തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 21 ആയി. അതേസമയം പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം 141 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം മയ്യനാട് സ്വദേശിയാണ് ഇന്ന് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. സ്ഥിതി രൂക്ഷമാകുന്നുവെന്നും മുഖ്യമന്ത്രി. രോഗലക്ഷണങ്ങളില്ലാതെ രോഗികളാകുന്ന കേസും ഉറവിടം കണ്ടെത്താനാകാത്ത കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ന് 60 പേർക്ക് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും. 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പത്തനംതിട്ട – 27
പാലക്കാട് – 27
ആലപ്പുഴ – 19
തൃശൂർ – 14
എറണാകുളം – 13
മലപ്പുറം – 11
കോട്ടയം – 8
കോഴിക്കോട് – 6
കണ്ണൂർ – 6
തിരുവനന്തപുരം – 4
കൊല്ലം – 4
വയനാട് – 2

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 15
കോട്ടയം – 12
തൃശൂർ – 10
എറണാകുളം – 6
പത്തനംതിട്ട – 6
കൊല്ലം – 4
തിരുവനന്തപുരം – 3
വയനാട് – 3
കണ്ണൂർ – 1

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1620 പേർ

കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3451 പേർക്ക്. ഇതിൽ 1620 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒന്നര ലക്ഷം കടന്നു. 150196 പേരാണ് കേരളത്തിൽ മാത്രം കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധിച്ച 4473 സാമ്പിളുകളുൾപ്പടെ ഇതുവരെ 144649 സാമ്പിളുകൾ പരിശോധിച്ചു. 3661 പരിശോധനഫലം വരാനുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്രെ ഭാഗമായ 39518 സാമ്പിളുകൾ പരിശോധിച്ചതിൽ 38551 എണ്ണവും നെഗറ്റീവാണ്. സംസ്ഥാനത്താകെ 111 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

നൂറിൽ കൂടുതൽ രോഗികൾ കേരളത്തിലെ ഒമ്പത് ജില്ലകളിൽ ചികിത്സയിലുണ്ട്. മെയ് നാലിന് ശേഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 2811 കേസുകളിൽ 2545 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ എത്തിയവരാണ്. ജൂൺ 15ന് ശേഷം രോഗം സ്ഥിരീകരിച്ചവരിൽ 95 ശതമാനവും പുറത്ത് നിന്ന് എത്തിയവരാണ്.

ചികിത്സയിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 201
പാലക്കാട് – 154
കൊല്ലം – 150
എറണാകുളം – 127
പത്തനംതിട്ട – 126
കണ്ണൂർ – 120
തൃശൂർ – 113
കോഴിക്കോട് – 107
കാസർഗോഡ് – 102

രോഗലക്ഷണങ്ങളില്ലാത്ത കേസുകളിൽ ആശങ്ക വേണ്ട; എന്നാൽ ഉറവിടം കണ്ടെത്താനാകത്തത് ഗുരുതരം

തിരുവനന്തപുരം ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പടെ എട്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയായി ആർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചട്ടില്ല.

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതിൽ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നാണ് വിധഗ്ധ അഭിപ്രായമെന്ന് മുഖ്യമന്ത്രി. ലോകത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ 60 ശതമാനത്തിനും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രതീക്ഷമോവാണ്. 20 ശതമാനം മിതമായ രീതിയിലും 20 ശതമാനത്തിൽ തീവ്രമായ ലക്ഷണങ്ങളും കാണുന്നു. അതിൽ തന്നെ അഞ്ച് ശതമാനം ആളുകളെയാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.

രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകളിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയും കുറവാണെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ഇത് സാരമായ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നിലവിൽ വീടിന് പുറത്താണ് മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. പൊതു സ്ഥലങ്ങളിൽ ഉള്ളതുപോലെയുള്ള കരുതൽ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മളിൽ ആരും രോഗബാധിതരായേക്കാം എന്ന ചിന്ത വേണം.

രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ അതീവ ഗുരുതരമാണ്. ഇത് സമൂഹവ്യാപനത്തിലേക്ക് നയിക്കും. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാകത്ത കേസുകൾ 40 ശതമാനത്തിലധികമാണ്. എന്നാൽ കേരളത്തിലത് രണ്ട് ശതമാനം മാത്രം. ഉറവിടം അറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപീകരിച്ച് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുന്നു. അത്തരം പ്രദേശങ്ങളെ കണ്ടെത്തി കണ്ടെയ്ൻമെന്റ് സോണുകളാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

പരിശോധനകൾ വർധിപ്പിക്കും

കേരളത്തിൽ ഇതുവരെ റൊട്ടീൻ സാമ്പിൾ, ഓഗ്മെന്റന്റ്, സെന്റിനൽ, പൂൾഡ് സെന്റിനാൽ, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിൽ 192000 സാമ്പിളുകൾ പരിശോധിച്ചു. ഇതിന്റെ തോത് വർധിപ്പിക്കുന്ന കാര്യം ആലോചനയിൽ. പരിശോധന കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെയും പരിശോധിച്ച് രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് കൂടുതൽ ആളുകളെ നിയോഗിക്കും. ഏകോപന ചുമതല മുതിർന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥായിരിക്കും.

അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലിനിക്കൽ പോസ്റ്റിങ്

ബ്രേക്ക് ദി ചെയ്ൻ എന്നതിന്റെ അർഥം നിയന്ത്രണങ്ങളുടെ ചങ്ങല പൊട്ടിക്കുക എന്നല്ല. രോഗവ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കുക എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണ ഇളവുകൾ നിലവിൽ വന്നതോടെ ബ്യൂട്ടി പർലർ അടക്കം തുറന്നിട്ടുണ്ട്. എന്നാൽ ആരോഗ്യ മുൻകരുതൽ പാലിക്കുന്നില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലിനിക്കൽ പോസ്റ്റിങ് നൽകും

തീരദേശം

കടലാക്രമണം തീരദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കും. ഇതിനായി 408 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍നിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്‍റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ വിളിച്ച് കരാര്‍ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തില്‍ മണ്‍സൂണ്‍ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ടുകോടി രൂപ വീതം അനുവദിക്കും. ഈ അടിയന്തര സഹായം ഉടനെ കൈമാറും.

ഭക്ഷ്യസുരക്ഷ

കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യവിതരണം ഉറപ്പുവരുത്താന്‍ സാധിച്ചു. കടകളില്‍ വരാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ക്ക് വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി. ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കാന്‍ പോവുകയാണ്. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യ വാരത്തോടെ കിറ്റുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടിവി വിതരണം ചെയ്തത്  കണ്ണൂരിലാണ്. 176 എണ്ണം. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് കൊച്ചി സിറ്റിയിലാണ്. 40 എണ്ണം.  സ്പോണ്‍സര്‍മാരുടേയും താല്‍പര്യമുള്ള മറ്റ് വ്യക്തികളുടേയും സഹായത്തോടെയാണ് ഇവ സംഭരിച്ചുനല്‍കിയത്.

കോവിഡ് പ്രതിരോധത്തിന് പൊലീസ് വളണ്ടിയര്‍മാര്‍ നല്‍കുന്ന സംഭാവന മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. റോപ്പ് (റോട്ടറി പൊലീസ് ഇന്‍ഗേജ്മെന്‍റ്) എന്ന പേരില്‍ പൊലീസ് വളണ്ടിയര്‍മാര്‍ക്ക് ധരിക്കാനായി ജാക്കറ്റുകള്‍ നല്‍കുന്ന പദ്ധതിയുമായി കേരളത്തിലെ റോട്ടറി ക്ലബുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 4320 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടു

വ്യാപനത്തിന്‍റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണം. അതിന്‍റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം നാം ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കുള്‍പ്പെടെ ഈ ആവശ്യമുന്നയിച്ച് സംസ്ഥാനം കത്തുകള്‍ എഴുതിയിരുന്നു. വിദേശ മന്ത്രാലയത്തിനും തുടര്‍ച്ചയായി കത്തെഴുതി.

അതിന്‍റെയടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടിരുന്നു. അതിന്‍റെ വിശദാംശങ്ങള്‍ വിദേശമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യുഎഇയാണ് റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ കഴിഞ്ഞദിവസം ഇവിടെ പറഞ്ഞതുപോലെ, ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത്. അത് അവിടുത്തെ എയര്‍ലൈന്‍ കമ്പനികളുടെ ആവശ്യാനുസരണം കൂടുതല്‍ ടെര്‍മിനലുകളിലേക്ക് വ്യാപിപ്പിക്കാനാവും എന്നാണ് വിദേശ മന്ത്രാലയം അറിയിക്കുന്നത്. ടെസ്റ്റ് ഒന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവുവരിക.

ഒമാനില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍, ജൂണ്‍ 25ന് ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്.

സൗദിയിലും റാപ്പിഡ്, ആന്‍റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളില്‍ നടത്തുന്നു. പക്ഷെ, അത് ഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടില്ല.

ബഹ്റൈനില്‍ ഇതിന് പ്രയാസമുണ്ട് എന്നാണ് വിദേശമന്ത്രാലയം അറിയിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ നാം പറഞ്ഞിട്ടുള്ളത് ജൂണ്‍ 25 മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വരുമ്പോള്‍ യാത്രക്കാര്‍ ടെസ്റ്റ് ചെയ്തിരിക്കണം എന്നതാണ്. യാത്രയ്ക്കിടയില്‍ രോഗപകര്‍ച്ച ഉണ്ടാകാന്‍ പാടില്ല.

ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്തു ചെയ്യാനാകും എന്ന് കേന്ദ്ര ഗവണ്‍മെന്‍റുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ഇതുവരെ റൂട്ടീന്‍ സാമ്പിള്‍, ഓഖ്മെന്‍റഡ്, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇതിന്‍റെ തോത് വര്‍ധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.

കൂടുതല്‍ വിമാനങ്ങള്‍ എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളങ്ങളില്‍ ഈ ക്രമീകരണത്തിന്‍റെ ഏകോപന ചുമതല നല്‍കും.

തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുകയാണ്.

മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണപോലെ ആള്‍ക്കൂട്ടുമുണ്ടാകുന്നു. കോവിഡ് ബാധിച്ച് അഭിനയിക്കാന്‍ പോയ ആളുകളും ഇവിടെത്തന്നെയാണ്. പനിയുണ്ടായിട്ടും ചുറ്റിക്കറങ്ങി എന്നാണ് പറയുന്നത്. ഇതൊക്കെ നാം അറിയാതെ നമുക്കുചുറ്റും രോഗം സഞ്ചരിക്കുന്നു എന്നതിന്‍റെ തെളിവാണ്.

നഗരത്തില്‍ ശക്തമായ നിയന്ത്രണ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളിലെ പൊതുജന സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇത് വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയറ്റ് വരെ ബാധകമാണ്. രോഗം ബാധിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത് സ്വന്തം ഭാഗത്തുനിന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദി ചെയിന്‍ എന്നതിന് നിയന്ത്രണത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ത്ഥം. രോഗവ്യാപനത്തിന്‍റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കേണ്ടത്.

ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പോസ്റ്റിങ് കൊടുക്കും.

ലോക്ക്ഡൗണില്‍ ഇളവുവരുത്തിയപ്പോള്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പല സ്ഥാപനങ്ങളിലും പാലിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുണ്ട്. പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന് ആലോചിക്കേണ്ടിവരും. സ്വയം കരുതല്‍ എടുക്കുന്നതാണ് നല്ലത്.

ഇത് എല്ലാ മേഖലകളിലും ബാധകമാണ്. ലോക്ക്ഡൗണില്‍ ഇളവ് നല്‍കുക എന്നതിന് രോഗം നാടുവിട്ടുപോയി എന്നല്ല അര്‍ത്ഥം. ബസുകളിലെയും മറ്റു വാഹനങ്ങളിലെയും ശാരീരിക അകലം പാലിക്കാതെയുള്ള യാത്രയ്ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.