scorecardresearch

കേരളം യൂറോപ്പിനെക്കാൾ സുരക്ഷിതമെന്ന് ഇറ്റാലിയൻ പൗരൻ

ഇത്തവണ തികച്ചും അപ്രതീക്ഷിതമായി കേരളത്തിന്റെ മികവുറ്റ ആരോഗ്യരംഗത്തെ അറിയാനും അനുഭവിക്കാനും ഇടയായി. എല്ലാം മനസിൽ മായാതെയുണ്ടെന്നും വീണ്ടും കേരളത്തിലേക്ക് വരുമെന്നും റോബർട്ടോ പറഞ്ഞു

roberto, ie malayalam

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യപ്രവർത്തകരോട് നന്ദി അറിയിച്ച് കോവിഡ് രോഗം മാറിയ ഇറ്റാലിയൻ പൗരൻ. യൂറോപ്പിനെക്കാൾ നല്ല രീതിയിൽ കോവിഡിനെ നേരിട്ടത് കേരളമാണെന്നും ഇവിടെയാണ് കൂടുതൽ സുരക്ഷിതമെന്നും 57 കാരനായ റോബർട്ടോ ടൊണെസോ പറഞ്ഞു. കോവിഡ്‌-19 ബാധിച്ച് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന റോബർട്ടോ ഇന്നാണ് ഡിസ്ചാര്‍ജ് ആയത്. റോബര്‍ട്ടോ കൂടി രോഗവിമുക്തന്‍ ആയതോടെ സംസ്ഥാനത്തെ ചികിത്സയില്‍ ഉണ്ടായിരുന്ന അവസാനത്തെ വിദേശ വിനോദസഞ്ചാരിയും കോവിഡ് മഹാമാരിയുടെ പിടിയിൽനിന്നും രക്ഷപ്പെട്ടു.

കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും നന്ദി പറയുന്നു. വിനോദ സഞ്ചാരത്തിനെത്തിയ ഞാൻ ഇവിടത്തെ ചികിത്സ, ആശുപത്രി വാസം, ആഹാരം, പരിചരണം എന്നിവയുടെ ഗുണമറിഞ്ഞിട്ടാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ചികിത്സയിലും തുടർന്ന് നിരീക്ഷണത്തിലും കഴിഞ്ഞ ഓരോ ദിവസവും അനുഭവങ്ങളുടെ തീക്ഷ്ണത നിറഞ്ഞതായിരുന്നു. എല്ലാ വർഷവും കേരളത്തിൽ എത്താറുണ്ട്. ഇവിടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനായിരുന്നു ആ വരവെല്ലാം. ഇത്തവണ തികച്ചും അപ്രതീക്ഷിതമായി കേരളത്തിന്റെ മികവുറ്റ ആരോഗ്യരംഗത്തെ അറിയാനും അനുഭവിക്കാനും ഇടയായി. എല്ലാം മനസിൽ മായാതെയുണ്ടെന്നും വീണ്ടും കേരളത്തിലേക്ക് വരുമെന്നും റോബർട്ടോ പറഞ്ഞു.

roberto, ie malayalam

കോവിഡ് രോഗലക്ഷണങ്ങളോടെ മാർച്ച് 13-ാം തീയതിയാണ് റോബർട്ടോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മാർച്ച് 26 ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. എങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാക്കിയശേഷമാണ് റോബർട്ടോ പുറത്തുവന്നത്.

Read Also: ഒറ്റ അക്ക നമ്പർ വാഹനങ്ങൾ നിരത്തിലിറക്കാം; ഏഴു ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ

വർക്കലയിൽ താമസിച്ചിരുന്ന റോബർട്ടോ നിരവധി ഇടങ്ങളിൽ പോവുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കാൻ ബുദ്ധിമുട്ടേണ്ടി വന്നു. പക്ഷേ റോബർട്ടോയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായിരുന്നു.

രോഗമുക്തി നേടി ആശുപത്രി വിട്ട റോബർട്ടോയെ യാത്രയാക്കാൻ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രനും ജില്ലാ കലക്ടറും ആരോഗ്യപ്രവർത്തകരും എത്തിയിരുന്നു. ശൈലജ ടീച്ചറെ നേരിട്ട് വീഡിയോ കോള്‍ ചെയ്ത് റോബർട്ടോ തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. റോബര്‍ട്ടോ കേരളത്തിൽനിന്നും നേരെ ബംഗളൂരുവിലേക്കാണ് പോകുന്നത്. അതിനുള്ള യാത്രസംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ അയച്ച വിമാനത്തില്‍ മറ്റ് സഞ്ചാരികള്‍ക്കൊപ്പം അദ്ദേഹം നാട്ടിലേക്ക് മടങ്ങും.

അതിനിടെ, കേരളത്തിലെ ഏഴു ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഗ്രീൻ സോണിലുളള ജില്ലകളായ ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് ബി വിഭാഗത്തിലുളള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നത്. ഓറഞ്ച് എ വിഭാഗത്തിലുളള എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 24 മുതലാണ് ഇളവുകൾ നിലവിൽ വരിക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus keralam is safe than europe says italian man