തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പൊതുജനങ്ങൾക്ക് അത്യവശ്യ സാഹചര്യങ്ങളിൽ മത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളു. ഇതിന് പ്രത്യേക പ്രത്യേക സത്യവാങ്മൂലവും വെഹിക്കിൾ പാസും ഏർപ്പെടുത്തിയിരുന്നു. ഈ സൗകര്യങ്ങൾ ഇനി ഓൺലൈനിലും ലഭ്യമാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൊതുജനങ്ങൾക്ക് //pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

Also Read: കേരളത്തിൽ 20 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്റെ ഒപ്പ് അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും.

യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നുതവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്.

നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അപേക്ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.