കുമളി: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ പോലും ചികിത്സയിലില്ലാത്ത രണ്ട് ജില്ലകളില്‍ ഒന്നാണ് ഇടുക്കി. ഗ്രീന്‍ സോണാണെങ്കിലും അത്ര ആശ്വാസകരമല്ല   കാര്യങ്ങള്‍. അതിര്‍ത്തി ജില്ലയാണെന്നതാണ് ഇടുക്കിയെ ആശങ്കയിലാക്കുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും സമാന്തര പാതകളിലൂടെ ആളുകള്‍ ഇടുക്കിയിലേക്കു പ്രവേശിക്കുന്നതും വെല്ലുവിളിയാകുന്നു. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ലയില്‍ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

തമിഴ്‌നാട്ടില്‍ 1596 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 76 എണ്ണം ഇന്നലെ മാത്രം സ്ഥിരീകരിച്ചവയാണ്. ഇതിനോടകം 18 പേര്‍ വൈറസ് ബാധമൂലം സംസ്ഥാനത്ത് മരിച്ചു. മൊത്തം രോഗികളില്‍ 43 പേര്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയിലാണ്. ഈ സ്ഥിതിവിശേഷമാണ് കേരളത്തിന്റെ ആശങ്കയ്ക്കു കാരണം. ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിയവരാണെന്നത് ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

Also Read: ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം വരെ തടവുശിക്ഷ

ആരോഗ്യവകുപ്പിനൊപ്പം റവന്യു, പൊലീസ്, വനം വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ഒത്തുചേര്‍ന്നാണു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തമിഴ്‌നാട്ടില്‍നിന്നു വനപാതകളിലുടെ ആളുകള്‍ എത്താനുള്ള സാധ്യതകൾ  വളരെക്കൂടുതലാണ്. ഇതു പ്രതിരോധിക്കുകയെന്നതാണു ജില്ലയെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യം.

ഇത്തരത്തില്‍ ആളുകള്‍ ഇടുക്കിയിലേക്കു പ്രവേശിക്കുന്നത് തടയാനും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 23 വാര്‍ഡുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി വരുന്ന ഈ വര്‍ഡുകളില്‍  ഏപ്രില്‍ 21 വരെയായിരുന്നു 144 പ്രഖ്യാപിച്ചത്. സാഹചര്യം ഗുരുതരമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്ന് വരെ നിരോധനാജ്ഞ നീട്ടുകയായിരുന്നു.

ജില്ലയ്ക്ക് അനുവദിച്ച പ്രത്യേക ഇളവുകള്‍ പിന്‍വലിച്ചതിനു പിന്നാലെ അതിര്‍ത്തി മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. അതിര്‍ത്തി പട്ടണമായ കുമളിയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പഴം പച്ചക്കറിക്കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ ഒഴികെ ബേക്കറികള്‍ ഉള്‍പ്പെടെ മറ്റെല്ലാ കടകളും അടയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമെ നല്‍കാന്‍ പാടുള്ളൂ. മറ്റ് സ്ഥലങ്ങളിലും സമാന അവസ്ഥയാണ്.

സമാന്തര പാതകളിലൂടെ കടന്നുവരുന്നവരെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ തന്നെ പട്രോളിങ് നടത്തുകയാണു പൊലീസ്. അതിര്‍ത്തി പ്രദേശം വലുതായതിനാല്‍ ഒരു വഴിയിലൂടെ മാത്രമല്ല ആളുകള്‍ വരുന്നത്. അതിനാല്‍ പൊതുജന സഹകരണത്തോടെയാണു നിരീക്ഷണം നടക്കുന്നതെന്ന് കുമളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയപ്രകാശ് പറഞ്ഞു.

വഴികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സന്നദ്ധ സേന കൂടി രൂപീകരിച്ചതായി കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് പറഞ്ഞു.

അതിര്‍ത്തിയിലൂടെ വരുന്നവരെ തിരിച്ചയക്കാതെ ഐസൊലെഷനില്‍ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഡിഎംഒ എന്‍ പ്രിയ ഇന്ത്യന്‍ എക്‌സപ്രസ് മലയാളത്തോട് പറഞ്ഞു.

”മലയാളികള്‍ അടക്കമുള്ളവരാണ് കൂടുതലും വരുന്നത്. ഇവരെ അതതു പഞ്ചായത്തിലെ ഐസൊലേഷന്‍ സെന്ററുകളിലാക്കുകയാണ്. പരിശോധനാ ഫലം നെഗറ്റീവാകുന്ന സാഹചര്യത്തിലും ക്വാറന്റൈന്‍ കാലത്തിനും ശേഷം മാത്രമേ ഇവരെ വിടുകയുള്ളൂ,” ഡിഎംഒ പറഞ്ഞു.

റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണു ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്. കുമളി പഞ്ചായത്തില്‍ മാത്രം രണ്ട് ഐസൊലേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി ഷീബ പറഞ്ഞു.

”ചൊവ്വാഴ്ച മാത്രം 12 പേര്‍ അതിര്‍ത്തി കടന്നെത്തി. ഇവരുള്‍പ്പടെ 80 പേര്‍ രണ്ട് ഐസോലെഷന്‍ സെന്ററുകളിലായി കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം വന്നവരില്‍ ഒരു അമ്മയും കൈകുഞ്ഞും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെയെല്ലാം സംരക്ഷണം പഞ്ചായത്തിനാണ്. ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ പഞ്ചായത്ത് ലഭ്യമാക്കും. വരും ദിവസങ്ങളിലും ഇത്തരത്തില്‍ വരുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത,” ഷീബ പറഞ്ഞു.

സമാനമായ സജ്ജീകരണങ്ങളാണ് ചക്കുപ്പള്ളം ഗ്രാമപഞ്ചായത്തും ഒരുക്കിയിരിക്കുന്നത്. ചക്കുപ്പള്ളത്ത് ഐസോലെഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും 115 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.

കൂടുതലായി ആളുകള്‍ വരുന്ന സാഹചര്യമുണ്ടായാല്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കോവിഡ്-19 ഐസോലെഷന്‍ സെന്ററുകളാക്കാനാണു റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ രണ്ട് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത ഘട്ടത്തിൽ കെടിഡിസിയുടെ ഇൻഫർമേഷൻ സെന്ററും വേണ്ടിവന്നാൽ കുമളിയിലെ സ്വകാര്യ റിസോര്‍ട്ടുകളും, ഇതിന്റെ സാധ്യതയും ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പീരുമേട് തഹസില്‍ദാര്‍ എം.കെ. ഷാജി പറഞ്ഞു.

Also Read: തമിഴ്‌നാട്ടിൽ കോവിഡ്: അതിർത്തി ജില്ലകളിൽ കർശന പരിശോധന

അതിര്‍ത്തി വനമേഖലയായതിനാല്‍ വനം വകുപ്പിന്റെ സേവനവും ജില്ലയില്‍ നിര്‍ണായകമാണ്. ഏലം ഹില്‍ റിസര്‍വുള്ള കമ്പംമെട്ട്, ചിന്നാര്‍, കല്ലാര്‍, ചെല്ലാര്‍കോവില്‍ എന്നീ സെക്ഷനുകളില്‍ നൈറ്റ് പട്രോളിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതായി കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.ജി. രതീഷ് പറഞ്ഞു.

”എസ്റ്റേറ്റുകളാണ് അതിര്‍ത്തി പ്രദേശങ്ങളിലുള്ളത്. ഇവിടങ്ങളില്‍ ആളുകള്‍ വരുന്നത് കണ്ടാല്‍ അറിയിക്കാന്‍ നാട്ടുകാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പംമെട്ടില്‍ പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തുന്നുണ്ട്. ആദിവാസി പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുന്നുമുണ്ട്,” രതീഷ് പറഞ്ഞു.

ഒരു ഘട്ടത്തില്‍ വലിയ ആശങ്ക നിലനിന്നിരുന്ന ജില്ല രോഗികളാരുമില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയെങ്കിലും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്ന വാര്‍ഡുകളുള്‍പ്പടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളും കനത്ത ജാഗ്രതയിലാണ്. ഇനി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശാ പ്രവര്‍ത്തകരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.