തിരുവനന്തപുരം: കൊറോണ വൈറസിന്രെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സംസ്ഥാന ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്താൻ കേരള സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലൂടെ ഇന്നലെ മാത്രം അരലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തതായി മുഖ്യമന്ത്രി. 52480 പേർക്കാണ് ആകെ ഭക്ഷണം വിതരണം ചെയ്തത്. ഇതിൽ തന്നെ 41826 പേർക്ക് സൗജന്യമായും ഭക്ഷണം നൽകി.

പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർ വഴി വീടുകളിൽ നേരിട്ടെത്തി ഭക്ഷണം കൈമാറിയത് മുപ്പതിനായിരത്തിലധികം ആളുകൾക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1059 കമ്മ്യൂണിറ്റി കിച്ചനുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് 6 കോർപ്പറേഷനുകളും 87 മുൻസിപ്പാലിറ്റികളും പൂർണമായും കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം തുടങ്ങി. 941 പഞ്ചായത്തുകളിൽ 831 പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചതായും നാളെയോടെ ഇത് പൂർണമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: ഏത്തമിടീച്ചത് ശരിയായില്ല; യതീഷ് ചന്ദ്രക്കെതിരെ പിണറായി, റിപ്പോർട്ട് തേടി

അതേസമയം ഭക്ഷണം ആവശ്യമുള്ളവർക്ക് മാത്രമാണ് അത് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അർഹരായവരിൽ ഭക്ഷണം എത്തേണ്ടതുണ്ട്. കമ്മ്യൂണിറ്റി കിച്ചനിൽ അതുമായി ബന്ധപ്പെട്ട ചുമതലയുള്ള ആളുകൾ മാത്രമേ പാടുള്ളു. മറ്റാരും അവിടേക്ക് പോകണ്ടെന്നും മുഖ്യമന്ത്രി. കമ്മ്യൂണിറ്റി കിച്ചനിലെ ആൾക്കൂട്ടം സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

Also Read: കോവിഡ് സാമൂഹ്യവ്യാപനം; റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

ഏറെ നാളുകൾക്ക് ശേഷം പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്. സംസ്ഥാനത്ത് പുതിയതായി ആറു പേർക്കാണ് ഇന്ന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന നാല് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം സംസ്ഥാനത്തെ ആദ്യ കൊറോണ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന അറുപ്പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.