തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ,” മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണു ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലുള്ളത്. തിരുവനന്തപുരത്ത് ഇന്ന് 226 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണെന്ന് രോഗം പിടിപെട്ടത്. 15 പേരുടെ ഉറവിടം വ്യക്തമല്ല.
Also Read: ആയിരം കടന്ന ആശങ്ക: അതീവ ജാഗ്രത അനിവാര്യമായ സമയം
ഇന്ന് 133 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച കൊല്ലത്ത് 116 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. അഞ്ച് കേസുകളില്‍ ഉറവിടം അറിയില്ല. 120 പോസിറ്റീവ് കേസുകളുള്ള ആലപ്പുഴയില്‍ 63 പേര്‍ക്കും കാസര്‍ഗോട്ടെ 101 രോഗികളില്‍ 87 പേര്‍ക്കും സമ്പര്‍ക്കം വഴിയാണു രോഗം ബാധിച്ചത്. എറണാകുളത്ത് ഇന്ന് 92 പോസിറ്റീവ് കേസുകളാണുള്ളത്. ഇതില്‍ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 15 പേരുടെ ഉറവിടം അറിയില്ല.
എറണാകുളത്ത് ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം രൂക്ഷമാണ്.
ആലുവ മേഖലയില്‍ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിലുള്ളതാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ നിലവില്‍ വരും. നഗരസഭയ്ക്കു പുറമെ കീഴ്മാട്, ആലങ്ങാട്, കരുമാല്ലൂര്‍, ചൂര്‍ണിക്കര, ചെങ്ങമനാട്, എടത്തല, കടുങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. കോവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.
നിലവിലെ കണക്കനുസരിച്ച് മൊത്തം പോസിറ്റീവ് കേസുകളില്‍ 65.16 ശതമാനം അതതു പ്രദേശങ്ങളില്‍ നിന്നുതന്നെ രോഗം പിടിപെട്ടതാണ്. തിരുവനന്തപുരത്ത് ഈ നിരക്ക് 94.04 ശതമാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് കീം എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് കൂട്ടമായി പുറത്തിറങ്ങിയ സംഭവത്തില്‍ കുട്ടികളല്ല ഉത്തരവാദികളെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വഭാവികമായും പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഒന്നിച്ചിറങ്ങി വരുമെന്നത് ഊഹിക്കാവുന്നതാണ്. അതിനുള്ള നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. അതിലാണ് വീഴ്ച സംഭവിച്ചത്. അല്ലാതെ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.