തൃശൂർ: കോവിഡ് എന്ന മഹാവ്യാധിയെ പ്രതിരോധിക്കാൻ കയ്യും മെയ്യും മറന്ന് പോരാടുകയാണ് മലയാളികൾ. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുതൽ ഏറ്റവും താഴെതട്ടിലുള്ള ജനങ്ങൾ വരെ ആ പോരാട്ടത്തിൽ അണിചേർന്നിരിക്കുകയാണ്. അതിൽ കേരള പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയണം. മതിപ്പുളവാക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ പൊലീസ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കാൻ സംസ്ഥാനവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം നിയന്ത്രണങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കേരള പൊലീസിൽ നിക്ഷിപ്‌തമായിരിക്കുന്നത്. കോവിഡ് കാലത്തെ ഡ്യൂട്ടിയെ കുറിച്ചും നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ചും തൃശൂർ ജില്ലയിലെ നെടുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ ഉദ്യോഗസ്ഥയായ സിന്റി ജിയോ സംസാരിക്കുകയാണ്.

Read Also: എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു, ഭക്ഷണം കഴിച്ചു, നിയമസഭയിൽ പോയി; ഇടുക്കിക്കാരന്റെ റൂട്ട് മാപ്പ്

രണ്ട് വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയാണ് സിന്റി. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഡ്യൂട്ടിയെടുക്കേണ്ടത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ 12 മണിക്കൂർ സമയം ഡ്യൂട്ടി ചെയ്യണം. നിരവധി പേരുമായി സമ്പർക്കം പുലർത്തേണ്ടി വരുന്നുണ്ട്. മാസ്‌ക് ധരിച്ചാണ് റോഡിൽ നിൽക്കുന്നതും ആളുകളോട് ഇടപെടുന്നതും. തൃശൂർ നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിൽ ഒന്നായ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു മുന്നിലാണ് സിന്റിയുടെ ഡ്യൂട്ടി. കോവിഡുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കണ്ട് വീട്ടിലുള്ളവർക്ക് ടെൻഷനുണ്ട്. ഇത്രയേറെ ആളുകളുമായി സമ്പർക്കം പുലർത്തിയ ശേഷം വീട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ട്. പക്ഷേ, ചെയ്യുന്ന ജോലിയിൽ നിന്ന് ഭർത്താവോ വീട്ടുകാരോ തന്നെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും വലിയ പിന്തുണ നൽകുന്നുണ്ടെന്നും സിന്റി പറയുന്നു.

കോവിഡ് ഡ്യൂട്ടിക്കിടെ സിന്റി സഹപ്രവർത്തകർക്കൊപ്പം

ഇളയകുഞ്ഞിന് രണ്ട് വയസ്സാണ്. വീട്ടിൽ പ്രായമായവർ മൂന്ന് പേരുണ്ട്. ശരീരിക അവശതകളുള്ളവരാണ്. പ്രായമായവരിൽ പെട്ടന്ന് വൈറസ് ബാധിക്കാൻ സാധ്യതയുള്ളതായി വാർത്തകളിൽ കാണുന്നുണ്ട്. അതുകൊണ്ട് നല്ല ടെൻഷൻ തോന്നാറുണ്ടെന്ന് സിന്റി പറയുന്നു. രാത്രി എട്ടുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുന്നതിനു മുൻപ് താൻ വീട്ടുകാരെ വിളിക്കുമെന്ന് സിന്റി പറയുന്നു. വീടിന്റെ അടുത്ത് എത്തുമ്പോൾ വീട്ടിൽ ഫോൺ വിളിച്ചു അറിയിക്കും. അപ്പോൾ തന്നെ വീട്ടിലുള്ളവർ കുഞ്ഞിനെ വീടിന്റെ മുൻഭാഗത്തേക്ക് കൊണ്ടുപോകും. ഞാൻ വീടിന്റെ പിന്നിലൂടെ അകത്തേക്ക് കയറും. സ്‌കൂട്ടറിലാണ് പോകുന്നതും വരുന്നതും. സ്‌കൂട്ടറടക്കം വീടിന്റെ പിന്നിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുക. വീട്ടിലെത്തിയാൽ ഉടനെ കുളിക്കും. ഡ്യൂട്ടിക്ക് ധരിച്ച വസ്ത്രങ്ങളെല്ലാം അലക്കാനായി മുക്കിവയ്‌ക്കും. ആ സമയത്തൊന്നും വീട്ടിലെ ആരുമായും ഇടപഴകില്ല. കുളി കഴിഞ്ഞ ശേഷമാണ് പിന്നീട് വീട്ടുകാരുമായി സംസാരിക്കുന്നതും കുഞ്ഞിനെ എടുക്കുന്നതും. ഒരുപാട് ശ്രദ്ധിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും സിന്റി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഹൈദരബാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിലുള്ളതിനാൽ അതൊരു ആശ്വാസമാണെന്നും സിന്റി പറഞ്ഞു.

Read Also: പൊലീസുകാർക്ക് വെള്ളം കൊടുക്കണം, ആരോഗ്യപ്രവർത്തകരെ വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുത്: മുഖ്യമന്ത്രി

ഇത്രയൊക്കെ ബുദ്ധിമുട്ടുമ്പോഴും ആളുകളുടെ മനോഭാവം ഏറെ വേദനിപ്പിക്കുന്നതാണെന്നും സിന്റി പറയുന്നു. ഇത്രയേറെ ഗുരുതരമായ സ്ഥിതിവിശേഷമായിരുന്നിട്ടും പലർക്കും അത് മനസിലാകുന്നില്ല. തമാശ മട്ടിലാണ് ഇതിനെയൊക്കെ പലരും കാണുന്നത്. യുവാക്കളാണ് കൂടുതലും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നിരവധിപേർ പുറത്തിറങ്ങുന്നുണ്ട്. തൊടുന്യായങ്ങളാണ് പലരും പറയുന്നത്. വീട്ടിലിരുന്ന് ബോറടിക്കുമ്പോൾ സൈക്കിളും ബൈക്കുമെടുത്ത് കറങ്ങി നടക്കുന്നവരാണ് പലരും. എത്ര പറഞ്ഞിട്ടും അവർ കാര്യം മനസിലാക്കുന്നില്ല. ‘സത്യവാങ്‌മൂലം ഉണ്ടല്ലോ, ഞങ്ങൾക്ക് പോയാൽ എന്താ’ എന്നാണ് പലരും ചോദിക്കുന്നത്.

ഇന്നലെ കീമോ ചെയ്യാനായി എലൈറ്റ് ആശുപത്രിയിലേക്ക് ഒരു കുടുംബം വന്നു. ഒരു കാറിൽ മൂന്ന് പേരുണ്ടായിരുന്നു. കീമോ ചെയ്യേണ്ട ആൾക്ക് ഒപ്പം ഒരാൾ പോരെ എന്നു അവരോട് ചോദിച്ചു. എന്നാൽ, അവർ പൊലീസിനോട് തട്ടിക്കയറുകയാണ് ചെയ്‌തത്. നല്ല ചൂടാണ് പുറത്ത്. കുടിക്കാനുള്ള വെള്ളം പോലും ആരും ഞങ്ങൾക്ക് തരുന്നില്ല. വെള്ളം തരാത്തതിലൊന്നും വിഷമമില്ല. വെള്ളമൊന്നും തരണ്ട. പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ മതി. സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ എല്ലാം മറന്നാണ് നിരവധി പൊലീസ് ഉദ്യോഗസ്ഥർ പണിയെടുക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ മനസിലാക്കി ജനങ്ങൾ സഹകരിച്ചാൽ മതി. അതുതന്നെ വലിയ ആശ്വാസമാകുമെന്നും സിന്റി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.