍
”മാര്‍ച്ച് 15നു ജനറല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ അങ്ങോട്ട് ആവശ്യപ്പെട്ടു. ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്നായിരുന്നു ലഭിച്ച മറുപടി. 17നു വീണ്ടും ടെസ്റ്റിനായി പോയെങ്കിലും അതേ മറുപടിയാണു കിട്ടിയത്. 21നു പോയി, പനിയും കടുത്ത ചുമയുണ്ടെന്ന് കള്ളം പറഞ്ഞതോടെയാണു ടെസ്റ്റ് നടത്തിയത്. 23നു ഫലം വന്നതോടെ പോസിറ്റീവായിരുന്നു. കാസര്‍ഗോഡ് 19 പേര്‍ക്കു രോഗം സ്ഥിരീകരിച്ച ദിവസമായിരുന്നു അത്.” യുവാവ് പറഞ്ഞു.
ഭാര്യയെക്കൂടാതെ മുത്തലിബിന്റെ ജ്യേഷ്ഠനും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നു. മാര്‍ച്ച് 27നാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്നു രാത്രി മുത്തലിബിനെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അതുവരെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുത്തലിബ്. 27 മുതല്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിന്റെ സഹോദരന് ഏപ്രില്‍ 22നു ഡിസ്ചാര്‍ജായി വീട്ടിലെത്തി.
വീണ്ടുമൊരു സിസേറിയനു തയാറെടുത്ത് പരിയാരം
മുത്തലിബിന്റെ ഭാര്യ ഉള്‍പ്പെടെ കോവിഡ് പോസിറ്റീവായ ആറ് ഗര്‍ഭിണികളാണു പരിയാരത്ത് ചികിത്സയിലുണ്ടായിരുന്നത്. കോവിഡ് രോഗികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന് തിയേറ്ററിലാണു യുവതിയെ സിസേറിയനു വിധേയമാക്കിയത്. യുവതിയുടെ രണ്ടാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണു സിസേറിയന് നടന്നത്. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
കോവിഡ് കാലത്തെ ശസ്ത്രക്രിയ സാധാരണത്തേതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതാണെന്നു സിസേറിയനു നേതൃത്വം നല്കിയ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ് അജിത്ത് പറയുന്നു.
Also Read: കോവിഡ് വിജയത്തിന്റെ കാസര്‍ഗോഡ് മോഡല്‍
”രോഗം പിടിപെടുമോയെന്ന ആശങ്ക ആരോഗ്യപ്രവര്ത്തകര്ക്കുണ്ടാവും. പിപിഇ കിറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളും ധരിക്കുമ്പോള്‍ കടുത്ത ചൂടുണ്ടാകുന്നതിനാല് അസ്വസ്ഥത അനുഭവപ്പെടതിനൊപ്പം തന്നെ, കൂടെയുള്ള ഡോക്ടര്‍മാരോടും നഴ്സ്മാരോടും സംസാരിക്കുന്നതു പ്രയാസമാണ്, കേള്‍ക്കാനും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം നേരിടുന്നതിനു നേരത്തെ പരിശീലനം നല്‍കിയിരുന്നു. അപ്പോള്‍ പിന്നെ ആംഗ്യം കാണിച്ചാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കു മനസിലാകും. ഇത്തരം വെല്ലുവിളി ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയുള്ള പരിയാരത്തുണ്ടെന്നതാണ് ഏറ്റവും വലിയ കാര്യം,’ ഡോ. അജിത്ത് പറഞ്ഞു.
സിസേറിയന് ആവശ്യമായ മറ്റൊരു ഗര്‍ഭിണി കൂടി പരിയാരത്ത് കോവിഡ് ചികിത്സയിലുണ്ട്. ഏപ്രില്‍ 13നു രോഗം സ്ഥിരീകരിച്ച ഇവരുടെ പരിശോധന ഫലം നെഗറ്റീവായാല്‍ ഉടന്‍ ഓപ്പറേഷനു വിധേയമാക്കുമെന്നു ഡോ. അജിത്ത് പറഞ്ഞു. മറ്റു നാലു പേരും രോഗം ഭേദമായവരാണ്. ഇതിലൊരാളായ കാസര്‍ഗോഡ് സ്വദേശിനി എട്ടു മാസം ഗര്‍ഭിണിയാണ്. മറ്റു മൂന്നുപേര്‍ യഥാക്രമം 12,13,14 ആഴ്ച പ്രായമായ ഗര്ഭമുള്ളവരാണ്.
ഈ ആറു പേരും പ്രാഥമിക സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരാണ്. രോഗികളില്‍ ഒരാള്‍ക്കു മാത്രമേ ശ്വാസംമുട്ട് പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നുള്ളൂ. മറ്റാര്‍ക്കും കാര്യമായുള്ള ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നു ഡോ. അജിത്ത് പറഞ്ഞു.
കോവിഡ് സംശയിച്ച മറ്റു രണ്ടു ഗര്‍ഭിണികളുടെ പ്രസവവും സിസേറിയന് വഴി പരിയാരത്ത് നടന്നിട്ടുണ്ട്. ഇതിലൊന്ന് ആരോഗ്യ പ്രവര്‍ത്തകയായിരുന്നു. മറ്റൊരാള്‍ കാസര്‍ഗോഡ് സ്വദേശിനിയും. ഇവരുടെ രണ്ടു പേരുടെയും കോവിഡ് പരിശോധനാ ഫലങ്ങള്‍ പിന്നീട് നെഗറ്റീവായി.
Also Read:സമൂഹവ്യാപനമുണ്ടോ? കാസര്‍ഗോട്ട് രണ്ടായിരം സ്ക്രീനിങ് കിറ്റ് വാങ്ങും
കോവിഡ് സംശയിച്ച കാസര്‍ഗോഡ് സ്വദേശിനിക്കു മാര്‍ച്ച് 22നാണു സിസേറിയന് നടന്നത്. ഈ കേസില്‍ കോവിഡ് ഫലം നെഗറ്റീവാണോ പോസിറ്റീവാണോ എന്നറിയാത്തതിനാല്‍ സിസേറിയന് സമയത്ത് അല്‍പ്പം ആശങ്കയുണ്ടായിരുന്നുവെന്ന് ശസ്ത്രക്രിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശബ്നം എസ് നമ്പ്യാര്‍ പറഞ്ഞു.
”കോവിഡ് ഫലം പോസിറ്റീവ് ആയാലും ചികിത്സ നല്‍കണമല്ലോ. പരിയാരത്ത് അക്കാര്യത്തില്‍ പരിശീലനം ലഭിച്ച പ്രത്യേക സംഘമുണ്ട്. അതേസമയം പിപിഇ കിറ്റും ഗോഗിളും സാധാരണ ഗ്ലൗസിനൊപ്പം സിസേറിയനുള്ള ഗ്ലൗസും ധരിക്കുന്നത് അസ്വസ്ഥതയുണ്ടാകുന്നതാണ്. ഗോഗിള്‍ ധരിക്കുമ്പോള്‍ കാഴ്ച കുറയും. പിപിഇ കിറ്റ് ധരിക്കുന്നതുമൂലം കേള്വിക്കുറവുണ്ടാകുന്നതിനാല് ആശയവിനിമയം അല്‍പ്പം വെല്ലുവിളിയുണ്ടാക്കും. എന്നാല്‍ സഹായിക്കാനെത്തുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രതയുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല,” ഡോ. ശബ്നം പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.