തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമാക്കാൻ സംസ്ഥാനം. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. ആരോഗ്യ രംഗത്തെ സർവ സന്നാഹങ്ങളുമുപയോഗിച്ച് കോവിഡ് രണ്ടാം ഘട്ടത്തെ പിടിച്ചു കെട്ടിയ കേരളം അടുത്തതായി പ്രതിരോധത്തിന് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

വിദേശത്ത് നിന്നോ മറ്റോ കേരളത്തിലേക്ക് വരുന്നവര്‍ നേരത്തെ വിവരം രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂര്‍ അനുമതി ലഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. പാസുള്ളവര്‍ക്കേ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തുകടക്കനാവൂ. ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് മറ്റൊരുഘട്ടം.

മറ്റ് അസുഖങ്ങൾ ബാധിച്ച് ചികിത്സയിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച് ക്രോഡീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാകും വിവര ശേഖരണം നടത്തുക. ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്ക് സംസ്ഥാനം ഒരുങ്ങുന്നത്.

Read More: കോവിഡ്: ഏപ്രിൽ 14 നു മുൻപ് 2.5 ലക്ഷം സാംപിളുകൾ ശേഖരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് ഭീഷണി അവസാനിച്ചാലും ഈ ഡാറ്റാബേസ് ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാവും. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്തേക്ക് പലയിടുത്ത് നിന്നും മലയാളികള്‍ തിരിച്ചെത്തുമെന്നത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നീക്കം.

നേരത്തെ കോവിഡ് 19 രോഗത്തെ ചെറുക്കാന്‍ പ്ലാസ്മ തെറാപ്പിക്ക് കേരളത്തിന് അനുമതി ലഭിച്ചിരുന്നു. കൊവിഡ് ഭേദമായവരില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് ചികിത്സ.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പരീക്ഷണം നടത്താന്‍ ഐ.സി.എം.ആര്‍ ആണ് അനുമതി നല്‍കിയത്. അമേരിക്ക, ചൈന തുടങ്ങി വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് പ്ലാസ്മ തെറാപ്പിയില്‍ പരീക്ഷണം നടക്കുന്നത്. ഇന്ത്യയില്‍ ഇത് സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചത് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് പ്രൊജക്ട് തയ്യറാക്കിയത്.

ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള ഐ.സി.എം.ആര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. ശ്രീചിത്രയുടെ നേതൃത്വത്തില്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലായാകും പരീക്ഷണം നടക്കുക. ഐ.സി.എം.ആര്‍ അനുമതി ലഭിച്ചെങ്കിലും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ കൂടി അനുമതി പരീക്ഷണത്തിന് വേണം.

കൂടാതെ ഏപ്രിൽ 14 നു ശേഷം ലോക്ക്‌ഡൗൺ പിൻവലിച്ചാലും സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്. കോവിഡ് വ്യാപനത്തെ ചെറുക്കാൻ അതീവ ജാഗ്രത തുടരണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. മൂന്ന് ഘട്ടങ്ങളായി ലോക്ക്‌ഡൗൺ പിൻവലിക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. പ്രത്യേക മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും കേരളത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.