Latest News

കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് പത്ത് പേർക്ക്; രോഗബാധിതരിൽ മാധ്യമപ്രവർത്തകനും

നിലവിൽ 123 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ആറ് പേർക്കും തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 495 പേർക്കാണ്. ഇതിൽ 372 പേർക്കും രോഗം ഭേദമായി. നാല് പേരാണ് കൊറോണ വൈറസ് മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. നിലവിൽ 123 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

നിലവിൽ 20673 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നത്. 20172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24952 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 23880 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൊല്ലത്ത് നിന്നുള്ള ഒരാൾ ആന്ധ്രപ്രദേശിൽ നിന്നുമെത്തിയതാണ്. ജില്ലയിലെ ബാക്കി അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ രോഗം പടർന്നപ്പോൾ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഒരാൾ തമിഴ്നാട്ടിൽ നിന്നുമെത്തിയതാണ്. കാസർഗോഡ് രണ്ട് പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കാസർഗോഡ് ജില്ലയിലെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ് കോവിഡ്-19 അണുബാധ സ്ഥിരീകരിച്ചത്.

ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചുവെന്നും ഇതിൽ 801ഉം നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ മൂന്നെണ്ണം ഉൾപ്പടെ പുനപരിശോധനയ്ക്ക് അയച്ച 25 സാമ്പിളുകളുടെ ഫലം ഇനിയും വന്നട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിനെയും കാസർഗോഡ് ജില്ലയിലെ അജനൂറിനെയുമാണ് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. കണ്ണൂർ ജില്ലയിൽ 28 ഹോട്ട്സ്‌പോട്ടുകളും ഇടുക്കിയിൽ 15 ഹോട്ട്‌സ്പോട്ടുകളുമുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ, 47.

ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

കണ്ണൂർ – 47 രോഗികൾ
കോട്ടയം – 18 രോഗികൾ
കൊല്ലം – 15 രോഗികൾ
ഇടുക്കി – 14 രോഗികൾ
കാസർഗോഡ് – 13 രോഗികൾ
പാലക്കാട് – 6 രോഗികൾ
കോഴിക്കോട് – 5 രോഗികൾ
തിരുവനന്തപുരം – 2 രോഗികൾ
പത്തനംതിട്ട – 2 രോഗികൾ
എറണാകുളം – 1 രോഗി
മലപ്പുറം – 1 രോഗി

ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും തന്നെ നിലവിൽ ചികിത്സയിലില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala latest updates by cm pinarayi vijayan with stats

Next Story
ശസ്ത്രക്രിയ വിജയം, കോവിഡ് ഭേദമായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി
The moderation of comments is automated and not cleared manually by malayalam.indianexpress.com