തിരുവനന്തപുരം: കേരളത്തിൽ രണ്ട് ജില്ലകൾ കൂടി ഗ്രീൻ സോണിലേക്ക് മാറ്റണമെന്ന് അഭിപ്രായം. ആലപ്പുഴയും തൃശൂരും ഗ്രീൻ സോണിലേക്ക് മാറ്റണമെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉടലെടുത്തത്. ആലപ്പുഴയിലും തൃശൂരിലും 21 ദിവസമായി പുതിയ പോസിറ്റീവ് കേസുകളില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് രണ്ട് ജില്ലകളും ഗ്രീൻ സോണിലേക്ക് മാറ്റണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

നിലവിൽ രണ്ട് ഗ്രീൻ സോണുകൾ

കേരളത്തിൽ ഇപ്പോൾ രണ്ട് ഗ്രീൻ സോണുകളാണ് ഉള്ളത്. കേന്ദ്ര മാനദണ്ഡപ്രകാരം എറണാകുളവും വയനാടുമാണ് ഗ്രീൻ സോണിൽ ഉള്ളത്. ആലപ്പുഴയും തൃശൂരും ഗ്രീൻ സോണിലേക്ക് മാറ്റിയാൽ ആകെ ഗ്രീൻ സോണുകളുടെ എണ്ണം നാലാകും.

Read Also: മദ്യശാലകൾ തുറക്കില്ല, ഗ്രീൻ സോണിലും ബസ് സർവീസ് ഇല്ല; ഇളവുകൾ വേണ്ടന്നുവച്ച് കേരളം

കേന്ദ്ര മാനദണ്ഡം പാലിക്കണം

കേന്ദ്ര മാനദണ്ഡപ്രകാരമായിരിക്കണം ഗ്രീൻ സോണുകൾ നിശ്ചയിക്കേണ്ടത്. കേന്ദ്ര അനുമതി ഉണ്ടെങ്കിലേ ഇത് സാധ്യമാകൂ. നിലവിൽ കേന്ദ്രം രണ്ട് ജില്ലകളാണ് ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. മറിച്ച് സംസ്ഥാന സർക്കാരിന് കേന്ദ്രത്തോട് ആവശ്യപ്പെടാം.

ഒരു മേഖല ഗ്രീൻ സോൺ ആകുന്നത് എങ്ങനെ?

21 ദിവസം തുടർച്ചയായി പോസിറ്റീവ് കേസുകൾ ഇല്ലെങ്കിൽ മാത്രമേ ഒരു മേഖല ഗ്രീൻ സോണിലേക്ക് മാറ്റാൻ സാധിക്കൂ. നിലവിൽ തൃശൂരും ആലപ്പുഴയും 21 ദിവസമായി പോസിറ്റീവ് കേസുകൾ ഇല്ലാത്ത ജില്ലയാണ്.

രണ്ട് ജില്ലകൾ റെഡ് സോണിൽ

കേരളത്തിൽ രണ്ട് ജില്ലകളാണ് റെഡ് സോണിലുള്ളത്. ഇവിടെ കടുത്ത നിയന്ത്രണങ്ങൾ തുടരും. കോട്ടയവും കണ്ണൂരുമാണ് നിലവിൽ റെഡ് സോണിലുള്ള ജില്ലകൾ. ബാക്കി പത്ത് ജില്ലകളും ഓറഞ്ച് സോണിലാണ്. തൃശൂരും ആലപ്പുഴയും ഗ്രീൻ സോണിലേക്ക് മാറിയാൽ ഓറഞ്ച് സോണുകളുടെ എണ്ണം എട്ട് ആകും.

അന്തിമ തീരുമാനം ഇന്ന് വൈകീട്ട്

ആലപ്പുഴയും തൃശൂരും ഗ്രീൻ സോണിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ ഇന്ന് വൈകീട്ട് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. വൈകീട്ട് അഞ്ചിനുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കും.

Read Also: ഇന്ന് മടങ്ങുന്നത് 3600 അതിഥി തൊഴിലാളികള്‍; യാത്രാച്ചെലവ് കേരളം വഹിക്കേണ്ടിവരും

ഗ്രീൻ സോണിലെ ഇളവുകൾ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചില ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊതുഗതാഗതം തുറന്നുകൊണ്ടുള്ള നിർദേശമാണ്. ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതിയുണ്ട്. എന്നാൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം ഗ്രീൻ സോണുകളിൽ അനുവദിക്കാമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും സംസ്ഥാനം വേണ്ടന്നുവച്ചിരിക്കുകയാണ്. ഗ്രീന്‍ സോണുകളില്‍ പൊതുഗതാഗതമില്ല. ബസും മെട്രോയും ഓടില്ല. കേന്ദ്രമാനദണ്ഡപ്രകാരം ടാക്‌സി, ഓട്ടോ അനുവദിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും അനുവദിക്കില്ല.

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല. ഗ്രീൻ സോണിലും ബസ് സർവീസ് ഉണ്ടാകില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയാൽ അത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താറുമാറാക്കുമെന്നാണ് സർക്കാർ നിരീക്ഷണം. മദ്യവിൽപ്പന ആരംഭിച്ചാൽ തിരക്ക് അനിയന്ത്രിതമാകുമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.