കൊച്ചി: സംസ്ഥാനത്തും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി മെട്രോ സർവീസുകളുടെ എണ്ണം കുറയ്ക്കുന്നു. അനവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്തുന്നതിനായി മാർച്ച് 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ മെട്രോ സർവീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. താൽക്കലികമായിട്ട് മാത്രമാണ് നിലവിൽ സർവീസുകൾ വെട്ടികുറയ്ക്കുന്നത്.
കെച്ചി മെട്രോ സർവീസ് ആരംഭിക്കുന്ന രാവിലെ ആറു മുതൽ പത്ത് വരെ കൃത്യമായി ഓരോ 20 മിനിറ്റിലും മെട്രോ സർവീസ് നടത്തുകയുള്ളു. നേരത്തെ ഇത് ഓരോ ഏഴ് മിനിറ്റിലുമായിരുന്നു. രാവിലെ പത്ത് മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് മണിക്കൂറിൽ ഒന്ന് വീതം മെട്രോ ട്രെയിനുകളെ സർവീസ് നടത്തൂ. തിരക്ക് കൂടാൻ സാധ്യതയുള്ള വൈകിട്ട് നാലു മുതൽ രാത്രി 10 വരെ 20 മിനിറ്റിലും മെട്രോ ട്രെയിനെത്തും.
Also Read: എട്ട് ദിവസം, മൂന്ന് ജില്ലകള്‍; കാസർഗോഡ് കൊറോണ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ്
നാളെ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളും മെട്രോയും സർവീസ് നടത്തില്ല. ഞായറാഴ്ച 3500ലധികം ട്രെയിൻ സർവീസുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും വളരെ അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശം.
Also Read: ജനതാ കർഫ്യൂവിന് മദ്യശാലകൾ അടച്ചിടും; സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പും നിർത്തിവച്ചു
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകൾ നാളെ അടച്ചിടും. ലോട്ടറി നറുക്കെടുപ്പ് മാർച്ച് 31 വരെ നിർത്തി വയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബാറുകൾ, ബിയർ പാർലറുകൾ, ബെവ് കോ ഔട്ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷ്ണറാണ് ഉത്തരവിറക്കിയത്. എന്നാൽ നാളെ മാത്രമായിരിക്കും ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.