scorecardresearch
Latest News

വെരിഫിക്കേഷനില്‍ കാലതാമസം; നാട്ടിലെത്താന്‍ കാത്തിരിപ്പ് തുടര്‍ന്ന് മറുനാടന്‍ മലയാളികള്‍

ഒരാള്‍ക്കു കേരളത്തിലേക്ക് വരാന്‍ സംസ്ഥാനത്തിന്റെ പാസ് കൂടിയേ തീരൂ. ഇതു കൂടാതെ യാത്ര ആരംഭിക്കുന്ന സംസ്ഥാനത്തിന്റെയും കടന്നുവരുന്ന സംസ്ഥാനങ്ങളുടെയും പാസ് കൈവശം വയ്ക്കണം

വെരിഫിക്കേഷനില്‍ കാലതാമസം; നാട്ടിലെത്താന്‍ കാത്തിരിപ്പ് തുടര്‍ന്ന് മറുനാടന്‍ മലയാളികള്‍
ഇഞ്ചിവിള ചെക്ക് പോസ്റ്റ് | ഫൊട്ടോ : പിആര്‍ഡി

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നു നാട്ടിലേക്കു വരാന്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് പാസിനായി ഒരാഴ്ചയിലേറെയായി കാത്തിരിക്കുകയാണു തിരുവനന്തപുരം സ്വദേശി എസ്.എൻ സോജി. കേരളത്തിലേക്കുള്ള പാസ് ലഭിക്കാന്‍ വണ്ടി നമ്പരും വരുന്ന തിയതിയും പോര്‍ട്ടലില്‍ നല്‍കണം. എന്നാല്‍ സോജിക്കു സ്വന്തമായി വാഹനമില്ല. അങ്ങനെയുള്ളവര്‍ക്കു വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞതനുസരിച്ച് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇങ്ങനെ കേരളത്തിലേക്കു കടക്കാന്‍ പാസ് ലഭിക്കാതെ കുഴങ്ങുന്ന നൂറുകണക്കിനു മലയാളികളില്‍ ഒരാള്‍ മാത്രമാണു സോജി.

”ടാക്സി കാര്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും 14,000 രൂപയാണു വാടക ചോദിച്ചത്. അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കു നാട്ടിലേക്കു വരാന്‍ കെടിഡിസി വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം അവിടെയും രജിസ്റ്റര്‍ ചെയ്തെങ്കിലും വാഹനം ലഭിച്ചിട്ടില്ല,” സോജി പറഞ്ഞു. കര്‍ണാടകയുടെ പാസ് ലഭിക്കുന്നതിലെ കാലതാമസവും സോജിയ്ക്കു വിനയായിരിക്കുകയാണ്.

സമാന അനുഭവമാണു കണ്ണൂര്‍ സ്വദേശിനി വര്‍ഷ പ്രമോദിനും പറയാനുള്ളത്. അപേക്ഷ നല്‍കി ഒരാഴ്ച കഴിഞ്ഞാണു കേരളത്തിന്റെ പാസ് ലഭിച്ചതെന്നു ചെന്നൈയില്‍ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുന്ന വര്‍ഷ പറഞ്ഞു. എന്നാല്‍ ഒപ്പം യാത്ര ചെയ്യേണ്ടവര്‍ക്കു പാസ് ലഭിച്ചിട്ടില്ല. മേയ് 10ന് അപേക്ഷിച്ച വര്‍ഷയ്ക്ക് പാസ് അനുവദിച്ചതു 16-നാണ്. മറ്റുള്ളവര്‍ക്കു കൂടെ പാസ് ലഭിച്ചാല്‍ പത്തൊമ്പതോടെ യാത്ര ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വര്‍ഷ പറഞ്ഞു.

കേരളത്തിലേക്കു വരാന്‍ വര്‍ഷയും മറ്റു മൂന്നുപേരും കൂടിയാണു ടാക്‌സി ബുക്ക് ചെയ്തിരിക്കുന്നത്. ഒറ്റയ്ക്ക് വാളയാര്‍ വരെ പോകുന്നതിലെ ഭയം കാരണം സംഘമായി പോകുന്നതിനുള്ള ശ്രമം നടത്തിയാണ് വര്‍ഷ മറ്റു മൂന്ന് പേരെ കണ്ടെത്തിയത്.

” മുന്‍പരിചയമില്ലാത്ത ഞങ്ങള്‍ പാസിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് കൂടുതല്‍ സൗഹൃദത്തിലാകുന്നത്. അതില്‍ രണ്ടുപേര്‍ എറണാകുളംകാരും ഒരാള്‍ കോഴിക്കോടുകാരിയുമാണ്. വാളയാര്‍ വരെ എത്തിക്കാമെന്ന് ടാക്‌സി ഡ്രൈവര്‍ പറഞ്ഞിട്ടുണ്ട്. ഒരു കിലോമീറ്ററിന് 15 രൂപ കൊടുക്കണം. അങ്ങോട്ടുമിങ്ങോട്ടുമുള്ള ചാര്‍ജ് കൊടുക്കണം. വാളയാറിലെത്തി മറ്റൊരു ടാക്‌സിയില്‍ കണ്ണൂരിലേക്ക് പോകാനാണ് ശ്രമം,” വര്‍ഷ പറഞ്ഞു.

‘അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാനുള്ള പ്രയാസമാണ് പലര്‍ക്കുമുള്ളത്. ആ പ്രശ്‌നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്,’ എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാഴ്ച പറഞ്ഞത്. എന്നിട്ടും സോജി ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

എന്നാല്‍, ടൂറിസം വകുപ്പിന്റെ പ്ലാറ്റ്‌ഫോമില്‍ സര്‍വീസ് നടത്താന്‍ തയാറുള്ള വാഹന ഉടമകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരുമായി മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് നേരിട്ട് ബന്ധപ്പെടാമെന്നും ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”ഈ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ വാഹനത്തിന്റെ നമ്പരും മറ്റും തെരഞ്ഞെടുക്കാനാകും,” അവര്‍ പറഞ്ഞു.

കടന്നുവരുന്ന സംസ്ഥാനങ്ങളുടെ പാസ് നിര്‍ബന്ധം

ഒരാള്‍ക്കു കേരളത്തിലേക്ക് വരാന്‍ സംസ്ഥാനത്തിന്റെ പാസ് കൂടിയേ തീരൂ. ഇതു കൂടാതെ യാത്ര ആരംഭിക്കുന്ന സംസ്ഥാനത്തിന്റെയും കടന്നുവരുന്ന സംസ്ഥാനങ്ങളുടെയും പാസ് കൈവശം വയ്ക്കണം. ഇവിടങ്ങളിലെല്ലാം ഓരോ രീതിയിലാണ് പാസ് വിതരണം ചെയ്യുന്നത്.

സോജിക്കു തമിഴ്നാട്ടിലൂടെ വേണം ബംഗളുരുവില്‍നിന്നു തിരുവനന്തപുരത്ത് എത്താന്‍. തമിഴ്‌നാടിന്റെ പാസ് ലഭിക്കാന്‍ കേരളം നല്‍കിയ പാസിന്റെ വിവരങ്ങള്‍ കൊടുക്കണം. കേരളത്തിന്റെ പാസ് ലഭിക്കാത്തതിനാല്‍ സോജിക്ക് തമിഴ്‌നാട് പാസിന് അപേക്ഷിക്കാന്‍ കഴിയുന്നില്ല. കര്‍ണാടകയില്‍ പാസ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡും ഫോട്ടോയും ബന്ധപ്പെട്ട വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനൊപ്പം യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. കര്‍ണാടകയില്‍ പാസിനായി അപേക്ഷ നല്‍കിയെങ്കിലും പ്രോസസിങ്ങിലാണെന്നു സന്ദേശമാണ് ഒരാഴ്ചയായി കാണിക്കുന്നതെന്നു സോജി പറഞ്ഞു.

domestic returnees pass, ഡൊമെസ്റ്റിക് പാസ്‌, മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് വരാനുള്ള പാസ്‌, covid19, കോവിഡ്-19, jagratha portal, ജാഗ്രതാ പോര്‍ട്ടല്‍, keralam, iemalayalam, ഐഇമലയാളം
കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമേട്ടില്‍ നടക്കുന്ന പരിശോധന

യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാകും കേരളത്തിലെ അപേക്ഷയുടെ വിവരങ്ങള്‍ തമിഴ്‌നാട് ആവശ്യപ്പെടുന്നതെന്നും പല സംസ്ഥാനങ്ങള്‍ക്കും പല രീതിയാണെന്നും ഐടി മിഷന്‍ മിഷന്‍ ഓഫീസിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി സംഘം ചേര്‍ന്ന് പാസെടുക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വാഹനമുള്ളവരുടെ കൂടെ മറ്റുള്ളവരും ചേര്‍ന്ന് പാസെടുക്കാനാണു ശ്രമം. ബസ് വാടകയ്‌ക്കെടുത്തും ആളുകള്‍ പോകുന്നുണ്ട്. എന്നാല്‍ അവിടെയും മറ്റു സംസ്ഥാനങ്ങളിലെ പാസ് കിട്ടാനാണു ബുദ്ധിമുട്ടെന്നു സോജി പറയുന്നു. കര്‍ണാടകയുടെ പാസിന് എട്ടൊമ്പത് ദിവസത്തെ കാലതാമസം ഉണ്ടാകുന്നു. അതേസമയം, കേരളത്തിന്റെ പാസ് ലഭിക്കുന്നതില്‍ തുടക്കത്തില്‍ പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും ഇപ്പോഴതില്ല.

Read More | ‘ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് വേണം, ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം; അറിയേണ്ടതെല്ലാം’

പേര്, വിലാസം, പഞ്ചായത്ത്, താലൂക്ക്, വാര്‍ഡ്, ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ക്കൊപ്പം, വാഹനം ഉണ്ടോ അതോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാഹനം കാത്തുനില്‍ക്കുകയാണോ, ക്വാറന്റൈനില്‍ ഇരിക്കാന്‍ സമ്മതമാണോ, കോവിഡ്-19 ലക്ഷണങ്ങളുണ്ടോ, വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയിരുന്നതായി സോജി പറഞ്ഞു.

പാസ് വൈകാന്‍ കാരണം ഇതാണ്

ജാഗ്രതാ പോര്‍ട്ടലില്‍ വരുന്ന അപേക്ഷകളുടെ വെരിഫിക്കേഷനില്‍ വരുന്ന കാലതാമസം കൊണ്ടാണ് അപ്രൂവല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതെന്ന് ഐടി മിഷന്റെ കോഴിക്കോട് പ്രോജക്ട് മാനേജര്‍ സിഎം മിഥുന്‍ കൃഷ്ണ പറഞ്ഞു.

”ഒരാള്‍ അപേക്ഷ നല്‍കുമ്പോള്‍ അതിന്റെ വിവരം ഉടന്‍ തന്നെ ജില്ലാ കലക്ടറുടെ ഡാഷ് ബോര്‍ഡില്‍ ലഭ്യമാണ്. അവിടെനിന്നു തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും ഉടന്‍ തന്നെ നിര്‍ദേശം പോകും. തുടര്‍ന്ന് അപേക്ഷകനെക്കുറിച്ചുള്ള വിവരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ അന്വേഷിച്ചറിയുകയും അപേക്ഷകനു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യത്തിലെ കാലതാമസാണ് അപ്രൂവല്‍ വൈകുന്നതിന് കാരണം. വെബ്‌സൈറ്റിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടല്ല അനുമതി വൈകുന്നത്,” മിഥുന്‍ കൃഷ്ണ പറഞ്ഞു.

കേരളത്തിലേക്കു കടക്കാന്‍ പാസ് ലഭിക്കുന്നതെങ്ങനെ?

കേരളത്തിലേക്കു കടക്കാനുള്ള പാസ് ലഭിക്കാന്‍ അനവധി പ്രക്രിയകളിലൂടെ കടന്നു പോകേണ്ടതുണ്ട്. ആദ്യം നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം അതില്‍നിന്നു ലഭിക്കുന്ന നമ്പര്‍ കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കണമെന്നു നോര്‍ക്ക പിആര്‍ഒ സലിന്‍ മാങ്കുഴി പറഞ്ഞു.

”അതതു ജില്ലാ കലക്ടര്‍മാര്‍ക്കാണു പാസ് നല്‍കുന്നതിന്റെ ചുമതല. തുടര്‍ന്നുള്ള പ്രക്രിയ പൂര്‍ത്തിയാക്കുന്നത് കലക്ടറും യാത്രക്കാരന് എത്തേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുമാണ്. അപേക്ഷന് ഡിജിറ്റല്‍ പാസ് കലക്ടറേറ്റില്‍നിന്നു നല്‍കും,” അദ്ദേഹം പറഞ്ഞു. പാസിനുള്ള അപേക്ഷ ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ അപേക്ഷകനെ വിളിച്ച്, നല്‍കിയ വിവരങ്ങള്‍ അന്വേഷിക്കും.

kumily check post
ഇടുക്കിയിലെ കുമളിയിലെ ചെക്ക് പോസ്റ്റിലെ ഹെല്‍പ്പ് ഡെസ്‌ക് | ഫൊട്ടോ: പിആര്‍ഡി

കോവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍

കോവിഡ്-19 ബാധിച്ചതോ ക്വാറന്റൈന്‍ ചെയ്യപ്പെട്ടതോ ആയ ആളുകളെ തത്സമയം നിരീക്ഷിക്കാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പിന്തുണ നല്‍കാനുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനമാണു ജാഗ്രതാ പോര്‍ട്ടല്‍. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ സജ്ജമാക്കിയ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ഐടി മിഷനും ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളും മറ്റും പങ്കാളികളാണ്. ജാഗ്രതാ പോര്‍ട്ടല്‍ സംവിധാനം കോഴിക്കോട് ജില്ലയിലാണ് ആദ്യം നടപ്പാക്കിയത്. സംവിധാനം വിജയകരമാണെന്ന് ണ്ടതോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

ഒരാള്‍ ഡൊമെസ്റ്റിക് പാസിനുള്ള അപേക്ഷ നല്‍കുമ്പോള്‍ അത് ഒരേസമയം ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കും തദ്ദേശഭരണ സ്ഥാപനത്തിനുമാണ് ആദ്യമെത്തുക. തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അപേക്ഷകന്റെ വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമുണ്ടോയെന്നു പരിശോധിച്ച് റിമാര്‍ക്‌സ് എഴുതും. തുടര്‍ന്ന് കലക്ടര്‍ അത് അപ്രൂവ് ചെയ്യും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ റിജക്ട് ചെയ്യാനും സാധ്യതയുണ്ടെന്നും കൊല്ലം ജില്ല ഐടി മിഷന്‍ ഓഫീസിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read More | മറ്റു ജില്ലകളിലേക്ക് യാത്ര: പാസ് ലഭിക്കാനുള്ള നിബന്ധനകള്‍; അറിയേണ്ടതെല്ലാം

അപേക്ഷകന്റെ വിവരങ്ങള്‍, ബന്ധപ്പെട്ട കലക്ടറുടെ ഓഫീസ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെയും ഡാഷ് ബോര്‍ഡുകളിലേക്കു നല്‍കും. റെഡ് സോണ്‍ പ്രദേശത്തുനിന്നു വരുന്നവരെ ചുവപ്പ് നിറത്തിലായിരിക്കും രേഖപ്പെടുത്തുക.

പാസ് അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍ അപേക്ഷകന് സന്ദേശം ലഭിക്കും. അതിലുള്ള ലിങ്കില്‍നിന്നു പാസ് ഡൗണ്‍ലോഡ് ചെയ്ത് യാത്ര ആരംഭിക്കാം. വരുന്ന സംസ്ഥാനത്തില്‍ നിന്നുള്ള പാസും ഇടയിലുള്ള സംസ്ഥാനങ്ങളുടെ പാസും വാങ്ങണം. കാരണം, ആ സംസ്ഥാനത്തിലൂടെയുള്ള യാത്ര സുഗമമാകണം.

അപേക്ഷ നിരസിക്കപ്പെടുന്നത് എന്തുകൊണ്ട്?

അപേക്ഷകന്‍ നല്‍കുന്ന വിവരങ്ങളിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് മാത്രമേ അപേക്ഷ നിരസിക്കപ്പെടുകയുള്ളൂവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശരിയായ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അപേക്ഷ നിരസിക്കും. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ നല്‍കിയാല്‍ അവയും നിരസിക്കും. സംഘമായി യാത്ര ചെയ്യുന്നുവെന്ന് അപേക്ഷയില്‍ പറഞ്ഞിട്ട് ചിലപ്പോള്‍ ഒരാളുടെ വിവരങ്ങള്‍ മാത്രമേ നല്‍കിയിട്ടുണ്ടാകുകയുള്ളൂ. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം.

അപേക്ഷാ മാതൃകയിലെ എല്ലാ ഫീല്‍ഡുകളും പൂരിപ്പിക്കണം. പേര്, വിലാസം, ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നു വരാനുള്ള കാരണം, ചികിത്സാസംബന്ധമായ കാരണങ്ങള്‍ കൊണ്ടാണ് വരുന്നതെങ്കിലോ, അവിടത്തെ ജോലി പൂര്‍ത്തിയാക്കി വരുന്നതെങ്കിലോ ആണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണം. ഒരു രേഖകളുമില്ലാതെ നല്‍കുന്ന അപേക്ഷകള്‍ പ്രോസസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

അപേക്ഷ ലഭിച്ചാല്‍ ഉടന്‍ അനുമതി

അപേക്ഷകര്‍ക്ക് ചെക്ക് പോസ്റ്റില്‍ എത്താന്‍ കഴിയുന്ന ദിവസവും സമയവും പോര്‍ട്ടലില്‍ രേഖപ്പെടുത്താം. എങ്കിലും അവ അനുവദിച്ച് കിട്ടണമെന്നില്ല. കാരണം, ഓരോ ദിവസവും നാല് ടൈം സ്ലോട്ടുകളുണ്ട്. ആ സമയത്ത് കടത്തിവിടുന്നവരുടെ എണ്ണത്തിനു പരിമിതിയുണ്ട്. ആ പരിമിതി കഴിഞ്ഞാല്‍ മറ്റൊരു സമയം എടുക്കാന്‍ അപേക്ഷിക്കുമ്പോള്‍ തന്നെ നിര്‍ദേശം ലഭിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അപേക്ഷ സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ എത്രയും വേഗം അനുമതി നല്‍കാറുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റന്നാളത്തേക്കാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ഇന്നു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കും. അടുത്ത നാലഞ്ച് ദിവസത്തേക്കുള്ള എല്ലാ അപേക്ഷകളിലും തീരുമാനമെടുത്തു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

യാത്രയ്ക്കു മുന്‍കൂട്ടി പദ്ധതി തയാറാക്കണം

യാത്ര മുന്‍കൂട്ടി പദ്ധതി തയാറാക്കിയ ശേഷമേ അപേക്ഷിക്കാന്‍ പാടുള്ളൂ. ലഭിക്കുന്ന ടൈം സ്ലോട്ടില്‍ ചെക്ക് പോസ്റ്റില്‍ എത്തുകയാണ് വേണ്ടത്. അല്ലാതെ ആ സമയത്ത് യാത്ര ആരംഭിക്കുകയല്ല വേണ്ടത്. രണ്ടു മൂന്ന് ദിവസത്തെ ഇടവേള നല്‍കി വേണം ദിവസവും സമയവും നല്‍കാന്‍. അല്ലാതെ നാളെ യാത്ര ചെയ്യാന്‍ ഇന്ന് അപേക്ഷ നല്‍കരുത്. അപ്പോള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കും. അനുവദിച്ച ടൈം സ്ലോട്ടില്‍ എത്തുന്നതാണ് നല്ലത്. ഇത് ചെക്ക് പോസ്റ്റില്‍ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യാത്ര പുനക്രമീകരിക്കാനും അവസരം

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് വാളയാര്‍, മുത്തങ്ങ ചെക്ക്പോസ്റ്റുകള്‍ വഴിയുള്ള യാത്ര പുനക്രമീകരിക്കാന്‍ അവസരമുണ്ട്. യാത്രാപാസ് ലഭിച്ചവര്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി തീയതി നേരത്തേയാക്കാനാണ് അവസരം. ഇതിനുള്ള ക്രമീകരണം പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്.

ഞായറാഴ്ചത്തെ യാത്ര ഒഴിവാക്കണം

കേരളം ഞായറാഴ്ച പൂര്‍ണമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം യാത്ര ഒഴിവാക്കാനാണ് അപേക്ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. എങ്കിലും ഞായറാഴ്ച അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല. അപേക്ഷയിന്മേലുള്ള അന്വേഷണ പ്രക്രിയയും അനുമതി നല്‍കുന്നതുമെല്ലാം ശനിയും ഞായറുമെല്ലാം തുടരുന്നുണ്ട്.

ചെക്ക് പോസ്റ്റിലെ നടപടിക്രമങ്ങള്‍

ഇഞ്ചിവിള, ആര്യങ്കാവ്, കുമിളി, വാളയാര്‍, മുത്തങ്ങ, തലപ്പാടി എന്നിവയാണ് കേരളാതിര്‍ത്തിയിലെ പ്രധാന ചെക്ക്‌പോസ്റ്റുകള്‍. അപേക്ഷകര്‍ ചെക്ക് പോസ്റ്റുകളില്‍ പാസിലെ യുണീക് നമ്പര്‍ നല്‍കണം. അവിടത്തെ സിസ്റ്റത്തില്‍ ഈ നമ്പര്‍ നല്‍കുമ്പോള്‍ യാത്രക്കാരുടെ വിശദ വിവരങ്ങളെല്ലാം അവിടെ ദൃശ്യമാകും. ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ അപേക്ഷകര്‍ പോകുന്ന തദ്ദേശഭരണ സ്ഥാപനം, ക്വാറന്റൈന്‍ വിവരങ്ങള്‍ എന്നിവ അവിടെ അപ്‌ഡേറ്റ് ചെയ്യും.

ചെക്ക് പോസ്റ്റില്‍ അപേക്ഷര്‍ യാത്ര ചെയ്യുന്ന വാഹനം അണുവിമുക്തമാക്കും. യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും കോവിഡ്-19 ലക്ഷണങ്ങളില്ലെങ്കില്‍ തുടര്‍ യാത്ര അനുവദിക്കുകയും ചെയ്യും. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രിയിലേക്കു വിടും.

കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റായ വാളയാറിലേക്ക് എത്തുന്നതിനു നാല് കിലോമീറ്റര്‍ മുന്‍പ് ചാവടി എാ സ്ഥലത്ത് തമിഴ്നാട്, കേരള പോലീസുകള്‍ അപേക്ഷകരെത്തുന്ന വാഹനത്തെ സ്വീകരിക്കുകയും പാസ് പരിശോധിക്കുകയും ചെയ്യും.

സ്വന്തം വാഹനത്തിലല്ല വരുന്നതെങ്കില്‍ വന്ന വാഹനം തിരികെ അയക്കും. വാഹനത്തിലുള്ളവരെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി ചെക്ക് പോസ്റ്റിലേക്ക് കൊണ്ടുവരും. അവിടെ 14 കൗണ്ടറുകള്‍ ഉണ്ട്. അതില്‍വച്ച് പരിശോധനകള്‍ നടത്തും.

രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആശുപത്രിയിലേക്കു മാറ്റും. അല്ലെങ്കില്‍ ചെക്ക് പോസ്റ്റിനു സമീപത്തുനിന്നു വാടകയ്ക്ക് വാഹനം ലഭിക്കും. ആര്‍ടിഒയുടെ നേതൃത്വത്തിലാണ് ഈ വാഹനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Read More | കോവിഡ് ബാധിതനു ആയിരത്തിലേറെ പേരുമായി സമ്പര്‍ക്കം; ഇടുക്കിയില്‍ ആശങ്ക

സ്വന്തം വാഹനത്തിലാണ് എത്തിയതെങ്കില്‍ അത് അണുവിമുക്തമാക്കുകയും, ചെക്ക്പോസ്റ്റിലെ പരിശോധനകള്‍ക് ശേഷം, രോഗലക്ഷണങ്ങള്‍ ഒന്നുമിലെങ്കില്‍ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്യും.

”ചെക്ക് പോസ്റ്റില്‍നിന്നു തുടര്‍യാത്രാ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ അതതു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കു വിവരം ലഭിക്കും. ആ ഓഫീസര്‍ തന്റെ കീഴിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ ഉപയോഗിച്ച് വീട്ടിലെത്തിയ അപേക്ഷന്റെ വിവരങ്ങള്‍ ദിവസവും അന്വഷിച്ച് റിപ്പോര്‍ട്ട് ചെയ്യും. 14 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ അക്കാര്യം രേഖപ്പെടുത്തി ക്വാറന്റൈനില്‍നിന്നു വിടുതല്‍ നല്‍കും,’ ഐടി മിഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, മലപ്പുറത്തുനിന്നു സ്വന്തം കാറില്‍ ചെന്നൈയില്‍ പോയി മകന്‍ വിമലിനെ കൂട്ടിക്കൊണ്ടുവന്ന മലപ്പുറം സ്വദേശി ഹരശങ്കരന്‍ പറയുന്നത് ചെക്ക് പോസ്റ്റില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷം നാട്ടിലേക്ക് അയച്ചുവെന്നാണ്. നാട്ടിലെ തദ്ദേശഭരണ സ്ഥാപനവുമായി ബന്ധപ്പെടാനും പറഞ്ഞിരുന്നു.

‘തദ്ദേശഭരണ സ്ഥാപനത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് ഭാര്യയെ സമീപത്തെ ജ്യേഷ്ഠന്റെ വീട്ടിലേക്കു മാറ്റുകയും എന്നെയും മകനെയും സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കുകയും ചെയ്തു,” ഹരശങ്കരന്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്നു തിരിച്ചുവരാന്‍ പാസ് കൊടുത്തു തുടങ്ങിയ മേയ് ഏഴിന് തന്നെ അദ്ദേഹം പാസ് എടുത്ത് ചെന്നൈയിലേക്ക് പോകുകയും മകനുമായി ഒമ്പതിന് തിരിച്ചെത്തുകയുമായിരുന്നു.

ഇതുവരെ എത്തിയത് 47,151 പേര്‍

റോഡ് മാര്‍ഗം കേരളത്തിലേക്ക് വരാന്‍ 2,85,880 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചത്. 1,23,972 പേര്‍ക്ക് പാസ് അനുവദിച്ചു. വിവിധ ചെക്ക് പോസ്റ്റിലൂടെ 47,151 പേര്‍ ഇതിനകം സംസ്ഥാനത്തിലെത്തി. ട്രെയിന്‍ വഴിയെത്താന്‍ 4,694 പേര്‍ക്കാണ് പാസ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാസ് മുഖേനെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നവരെ ആരോഗ്യവകുപ്പിന്റെ ജീവനക്കാരും ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് കോഴിക്കോഡ് കോവിഡ് സെല്ലിലെ ജീവനക്കാര്‍ പറഞ്ഞു. ഇതുവരെ 300-ല്‍ അധികം പേരെ വിളിച്ച് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്ന് കോവിഡ് കൗണ്‍സിലിങ് സെന്റര്‍ ജീവനക്കാര്‍ പറഞ്ഞു. വിഷമം അനുഭവിക്കുന്നവരെക്കുറിച്ച് സെന്ററിലേക്ക് ആശാ വര്‍ക്കര്‍മാരും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എട്ട് സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് ട്രെയിന്‍

എട്ട് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അനുവദിക്കാമെന്ന് റെയില്‍വെ സമ്മതിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബംഗളൂരു-തിരുവനന്തപുരം ഐലന്‍ഡ് എക്‌സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതായും റെയില്‍വെ അറിയിച്ചിട്ടുണ്ട്. അത് നോണ്‍ എസി ട്രെയിനാക്കാന്‍ ശ്രമിക്കുന്നുണ്ട്.

Read More | ലോക്ക്ഡൗണ്‍ ഇളവുകള്‍: ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കേരളം

ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നോണ്‍ എസി ട്രെയിനില്‍ എത്തിക്കാനുള്ള മാര്‍ഗം തേടിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ടിക്കറ്റ് അവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ ഹെല്‍പ്പ് ഡെസ്‌ക്ക് ഇത് ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus lockdown how to apply for movement pass for travel to kerala jagratha portal