സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. പുതിയതായി 19 പേരിൽ കൂടി കൊറേണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥയെന്ന് മുഖ്യമന്ത്രി. കണ്ണൂർ ജില്ലയിലെ പത്ത് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ പാലക്കാട് നാലു പേർക്കും കാസർഗോഡ് മൂന്ന് പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേർ തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണ്. കണ്ണൂർ ജില്ലയിലെ ഒമ്പത് പേർ വിദേശത്ത് നിന്ന് എത്തിയയാളും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരാണ് തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണ്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആയി. ഇതിൽ 206 പേരുടെ രോഗം ഭേദമായപ്പോൾ മൂന്ന് പേർ മരണപ്പെട്ടു. നിലവിൽ 117 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കേരളത്തിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 36667 ആണ്. ഇതിൽ 36335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് സംസ്ഥാനത്ത് കോവിഡ്-19 രോഗം ഭേദമായത് 16 പേർക്ക്. കണ്ണൂർ ജില്ലയിൽ ഏഴ് പേരും കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നാല് പേർക്ക് വീതവും തിരുവനന്തപുരത്ത് ഒരാൾക്കും രോഗം ഭേദമായി. 20252 സാമ്പിളുകളാണ് കേരളത്തിൽ ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 19442 എണ്ണവും നെഗറ്റീവാണ്.

ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കണ്ണൂരിൽ

സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ. 104 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ തന്നെ ഒരു വീട്ടിലെ പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു. 53 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

പരിശോധന കർശനമാക്കുന്നു

രോഗലക്ഷണങ്ങളില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നുമിടയിൽ നാട്ടിലെത്തിയ എല്ലാ പ്രവാസികളുടെയും അവരുടെ ഹൈ റിസ്ക് കോൺഡാക്ടിൽപ്പെടുന്ന എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ഹോട്ട്സ്‌പോട്ടായ പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ പൂർണമായും അടച്ചിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.