തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നിർമിക്കാൻ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വെന്റിലേറ്ററുകൾ, റെസ്‌പിറേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ 95 മാസ്‌ക്, ബയോ മെഡിക്കൽ ഉപകരണങ്ങൾ, ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവയുടെ നിർമാണത്തിനാണ് കേരളം തുടക്കം കുറിക്കുന്നത്.

ഇത്തരത്തിൽ കോവിഡ്-19ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് കഞ്ചിക്കോട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെ സൂപ്പർ ഫാബ്‌ലാബ്, വൻകിട, ചെറുകിട വ്യവസായ സംരംഭകർ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കി ഇതിനായി പദ്ധതി ആവിഷ്‌കരിക്കും. ഉപകരണങ്ങളുടെ മോഡൽ തയ്യാറാക്കാൻ ഫാബ്‌ലാബിനൊപ്പം വിഎസ്എസ്‌സിയുടെ സൗകര്യവും വിനിയോഗിക്കും.

കൊറോണ പ്രതിരോധം സംബന്ധിച്ച് നൂതന ആശയം സമർപ്പിക്കാൻ സ്റ്റാർട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കും. ഇതിനായി വെബ്സൈറ്റും ആരംഭിച്ചു. ക്വറന്റൈനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമുഹ രോഗബാധ തടയൽ, മാസ്ക്കുകളും കൈയ്യുറകളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ, ലോക്ക്ഡൗൺ സമയത്ത് തൊഴിലവസരവും സൃഷ്ടിക്കൽ തുടങ്ങിയ ആശയങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യന്ത്രി. നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാം. ഇവ വിദഗ്ധ പാനൽ പരിശോധിച്ച് നടപ്പാക്കും.

അതേസമയം കോവിഡ്-19 വൈറസ് വ്യാപനം സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന കാര്യം അതീവ ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യവ്യാപനത്തെ ഗൗരവമായി പരിശോധിക്കണം. അതിനാൽ, സംസ്ഥാനത്ത് റാപ്പിഡ് ടെസ്‌റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യവ്യാപനം ഒരു വാളായി കേരളത്തിന്റെ മുന്നിൽ തൂങ്ങി നിൽക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.