തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് വൈറസ് പകർന്നു, ഇതിൽ ഒരാൾ എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്.

201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കേരളത്തിൽ ഇതുവരെ 202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മരണപ്പെടുകയും 21 പേർക്ക് രോഗം ഭേദമാവുകയും ചെയ്തിരുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 181 പേരാണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.