തിരുവനന്തപുരം: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ ക്ഷണിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുമെന്ന് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക സന്നദ്ധ സേനയിൽ അംഗമാവാൻ വെബ്പോർട്ടൽ വഴി ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. 22 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് സേനയിൽ അംഗമാവാം.

യുവാക്കളെ ഉൾപ്പെടുത്തി 2, 36,000 പേരുൾപ്പെടുന്ന സന്നദ്ധ സേനക്ക് രൂപം നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകരുണ്ടാവും. 87 മുനിസിപ്പാലിറ്റികളിൽ 500 വീതവും ആറ് കോർപ്പറേഷനുകളിൽ 750 വീതവും സന്നദ്ധ പ്രവർത്തകരാണുണ്ടാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. 22നും 40നും ഇടയിലുള്ള യുവാക്കൾ ഈ ചുമതല ഏറ്റെടുക്കാൻ തയ്യാറാവണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read: റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യ വിതരണം സൗജന്യമായി: മുഖ്യമന്ത്രി

സന്നദ്ധ സേനയിലേക്കുള്ള രജിസ്ട്രേഷൻ ഓൺലെൻ വഴിയാണ് നടത്തേണ്ടത്. ഇതിനായി സാമൂഹിക സന്നദ്ധ സേനയുടെ സന്നദ്ധം വെബ് പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ പേര് രജിസ്ട്രർ ചെയ്യാം.വ്യത്യസ്തങ്ങളായ ചുമതലകൾ സന്നദ്ധ സേനയിലെ അംഗങ്ങൾ നിർവഹിക്കേണ്ടിവരും. ഭക്ഷണം തയ്യാറാക്കുകയും വീടുകളിലെത്തിക്കുകയും വേണം. സഹായങ്ങൾ ലഭിക്കാതെ വിട്ടു പോയ കുടുംബങ്ങളെ കണ്ടെത്താൻ സഹായിക്കണം. ആശുപത്രിയിൽ ഒറ്റപ്പെട്ട രോഗികൾക്ക കൂട്ടിരിക്കുന്നതിനും സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തും.

സേനയിൽ അംഗങ്ങളാവുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകും. ഇവർക്കുള്ള യാത്രാ ചിലവടക്കമുള്ള കാര്യങ്ങൽ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രികളിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ട് കഴിയുന്നവർക്കും സഹായം നൽകാൻ യുവജന കമ്മീഷൻ സംസ്ഥാനത്ത് 1465 വളണ്ടിയർമാരെ സജ്ജരാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ യുവാക്കളെയും സന്നദ്ധ സേനയുടെ ഭാഗമാക്കും.

സാാമൂഹിക സന്നദ്ധ സേനയിൽ എങ്ങനെ അംഗമാവാം

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘സന്നദ്ധം’ (//sannadham.kerala.gov.in/) എന്ന വെബ് പോർട്ടൽ വഴി സേനയിൽ അംഗമാവാം. വെബ് പോർട്ടലിന്റെ ഹോം പേജിൽ ഇതിനായി രജിസ്ട്രർ ചെയ്യുന്നതിനുള്ള ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് പേരും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ ചേർത്ത് വളണ്ടിയറായി രജിസ്ട്രർ ചെയ്യാവുന്നതാണ്. എന്തൊക്കെ സഹായങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്യാൻ കഴിയുക എന്ന കാര്യവും രേഖപ്പെടുത്തണം. 2 എംബിയിൽ കുറഞ്ഞ ഫോട്ടോഗ്രാഫ്, തിരിച്ചറിയൽ രേഖയുടെ കോപ്പി എന്നിവയും അപ് ലോഡ് ചെയ്യേണ്ടതാണ്. സന്നദ്ധ പ്രവർത്തകരുടെ പട്ടിക വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.

സന്നദ്ധപ്രവർത്തകരെ തേടി കേന്ദ്ര സർക്കാരും

സംസ്ഥാന സർക്കാരിനു പുറമേ കേന്ദ്ര സർക്കാരും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സന്നദ്ധപ്രവർത്തകരുടെ സേവനം തേടുന്നുണ്ട്. സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളാവാൻ താൽപര്യമുള്ളവർക്ക് //self4society.mygov.in/volunteer/ എന്ന പോർട്ടൽ വഴി രജിസ്ട്രർ ചെയ്യാം. സംഘടനകൾക്കും വ്യക്തികൾക്കും ഇത്തരത്തിൽ രജിസ്ട്രർ ചെയ്യാവുന്നതാണ്. നിലവിൽ 34,000ലധികം വ്യക്തികളും 1500ലധികും സംഘടനകളും വളണ്ടിയർമാരായി രജിസ്ട്രർ ചെയ്തിട്ടുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.