തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലുള്ള വ്യക്തിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം ഏഴ് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി.

കേരളത്തിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 387 പേർക്കാണ്. ഇതിൽ നിലവിൽ 167 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ നേരത്തെ മരണപ്പെട്ടിരുന്നു. 218 പേർക്ക് രോഗം ഭേദമായി. 16475സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 16002ഉം നെഗറ്റീവായെന്നും മുഖ്യമന്ത്രി.

കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴേക്ക് പോവുകയും ചെയ്തു. നിലവിൽ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 96942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്ത് നിന്നെത്തിയവരാണ്. എട്ട് വിദേശികൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ലോക്ക്ഡൗണിൽ ചില മേഖലകളിൽ ഏപ്രിൽ 20 മുതൽ ഇളവുകൾ നൽകാൻ നിർദേശിച്ചിട്ടുണ്ട്. അത് കേരളത്തിൽ ഏത് വിധത്തിൽ വേണമെന്നതിൽ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് രോഗ വ്യാപന സാധ്യത വർധിക്കുമെന്നാണ് മനസിലാക്കുന്നതെന്നും ഈ സാഹചര്യത്തിൽ ജാഗ്രയിൽ കുറവ് വരുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.