സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 65 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 29 പേർക്കും സമ്പർക്കത്തിലൂടെ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. 89 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് – 14
കൊല്ലം – 13
കോട്ടയം – 11
പത്തനംതിട്ട – 11
ആലപ്പുഴ – 9
എറണാകുളം – 6
തൃശൂർ – 6
ഇടുക്കി – 6
തിരുവനന്തപുരം – 5
കോഴിക്കോട് – 5
മലപ്പുറം – 4
കണ്ണൂർ – 4
കാസർഗോഡ് – 3

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 9

കൊല്ലം – 8

പത്തനംതിട്ട – 3

ആലപ്പുഴ – 10

കോട്ടയം – 2

കണ്ണൂർ – 4

എറണാകുളം – 4

തൃശൂർ – 22

പാലക്കാട് – 11

മലപ്പുറം – 2

കോഴിക്കോട് – 1

വയനാട് – 2

കാസർഗോഡ് – 14

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1358 പേർ

ഇന്ന് 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2794 ആയി. നിലവിൽ 1358 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 21 ആയി. 126839 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 35032 സാമ്പിളുകളും അല്ലാതെ 169035 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. 3194 പരിശോധന ഫലങ്ങളാണ് ഇനി വരാനുള്ളത്. സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 108 ആയും കുറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരിൽ 1272 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ എത്തിയവർ

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 1272 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവർ. 279657 പേരാണ് സംസ്ഥാനത്തേക്ക് ഈ കാലയളവിൽ എത്തിയത്. ഇവരിൽ വിദേശത്ത് നിന്നെത്തിയ 669 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 503 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് മാത്രമെത്തിയ 313 പേർക്കാണ് കോവിഡ് വൈറസ് ബാധ കണ്ടെത്തിയത്.

നമ്മുടെ ജാഗ്രത ഇനിയും വർധിപ്പിക്കേണ്ട കാര്യമാണ് ഇത് സൂചിപ്പിക്കുന്നത്. പ്രവർത്തന രംഗത്തുള്ള ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ഒരു മേഖലയാകെ സതംഭിക്കുകയാണ്. പകുതി ആളുകൾ മാത്രമേ സർക്കാർ ഓഫീസുകളിലുണ്ടാകേണ്ടതുള്ളു. വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഫീസ് മീറ്റിങ്ങികൾ ഓൺലൈനിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോൾ അതാത് ജില്ലകളിൽ നിന്ന് പൂൾ ചെയ്ത് നിയമിക്കണം. കോവിഡ് ഡ്യൂട്ടിയിലുള്ളവർ കുടുംബത്തിൽ നിന്ന് മാറിനിൽക്കണം. എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

ആരോഗ്യ മേഖലയിൽ വിപുലമായ പദ്ധതി തയ്യാറാക്കുന്നു

രോഗവ്യാപനം ഉയർന്നാൽ കൂടുതൽ ആരോഗ്യ പ്രവർത്തകുടെ സേവനം നമുക്ക് ആവശ്യമുണ്ട്. അതിന് വിപുലമായ പദ്ധതി തയ്യാറാക്കും. ഇപ്പോൾ സംസ്ഥാന സർവീസിലുള്ള 45 വയസിൽ താഴെയുള്ള ആളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ആരോഗ്യ രംഗത്തെ വിവിധ കോഴ്സുകൾ പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾ, തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർ, റിട്ടേഡ് ചെയ്ത ആരോഗ്യ രംഗത്തെ പ്രെഫഷണലുകൾ എന്നിവരെ സംസ്ഥാന അടിസ്ഥാനത്തിൽ ഒരുക്കും. ആവശ്യമുള്ളടുത്ത് നിയോഗിക്കാനാണ് ഇത്തരമൊരു ടീമിനെ മിഷൻ അടിസ്ഥാനത്തിലൊരുക്കുക.

എൻസിസി, എസ്‌പിസി, എൻഎസ്എസ് വോളന്റിയർമാരെയും ഇതിൽ ഉൾപ്പെടുത്തും. അതോടൊപ്പം താൽപര്യമുള്ള യുവാക്കൾക്കും സന്നദ്ധ സേനയിലെ വോളവന്റിയർമാക്കും പരിശീലനം നേടാം. താൽക്കാലികമായി ചുമതലയേറ്റെടുത്ത സന്നദ്ധ സേവകർ ത്യാഗനിർഭലമായ പ്രവർത്തനമാണ് ചെയ്യുന്നത്.

ആരോഗ്യപ്രവർത്തകർ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങൾക്ക് അനുമോദനം.

ജാഗ്രത കുറയുന്നു

ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ പൊതുവെ ജാഗ്രത കുറഞ്ഞിട്ടുണ്ട്. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും നീങ്ങുന്നത്. റോഡുകളും കമ്പോളങ്ങളും തിരക്കേറുന്നു. ശാരീരിക അകലം പലയിടത്തും പാലിക്കുന്നില്ല. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സാനിറ്റൈസർ സോപ്പ് ഉപയോഗവും കുറയുന്നു. ഇതിനെതിരെ ശക്തമായ ഇടപ്പെടലുണ്ടാകുമെന്നും മുഖ്യമന്ത്രി.

മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

കോവിഡ് രോഗികളുടെ താമസ സ്ഥലത്തിനോട് ചേർന്നുള്ള വീടുകളെ ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്റ് സോൺ രൂപികരിക്കാനും തീരുമാനം. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനാണ് ഇത്. നിലവിൽ ഒരു വീട്ടിൽ കോവിഡ് ബാധയുണ്ടായാൽ ഒരു വാർഡ് ഒന്നാകെ കണ്ടെയ്ൻമെന്റ് സോണാകുന്നത്. ഇതിൽ മാറ്റം വരും. ചെറിയ ക്ലസ്റ്ററി നിയന്ത്രണങ്ങൾ കർശനമാക്കും.

ക്വാറന്റൈനിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസ് നടത്തുന്ന മൊബൈൽ ബീറ്റ് പരിശോധനയ്ക്ക് പുറമെയാണിത്.

എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ നിർദേശം. മാസ്ക് ധരിക്കാത്ത 3489 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച 18 പേർക്കെതിരെയും കേസ്.

ഗൾഫ് രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കും

റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. എയർലൈൻ സർവീസുകളുടെ സഹകരണവും ഇന്ത്യൻ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിലവിൽ പരിശോധന സൗകര്യങ്ങൾ ലഭ്യമാണ്. അതില്ലാത്ത രാജ്യങ്ങൾ സർക്കാർ നീക്കം സഹായിക്കും.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.