തിരുവനന്തപുരം: കേരളത്തിൽ പുതിയതായി 121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 78 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 26 പേർക്കും സമ്പർക്കത്തിലൂടെ 5 പേർക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് സിഐഎസ്എഫുകാരം മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മളനത്തിൽ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 4
കൊല്ലം – 11
പത്തനംതിട്ട -13
ആലപ്പുഴ – 5
എറണാകുളം – 5
ഇടുക്കി -5
തൃശൂർ – 26
പാലക്കാട് – 12
മലപ്പുറം -13
കോഴിക്കോട് – 9
കണ്ണൂർ – 14
കാസർഗോഡ് – 4
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 3
കൊല്ലം – 18
ആലപ്പുഴ -8
കോട്ടയം – 8
എറണാകുളം – 4
തൃശൂർ-5
പാലക്കാട്-3
മലപ്പുറം-7
കോഴിക്കോട്-8
കണ്ണൂർ-13
കാസർഗോഡ്-2
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4311 പേർക്ക്
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4311 ആയി. 2057 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 5244 സാമ്പിളുകൾ അയച്ചതുൾപ്പടെ സംസ്ഥാനത്ത് ആകെ 224727 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 46689 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 45065 എണ്ണവും രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 118 ആയി. കേരളത്തിൽ നിലവിൽ 180617 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത് ഇവരിൽ 2662 പേർ ആശുപത്രികളിലാണ്.
പൊന്നാനി താലുക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
മലപ്പുറം ജില്ലയിലെ പൊന്നാനി താലുക്കിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ ആറ് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ. മറ്റ് പ്രദേശങ്ങളിൽ വ്യാപകമായി പരിശോധന നടത്താനും തീരുമാനം. രോഗലക്ഷണങ്ങള്ളുലവർക്ക് പുറമെ ആരോഗ്യപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബ്, എന്നിവിടങ്ങളിലുള്ളവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളെജുകളിൽ നിന്നുള്ള പ്രത്യേക സംഘം ഈ പ്രദേശങ്ങളിലെത്തും. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ പതിനായിരം പരിശോധനകൾ നടത്തും. കേസുകളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് കണ്ടെയ്നമെന്റ് സോണുകളുടെ എണ്ണവും വർധിക്കും. ഉറവിടം കണ്ടെത്താനാകത്ത കേസുകളിൽ പ്രത്യേക അന്വേഷണം നടത്തും.
കേസുകളും അവരുടെ കോണ്ടാക്ടുകളും എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കി കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കും. ഈ പ്രദേശങ്ങളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രമേ ഉണ്ടാകു. കർശന നിയന്ത്രണങ്ങളുണ്ടാകും എന്നതിന് പുറമെ വീടുകൾ സന്ദർശിച്ച് ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. രോഗികളെ ആശുപത്രികളിൽ കൊണ്ടുവരുന്നത് തൊട്ട് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുന്ന ക്ലെർജി പ്ലാനും തയ്യാർ.
പ്രതിപക്ഷം വേറെ വഴിയെ…
എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്ന ഘട്ടത്തിൽ വാർഷികാഘോഷം വേണ്ടെന്ന് വച്ചിരുന്നു. മനുഷ്യരാശി വലിയൊരു മഹാമാരിയെ നേരിടുന്ന സാഹചര്യത്തിലാണ് ഇതെന്നും അല്ലാതെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറയാൻ ഇല്ലാത്തതുകൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പത്തുകൊണ്ടും സൗകര്യങ്ങൾക്കൊണ്ടും മുന്നിൽ നിൽക്കുന്ന ലോകരാജ്യങ്ങൾപോലും കേരളത്തെ ഉറ്റുനോക്കുകയാണ്.
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ അന്താരാഷ്ട്ര ഏജൻസികളും ലോകമാധ്യമങ്ങളും തുറന്ന് അംഗീകരിക്കുന്നു. കോവിഡ് പ്രതിരോധം പുതിയ തലത്തിലേക്ക് എത്തിയ അവസരത്തിൽ മറ്റൊരു അഡണ്ടയ്ക്ക്പുറകെ പോകാൻ സർക്കാരിന് താൽപര്യമില്ലെന്നും എല്ലാ ഊർജ്ജവും ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി മാറ്റിവയ്ക്കണമെന്നാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി. പ്രതിപക്ഷവും ഈ പോരാട്ടത്തിൽ കൂടെയുണ്ടാകണം. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയത്. എന്നാൽ ഇപ്പോൾ പ്രതിപക്ഷം ആ നിലയ്ക്കല്ല നീങ്ങുന്നതെന്നും മുഖ്യമന്ത്രി.
സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കം വയ്ക്കാനും ഏത് നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നാടിന്റെ ക്ഷേമം മുൻനിർത്തി സർക്കാരെടുത്ത എല്ലാ തീരുമാനങ്ങളെയും അന്ധമായി എതിർക്കുകയാണ് പ്രതിപക്ഷം.