തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കിലെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 57 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്ത് നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 36 പേർക്കും സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പകർന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം – 24
പാലക്കാട് – 23
പത്തനംതിട്ട – 17
കോഴിക്കോട് – 12
കോട്ടയം – 11
കാസർഗോഡ് – 7
തൃശൂർ – 6
മലപ്പുറം – 5
വയനാട് – 5
തിരുവനന്തപുരം – 5
കണ്ണൂർ – 4
ആലപ്പുഴ – 4
എറണാകുളം – 3
ഇടുക്കി – 1

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 2
കൊല്ലം – 2
പത്തനംതിട്ട – 12
ആലപ്പുഴ – 12
എറണാകുളം – 11
മലപ്പുറം – 1
പാലക്കാട് – 10
കോഴിക്കോട് – 11
വയനാട് – 2
കണ്ണൂർ – 2
കാസർഗോഡ് – 2

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 3000 കടന്നു

കേരളത്തിൽ ഇന്ന് 127 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ 1450 ആയി. ഇതുവരെ 3039 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് അയച്ച 4817 സാമ്പിളുകളുൾപ്പടെ 178559 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3193 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് 139342 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2036 പേർ ആശുപത്രികളിലും മറ്റുള്ളവർ ഹോം/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണ്. സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 111 ആയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാടണഞ്ഞത് 71958 പ്രവാസികൾ

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് എത്തി തുടങ്ങിയത് മെയ് 4 മുതലാണ്. അന്ന് ചെക്ക്പോസ്റ്റ് വഴിയും മെയ് 7ന് വിമാനങ്ങൾ വഴിയും മെയ് 10 കപ്പലുകൾ വഴിയും മെയ് 14ന് ട്രെയിൻ ഗതാഗതം ഉപയോഗിച്ചും ആളുകൾ നാട്ടിലേക്കെത്തി. മെയ് 7 മുതൽ ഇന്ന് വരെ 225 ചാർട്ടേഡ് വിമാനങ്ങളും 176 വന്ദേ ഭാരത് മിഷൻ വിമാനങ്ങളുമുൾപ്പടെ 401 വിമാനങ്ങളിൽ 71958 പ്രവാസികൾ നാട്ടിലെത്തി. ഇതിൽ മൂന്ന് കപ്പലിൽ നിന്നുള്ള യാത്രക്കാരും ഉൾപ്പെടുന്നു.

മെയ് 7 മുതൽ ജൂൺ 19 വരെ രോഗം സ്ഥിരീകരിച്ച 2413 പേരിൽ 2165 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പ്രൈമറി കോൺടാക്ടിലുള്ള 39609 പേരും സെക്കൻഡറി കോൺടാക്ടിലുള്ള 23695 പേരും നീരീക്ഷണത്തലുണ്ട്.

സംസ്ഥാനം അനുമതി നൽകിയത് 1048 വിമാനങ്ങൾക്ക്

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനായി 124 സമ്മത പത്രങ്ങളിലായി 1048 വിമാനങ്ങൾക്ക് സംസ്ഥാനം അനുമതി നൽകി. ഇതുവരെ ഇത്തരത്തിൽ 154 വിമാനങ്ങളിലായി 28114 പേർ നാട്ടിലെത്തി. കുവൈത്തിൽ നിന്ന് 60 വിമാനങ്ങളിൽ 10439 പേരും ഒമാനിൽ നിന്ന് 50 വിമാനങ്ങളിൽ 8707 പേരും ഖത്തറിൽ നിന്ന് 36 വിമാനങ്ങളിൽ 6005 പേരും ബെഹ്‌റൈനിൽ നിന്ന് 36 വിമാനങ്ങളിൽ നിന്ന് 4309 പേരും എത്തി.

തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം

തിരുവനന്തപുരം നഗരത്തിൽ കോവിഡ് ബാധ വർധിക്കുന്നു. ഈ സാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി. പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രം മൂന്ന് പെട്രോളിങ് വാഹനങ്ങൾ പരിശോധന നടത്തുന്നു.

ചില കടകളിൽ വലിയ തിരക്കും അനുഭവപ്പെടുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ കടകൾ പ്രവർത്തിച്ചാൽ കർശന നടപടിയെടുക്കും. ഇന്ന് മാത്രം മാസ്ക് ധരിക്കാത്ത 4929 സംഭവങ്ങളുണ്ടായി. ക്വാറന്റൈൻ ലംഘിച്ചതിന് 19 പേർക്കെതിരെയും കേസെടുത്തു.

അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല, ലിനിയുടെ കുടുംബത്തെ വേട്ടയാടരുത്

നിപാ ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിപാ രാജകുമാരിയെന്നും കൊറോണ രാജ്ഞിയെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചതിനെതിരെ പ്രതികരിച്ചതിനാണ് കോണ്‍ഗ്രസ് സജീഷിനെതിരെ പ്രതിഷേധം നടത്തിയത്. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നിപാ രക്തസാക്ഷിയായ ലിനിയുടെ കുടുംബം കേരളം നമ്മുടെ കുടുംബമായിട്ടാണ് കാണുന്നതെന്നും അത് അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ അവരുടെ കുടുംബത്തെ വേട്ടയാടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. കേരളം മാത്രമല്ല ലോകം മുഴുവന്‍ ആദരിക്കുന്നവരാണ് ലിനിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ലിനിയുടെ കുടംബത്തിനെതിരെ ഈ ക്രൂരതയെന്നത് ആശ്ചര്യകരം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞതുകൊണ്ടാണ് ഈ ആക്രമണം. സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുടുംബത്തോടും ആ കുഞ്ഞുമക്കളോടും സജീഷിനുമൊപ്പമാണ് കേരളം. അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കും. നിപയെ ചെറുത്ത് തോല്‍പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്നത് ലിനിയുടെ മുഖമാണെന്ന് അദ്ദേഹം പറഞ്ഞു.

നിപയെ ചെറുക്കാനും കൂടുതൽ മരണങ്ങൾ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തിൽ സർക്കാരിൽ ചുമതലപ്പെടുത്തിയ ആരോഗ്യ മന്ത്രി മുന്നിൽ തന്നെയുണ്ടായിരുന്നുവെന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരിയെന്നും കൊറോണ രാഞ്ജിയെന്നുമൊക്കെ മ്ലേച്ഛമായി ആക്ഷേപിക്കുമ്പോൾ ആദ്യ പ്രതികരണം ഉണ്ടാകുന്നത് ലിനിയുടെ കുടുംബത്തിൽ നിന്നാണ്. അവർക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമ്മമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി.

ആരോഗ്യ മന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമർശം സ്ത്രീവിരുദ്ധം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ മന്ത്രിയെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട ചില സ്ഥാനത്തുള്ള നേതാക്കൾ അധിക്ഷേപങ്ങൾ എന്തൊക്കെയാണ്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റാനാണ് ആരോഗ്യ മന്ത്രി ശ്രമിച്ചത്.

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള  ആക്രോശം പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങള്‍ ഇങ്ങനെയാണോ കാണുന്നത്? ഇങ്ങനെയൊക്കെ പറഞ്ഞാലേ അണികളുടെ കൈയടിയും വാര്‍ത്താ പ്രാധാന്യവും ലഭിക്കൂ എന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയില്‍ കെപിസിസിയുടെ അധ്യക്ഷന്‍ വീണുപോയതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണികളുടെ കയ്യടിയും വാർത്ത പ്രാധാന്യവും ലഭിക്കുവാൻ സ്ത്രീകളെ ഇങ്ങനെയൊക്കെ പറയണമെന്ന തോന്നലുള്ള പരിതാപകരമായ അവസ്ഥയിലേക്ക് കെപിസിസി അധ്യക്ഷൻ വീണുപോയതിൽ ഖേദമുണ്ട്. ഇത് കേവലമൊരു മന്ത്രിക്കെതിരായ പ്രതിപക്ഷ പാർട്ടിയുടെ നേതാവിന്റെ വിമർശനമെന്ന നിലയിലല്ല കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്ന തുറന്ന് പറച്ചിലായിട്ടാണ് മുല്ലപ്പള്ളിയുടെ പ്രതികരണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്‍റ് മാറുകയാണ്.

പ്രതിരോധ മരുന്നുപോലും ലോകത്തെങ്ങും ഫലപ്രദമായി വികസിപ്പിച്ചിട്ടില്ലായിരുന്നിട്ടു കൂടി നമ്മള്‍ ലോകം ശ്രദ്ധിക്കും വിധം  രോഗബാധയെ നിയന്ത്രിച്ചുനിര്‍ത്തി. അത് സാധ്യമായത് നിത്യേനയുള്ള ജാഗ്രതപ്പെടുത്തല്‍ കൊണ്ടും ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തിന്‍റെ പല ഭാഗങ്ങളിലെയും സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ കൊണ്ടും ആരോഗ്യ പ്രവര്‍ത്തകരുടെ സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ചുള്ള ആത്മാര്‍പ്പണം കൊണ്ടുമാണ്. ഇതിനൊപ്പം നാടാകെ ഒന്നിച്ചുനിന്നതുകൊണ്ടുകൂടിയാണ്.

ഇതു സാധിച്ച കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്‍റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാതെപോയ ഒരു മനസ്സിന്‍റെ ജല്‍പനം എന്ന നിലയ്ക്ക് അവഗണിക്കാനാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താന്‍ പല വഴിക്കു ശ്രമിച്ചവര്‍ പ്രതിരോധത്തിനു നേതൃത്വം നല്‍കിയവരെ അധിക്ഷേപിക്കുന്നതിന്‍റെ രാഷ്ട്രീയ മനഃശാസ്ത്രം ജനങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്

ആ സിസ്റ്റത്തിന്‍റെ പ്രധാന ഭാഗമായ ഒരു മന്ത്രിയെ അധിക്ഷേപിക്കുന്നത് ആ സിസ്റ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവരെ ഒറ്റതിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ താളം തെറ്റിക്കാനാകുമോ എന്നാണ് ശ്രമം. ഒന്നേ പറയാനുള്ളൂ, ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഈ മഹാമാരിയില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് നമ്മള്‍ പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.

സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാനല്ലാതെ, അര്‍ഹതപ്പെട്ട സഹായം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒരു പ്രസ്താവനയിലൂടെയെങ്കിലും ആവശ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷം പ്രത്യേക ശ്രദ്ധ വെച്ചു എന്നു വേണം പറയാന്‍.

പ്രതിപക്ഷം സത്യത്തില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? എടുത്ത നിലപാടുകളൊക്കെ നാടിന്‍റെയും നാട്ടുകാരുടെയും താല്‍പര്യങ്ങളെ ബലികൊടുക്കുന്ന തരത്തിലുള്ളതായിരുന്നില്ലേ? ഉന്നയിച്ച ആവശ്യങ്ങളൊക്കെ അബദ്ധങ്ങളായില്ലേ? ആ പറഞ്ഞത് സര്‍ക്കാര്‍ അനുസരിച്ചിരുന്നെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയുന്ന നിലയായില്ലേ?

രാഷ്ട്രീയമായ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം തുടര്‍ച്ചയായി മഹാദുരന്തത്തെപ്പോലും ഉപയോഗിക്കുകയായിരുന്നുവെന്നു ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഇങ്ങനെ ജനങ്ങള്‍ക്കുമുമ്പില്‍ തുടര്‍ച്ചയായി തുറന്നുകാട്ടപ്പെട്ടതിന്‍റെ ജാള്യതയാണ് ഇപ്പോള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കു പിന്നിലുള്ളത്. എന്നതും ജനങ്ങള്‍ തിരിച്ചറിയും.

ഇന്നും പറയുന്നത് കേട്ടു. ക്രെഡിറ്റ്, ക്രെഡിറ്റ് എന്ന്. ക്രെഡിറ്റ് ആര്‍ക്ക് എന്നത് മാത്രമാണ് പ്രതിപക്ഷത്തെ അലട്ടുന്ന പ്രശ്നമെന്നാണ് തോന്നുന്നത്. മുമ്പ് ക്രെഡിറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയേ ഇപ്പോഴും പറയാനുള്ളു. നിപയായാലും കോവിഡായാലും പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കാണ്. ഈ നാടന് മൊത്തമാണ്. ഈ നാട് ഒന്നായി നിങ്ങള്‍ക്കുമ്പോഴാണ് ഇത്തരം മഹാമാരികളെ ചെറുക്കാനാകുന്നത്. എല്ലാം ജനം കാണുന്നുണ്ട്. കേള്‍ക്കുന്നുണ്ട്. അവര്‍ തീരുമാനിക്കട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook