തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഫലപ്രദമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധവൽക്കരണ പരിപാടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിലവിൽ 7677 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധനയ്ക്കയച്ച 1897 സാമ്പിളുകളിൽ 1345ഉം നെഗാറ്റീവാണ്.

അതേസമയം ലോകത്താകെ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്നും പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം ഉണാടകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് സൗകര്യം കൂട്ടും. ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

നിരീക്ഷണത്തിലുള്ള വീടുകളിൽ ഭക്ഷണം ഉണ്ടോയെന്ന കാര്യം ഉറപ്പാക്കും. ഇതിനായി വോളിന്റിയർമാരുടെ എണ്ണം വർധിപ്പിക്കും. കേരളത്തിലേക്ക് എത്തുന്ന ദീർഘദൂര ട്രെയിനുകളിൽ പരിശോധന നടത്തും. രണ്ട് ബോഗിയിൽ ഒരു സംഘമെന്ന നിലയ്ക്കായിരിക്കും അതിർത്തി പ്രദേശങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നത്. യാത്രക്കാർക്ക് ഇതു സംബന്ധിച്ച അറിയിപ്പും നൽകും.

വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. ഓരോ വിമാനത്താവളങ്ങളിലും എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. സംസ്ഥാനത്ത് വാഹന യാത്രക്കാരെയും പരിശോധിക്കും. ഡിവൈഎസ്പിമരുടെ നേതൃത്വത്തിലായിരിക്കും നിരത്തുകളിലെ പരിശോധന. പൊതു ഗതാഗത സംവിധാനങ്ങളും ശുദ്ധീകരിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.