കൊച്ചി: കൊറോണ വൈറസ് ബാധിച്ച പത്തനംതിട്ട സ്വദേശികള്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വീട്ടുനിരീക്ഷണത്തില്‍നിന്നു പുറത്തുപോവുന്നുണ്ടോയെന്ന് അറിയാന്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതു ജിപിഎസ് ഉള്‍പ്പെടെയുള്ള വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍. ഇറ്റലിയില്‍നിന്ന് എത്തിയ കുടുംബവുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കത്തിലായ 900 പേരാണു നിരീക്ഷണത്തിലുള്ളത്.
നിരീക്ഷണത്തിലുള്ളവരുടെ സ്ഥാനം ജിപിഎസ് സംവിധാനത്തില്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയതായാണ് ഇവരുടെ ചലനം നിരീക്ഷിക്കുന്നത്. അയല്‍ക്കാര്‍, ആശാ വര്‍ക്കര്‍മാര്‍,ജനപ്രതിനിധികള്‍, മറ്റു സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിരീക്ഷണം നടത്തുന്നു.
Read Also:തൃശൂരിലെ കൊറോണ ബാധിതൻ ഒരു വിവാഹത്തിൽ പങ്കെടുത്തു
ഇറ്റലിയില്‍നിന്ന് എത്തിയ ദമ്പതികള്‍ക്കും ഇരുപത്തിയഞ്ച് വയസുള്ള മകനുമാണു റാന്നിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഫെബ്രുവരി 29നാണ് ഇറ്റലിയില്‍നിന്ന് എത്തിയത്. ഇവരില്‍നിന്നു ബന്ധുക്കളായ മറ്റു നാലുപേര്‍ക്കും രോഗം ബാധിച്ചു. ഇറ്റലിയില്‍നിന്ന് എത്തിയവര്‍ ഫെബ്രുവരി 29 നും മാര്‍ച്ച് ആറിനുമിടയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും ആളുകളെയും അടിസ്ഥാനമാക്കി രോഗവ്യാപന സാധ്യത മനസിലാക്കാന്‍ ഫ്‌ളോ ചാര്‍ട്ട് തയാറാക്കുകയായിരുന്നു ആരോഗ്യവകുപ്പിനു മുന്നിലുള്ള വെല്ലുവിളി. കുടുംബം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍,രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോര്‍ഡുകളും ഉപയോഗപ്പെടുത്തി.
സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ 17 സംഘങ്ങള്‍
റാന്നി, പുനലൂര്‍ എന്നിവയ്ക്കടുത്തുള്ള റസ്റ്റോറന്റുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ രോഗം ബാധിച്ച കുടുംബം എത്തിയിരുന്നു. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്, രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി വീട്ടുനിരീക്ഷണത്തിലേക്കു മാറ്റാനായി 17 മെഡിക്കല്‍ സംഘങ്ങളെയാണു നിയോഗിച്ചതെന്നു സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞു. ഓരോ സംഘത്തിലും രണ്ട് കമ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍മാര്‍, സംസ്ഥാന ആരോഗ്യ വകുപ്പില്‍നിന്നുള്ള ഒരു ഡോക്ടര്‍, ഒരു ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ ഉണ്ടായിരുന്നു. ഫീല്‍ഡ് സ്റ്റാഫ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ അല്ലെങ്കില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സോ ആകാം.
Read Also: Covid-19: കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊറോണ, കൂടുതൽ പേർ നിരീക്ഷണത്തിൽ
”ദൗത്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ ഫീല്‍ഡ് സംഘങ്ങള്‍ പല സ്ഥലങ്ങളിലും പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വന്നു. രോഗികളുടെ നീക്കം കണ്ടെത്താനായി 17 സംഘങ്ങളും കഠിനപ്രയത്‌നം നടത്തി. കുടുംബവുമായി നേരിട്ടു ബന്ധമുള്ളവരെ തരംതിരിച്ച് പ്രാഥമിക പട്ടിക ഉണ്ടാക്കി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഉള്‍പ്പെടുത്തി രണ്ടാം പട്ടികയും തയാറാക്കി. പ്രാഥമിക പട്ടികയിലുള്ളവര്‍ രോഗം വരാന്‍ അതീവ സാധ്യതയുള്ളവരാണ്,” ഡോക്ടര്‍ പറഞ്ഞു.
ബാങ്കുകളും റെസ്റ്റോറന്റുകളും പോലുള്ള നിരവധി സ്ഥലങ്ങളില്‍ രോഗം ബാധിച്ച കുടുംബം സന്ദര്‍ശിച്ച സാഹചര്യത്തിലാണു ഫ്‌ളോ ചാര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഫ്‌ളോ ചാര്‍ട്ടുകളില്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും നല്‍കിയിരുന്നു. ഈ സ്ഥലങ്ങളില്‍ പോയിട്ടുണ്ടോയെന്ന് ആളുകള്‍ക്കു മനസിലാക്കാനും അറിയിക്കാനും വേണ്ടിയാണ് ഈ സംവിധാനം ആവിഷ്‌കരിച്ചത്.
”ഫ്‌ളോചാര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ 70 കോളുകള്‍ ലഭിച്ചു. ഇവരില്‍ 15 പേര്‍ പ്രാഥമിക പട്ടികയിലാണ്. അതില്‍ 14 പേരെ വീട്ടുനിരീക്ഷണത്തിലാക്കി. പട്ടികയില്‍ ഇല്ലാത്ത ഒരാളെ തിരിച്ചറിഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,” പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മാര്‍ച്ച് 11 ലെ കണക്കനുസരിച്ച് 892 പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 860 പേര്‍ വീട്ടുനിരീക്ഷണത്തിലാണ്. മറ്റുള്ളവര്‍ ആശുപത്രികളിലാണ്.

ജിപിഎസ് ട്രാക്കിങ് എങ്ങനെ?
വീട്ടുനിരീക്ഷണത്തിലുള്ളവരെ ജിപിഎസ് ട്രാക്കിങ്ങിനായി വിദ്യാര്‍ഥി സന്നദ്ധപ്രവര്‍ത്തകരുടെ സംഘത്തെയാണു ജില്ലാ ഭരണകൂടം നിയോഗിച്ചത്. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ 15 പേരാണു സംഘത്തിലുണ്ടായിരുന്നത്. പത്തനംതിട്ടയിലെ കലക്ടറേറ്റ് ഓഫീസ് കേന്ദ്രീകരിച്ച് ജിയോ മാപ്പിങ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണു സംഘം പ്രവര്‍ത്തിക്കുന്നത്.
Read Also: ‘പെട്ടെന്ന് വിളിച്ചപ്പോൾ ഞാൻ ടെൻഷനിലായി, പൃഥ്വി കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു’
”മാപ്പുകളെ അടിസ്ഥാനമാക്കി ക്ലസ്റ്ററുകളെയും ഉയര്‍ന്ന അപകടസാധ്യതയുള്ള അയല്‍പ്രദേശങ്ങളെയും തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിയും എന്നതാണ് ഇതിന്റെ ഗുണം. ഇതു രോഗസാധ്യതയുള്ളവരുടെ പട്ടിക ശക്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും,” സംവിധാനവുമായി ബന്ധമുള്ള ഒരു ഡോക്ടര്‍ പറഞ്ഞു.
പ്രാഥമിക പട്ടികയിലുള്ള എല്ലാവരെയും അവയുടെ വിലാസങ്ങളും മാപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പട്ടികയിലുള്ളവരെ ചേര്‍ക്കുന്ന പ്രക്രിയ വ്യാഴാഴ്ച വൈകുന്നേരം പൂര്‍ത്തിയാകും.
”വീട്ടുനിരീക്ഷണത്തിലുള്ളവരില്‍ പലര്‍ക്കും പലചരക്ക് വസ്തുക്കളും മറ്റു വീട്ടുസാധനങ്ങളും സാനിറ്ററി പാഡുകള്‍ ഉള്‍പ്പെടെയുള്ളവയും ആവശ്യമുണ്ട്. അതിനാല്‍ എല്ലാ ദിവസവും വൈകിട്ട് നാലോടെ ഞങ്ങള്‍ ഈ ആളുകളുടെ മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ വിലയിരുത്തി വിവരങ്ങള്‍ പഞ്ചായത്തിലേക്ക് കൈമാറും. അടുത്ത ദിവസത്തോടെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അവ വീടുകളില്‍ എത്തിക്കും. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നുമുണ്ട്, ”ഡോക്ടര്‍ പറഞ്ഞു.
വീട്ടുനിരീക്ഷണത്തിലുള്ളവരുടെ ജിപിഎസ് ലൊക്കേഷന്‍ ആംബുലന്‍സ് സേവനത്തിനു നല്‍കുന്നു. രോഗലക്ഷണമുള്ള വ്യക്തിയെ അടിയന്തരമായി പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റും.
സാമൂഹ്യനിരീക്ഷണ സംവിധാനം
വീട്ടുനിരീക്ഷണത്തിലുള്ളവര്‍ അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ശക്തമായ സാമൂഹ്യനിരീക്ഷണ ശൃംഖല ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടുനിരീക്ഷണത്തിലുള്ളവരുമായി ദിവസവും അധികൃതര്‍ ബന്ധപ്പെടുന്നുണ്ട്. ഇതുകൂടാതെ അയല്‍പക്ക നിരീക്ഷണ സംവിധാനങ്ങളിലൂടെയും സ്ഥിതി വിലയിരുത്തും. ഏറ്റവും പുതിയ കണക്കനുസരിച്ച് വീട്ടുനിരീക്ഷണം പാലിക്കല്‍ 85 ശതമാനമാണ്.
ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്ന് ദിവസം രണ്ടു തവണയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ദിവസവും വൈകുന്നേരവും നിരീക്ഷണത്തിലുള്ളവരെ ഫോണില്‍ ബന്ധപ്പെടുന്നതായി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ള ഓരോ ആള്‍ക്കും പ്രത്യേകമായി ഒരു ഫീല്‍ഡ് സ്റ്റാഫ് ഉണ്ട്. മാനസികമായ പിന്തുണയ്ക്കും വൈദ്യേതര ആവശ്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും നിരീക്ഷണത്തിലുള്ളവരെ വിളിക്കുന്നുണ്ട്.
”20 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമടങ്ങിയ ഒരു ചോദ്യാവലി ഞങ്ങളുടെ പക്കലുണ്ട്. ഇതു നിരീക്ഷണം ലംഘിക്കുന്നുണ്ടോയെന്നു പരോക്ഷമായി പരിശോധിക്കാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. രോഗം വരാന്‍ ഉയര്‍ന്ന സാധ്യതയുള്ളവര്‍ക്കു ഫീല്‍ഡ് സ്റ്റാഫിനു നേരിട്ട് റിപ്പോര്‍ട്ടുചെയ്യാനും അവര്‍ക്കു ശാരീരിക പരിശോധന നടത്താനും കഴിയും,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
”സാമൂഹ്യനിരീക്ഷണ സംവിധാനത്തിലൂടെ, അയല്‍ക്കാരെയും ആശാ വര്‍ക്കര്‍മാരെയും പോലെ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പഞ്ചായത്ത് അംഗങ്ങളുമാകാം. സാമൂഹിക നിലയുടെയും വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വ്യത്യസ്ത ഉത്തരവാദിത്തങ്ങളുണ്ട്. അത്തരം ഉറവിടങ്ങളില്‍നിന്നു ഞങ്ങള്‍ക്കു വിവരങ്ങള്‍ ലഭിക്കുന്നു.” രോഗസാധ്യതയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും ഈ ആഴ്ച അവസാനത്തോടെ പോരായ്മകള്‍ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.