Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

കേരളത്തിൽ ഇന്നും ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍

ആകെ 33010 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 32315 എണ്ണവും നെഗറ്റീവാണെന്ന് ഉറപ്പുവരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആയിട്ടുണ്ട്.

ഇടുക്കി – 11, കോഴിക്കോട് – 4, കൊല്ലം – 9, കണ്ണൂര്‍ – 19, കാസര്‍കോട് – 2, കോട്ടയം – 12, മലപ്പുറം – 2, തിരുവനന്തപുരം – 2. എന്നിങ്ങനെയാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലാത്തവയായി മാറും.

ഇനി ചികിത്സയിലുള്ളത് 34 പേര്‍

ഇതുവരെ 499 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. അതില്‍ 61 പേര്‍ ഇന്ന് ആശുപത്രി വിടും. അതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. 21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33,010 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 32,315 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.

ഹോട്ട്‌സ്‌പോട്ടുകള്‍ 84

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1846 എണ്ണം നെഗറ്റീവ് റിസള്‍ട്ട് വന്നിട്ടുണ്ട്. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. പുതുതായി ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലില്ല. കണ്ണൂരില്‍ കൊറോണ വൈറസ് ബാധിച്ച് 37 പേര്‍ ചികിത്സയിലുണ്ട്. കോട്ടയത്ത് 18 പേരും കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതവുമാണ് ചികിത്സയില്‍. ഇന്നു മാത്രം 1249 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടന്നത്.

വിദേശത്ത് മരിച്ചത് 80-ല്‍ അധികം മലയാളികള്‍

കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവുന്നു എന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍, കേരളീയര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ മഹാവ്യാധിയുടെ പിടിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 80-ല്‍ അധികം മലയാളികള്‍ ഇതുവരെ കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. ഇന്ത്യയ്ക്കകത്ത് മറ്റു സംസ്ഥാനങ്ങളിലും നമ്മുടെ സഹോദരങ്ങളെ ഈ രോഗം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഒരുപക്ഷെ നമ്മളെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരു അനുഭവമാണിത്. കോവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Read Also: ആശ്വാസ തീരത്തേക്ക്; ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി തുടങ്ങി

സംസ്ഥാനത്തേക്ക് മടങ്ങാൻ ഒന്നരലക്ഷം മലയാളികൾ

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് 166263 മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ. യഥാക്രമം 55188, 50863, 22515 പേർ എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമുള്ള രജിസ്ട്രേഷൻ.

Also Read: Coronavirus Kerala Live Updates

28272 പേരാണ് ഇതുവരെ സംസ്ഥാനത്തേക്ക് വരുന്നതിന് പാസിന് അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 5470 പേർക്ക് പാസ് വിതരണം ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചവരെ 515 പേർ അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് എത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്തവരെ മുൻഗണന ക്രമത്തിൽ നാട്ടിലെത്താക്കാനുള്ള നടപടികളും ആരംഭിച്ചതായി മുഖ്യമന്ത്രി.

covid 19, norka
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പാറശാലയിലെ ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ സംസ്ഥാനത്തിലേക്ക് എത്തുന്നവര്‍

 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാനുള്ള ഇതര സംസ്ഥാന പ്രവാസി രജിസ്ട്രേഷന്‍ 170917 ആയെന്ന് നോര്‍ക്ക അറിയിച്ചു. മുന്‍ഗണനാക്രമത്തില്‍ യാത്രാ അനുമതി ലഭിച്ചവര്‍ കേരളത്തിലെത്തി തുടങ്ങി. http://www.covid19jagratha.kerala.nic.in വെബ്സൈറ്റ് വഴിയാണ് ഡിജിറ്റല്‍ യാത്രാ പാസ് നല്‍കുന്നത്.

വിദേശത്തുനിന്നും മടങ്ങുന്നവരുടെ എണ്ണം 4.27 ലക്ഷമായി

വിദേശത്തു നിന്ന് മടങ്ങിയെത്തുന്നതിന് രജിസ്റ്റര്‍ ചെയ്ത മലയാളികളുടെ എണ്ണം 4.27 ലക്ഷമായെന്ന് നോര്‍ക്കയുടെ പ്രസ്താവന പറയുന്നു. വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി ഓരോ മൊബൈല്‍ നമ്പര്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്. കൈവശമുള്ള മൊബൈല്‍ നമ്പര്‍ ഡിസ്‌കണക്ടായിട്ടുണ്ടെങ്കില്‍ റീകണക്ട് ചെയ്യുമെന്നും സിം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതേ നമ്പറില്‍ പുതിയ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ അഞ്ചിലൊന്ന് ആളുകള്‍ക്കു മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തോ നാട്ടിലെത്താന്‍ കഴിയൂ. മറ്റുള്ളവര്‍ ഗതാഗതസൗകര്യം ഒരുക്കിയില്ലെങ്കില്‍ തിരിച്ചെത്താന്‍ പ്രയാസമുള്ളവരാണ്. അവര്‍ക്ക് ഇപ്പോഴുള്ള സ്ഥലങ്ങളില്‍നിന്ന് കേരളത്തിലെത്തിച്ചേരാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണയും ഇടപെടലും ആവശ്യമുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം സഹിതം പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചിട്ടുണ്ട്.

കേരളത്തില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകളില്‍ സംസ്ഥാനത്തേക്ക് വരേണ്ട പ്രവാസി മലയാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാന്‍ അത്യാവശ്യമുള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം തന്നെ വരുത്തിയിട്ടുണ്ട്.

യാത്ര ചെയ്യാന്‍ കളക്ടറുടെ അനുമതി വാങ്ങേണ്ടത് ഇങ്ങനെ

നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് കോവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടറില്‍നിന്ന് യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്‌പോസ്റ്റ്, എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തി അപേക്ഷ നല്‍കണം.

കലക്ടര്‍മാര്‍ അനുവദിക്കുന്ന പാസ് മൊബൈല്‍-ഇമെയില്‍ വഴിയാണ് നല്‍കുക. ഏതു സംസ്ഥാനത്തു നിന്നാണോ യാത്ര തിരിക്കുന്നത് അവിടെനിന്നുള്ള അനുമതിയും സ്‌ക്രീനിങ് വേണമെങ്കില്‍ അതും യാത്ര തിരിക്കുന്നതിനു മുമ്പ് ഉറപ്പാക്കണം. നിര്‍ദിഷ്ട സമയത്ത് ചെക്ക്‌പോസ്റ്റിലെത്തിയാല്‍ പാസ് കാണിച്ച് ആവശ്യമായ വൈദ്യപരിശോധനയ്ക്കുശേഷം സംസ്ഥാനത്തേക്ക് കടക്കാം.

വാഹനങ്ങളില്‍ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി വരെ വാടക വാഹനത്തില്‍ വന്ന് തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പോകേണ്ടവര്‍ സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡ്രൈവര്‍മാര്‍ യാത്രയ്ക്കുശേഷം ക്വാറന്റൈനില്‍ പോകണം. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് വീടുകളിലേക്ക് പോയി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. രോഗലക്ഷണമുള്ള യാത്രക്കാരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുട്ടികളെയോ ഭാര്യാ ഭര്‍ത്താക്കന്‍മാരെയോ മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാന്‍ അങ്ങോട്ട് യാത്ര ചെയ്യേണ്ടിവരുന്നെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. അതോടൊപ്പം അവരുടെ സ്വന്തം ജില്ലാ കലക്ടര്‍മാരില്‍നിന്ന് പാസ് വാങ്ങണം.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രയ്ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ പാസ് നല്‍കും. കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അവിചാരിത ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സെക്രട്ടറിയറ്റിലെ വാര്‍ റൂമുമായോ നിര്‍ദിഷ്ട ചെക്ക്‌പോസ്റ്റുമായോ ബന്ധപ്പെടണം.

ഇതര സംസ്ഥാന മലയാളികളിലെ മുന്‍ഗണനക്കാര്‍ ഇവരാണ്‌

മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കെ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര പോയ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍പ്പെടും. വരുന്നവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.

ഈ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത് സംസ്ഥാനത്ത് കോവിഡ്-19 ബാധ നിയന്ത്രിച്ചുനിര്‍ത്താനും വരുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷയെ കരുതിയുമാണ്. കൂട്ടത്തോടെ നിയന്ത്രണമില്ലാതെ ആളുകള്‍ വരുന്നത് അപകടത്തിനിടയാകും. ഘട്ടം ഘട്ടമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ

കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. ഇതേ ട്രെയിനിൽ തന്നെ നാട്ടിലേക്ക് മലയാളികൾക്ക് മടങ്ങാനുള്ള അനുമതി നൽകണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇതിനുപുറമെ പ്രത്യേക നോൺസ്റ്റോപ് ട്രെയിനുകളും അനുവദിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ്

പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപാധികളോടെയായിരിക്കും ലൈസന്‍സ് നല്‍കുക. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം നേടിയ അസാധാരണ നേട്ടം സംസ്ഥാനത്തെ സുരക്ഷിതമായ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഈ മഹാമാരിക്കിടയിലും കേരളമാണ് ഏറ്റവും സുരക്ഷിത നിക്ഷേപകേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു പക്ഷെ മറ്റേത് വികസിത രാഷ്ട്രത്തോടും കിട പിടിക്കുന്ന തരത്തിലുള്ളതാണ് നമ്മുടെ മനുഷ്യ വിഭവശേഷി എന്നത് തന്നെയാണ് കാര്യം. ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus latest update by cm pinarayi vijayan with stats

Next Story
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷയ്ക്ക് തുറക്കാം; സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ഇളവുകളും നിയന്ത്രണങ്ങളും ഇവയാണ്‌green zone, keralam
The moderation of comments is automated and not cleared manually by malayalam.indianexpress.com