തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഒരാൾക്ക് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചിരക്കുന്നത്. അതേസമയം പത്ത് പേരുടെ രോഗം ഭേദമായി. ചെന്നൈയിൽ നിന്നെത്തിയ വൃക്ക രോഗി കൂടിയായ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രോഗം ഭേദമായ പത്ത് പേരും കണ്ണൂർ ജില്ലയിൽ ചികിത്സയിലുണ്ടായിരുന്നതാണ്. ഇതുവരെ 503 പേർക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിത്. നിലവിൽ 16 പേർ മാത്രമാണ് കോവിഡ്-19 ബാധിതരായി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 20157 പേർ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 19810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലുമാണ്.
ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35856 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചതിൽ 35355ഉം രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. മുൻഗണന ഗ്രൂപ്പിലെ 3380 സാമ്പളുകൾ അയച്ചതിൽ 2939ഉം നെഗറ്റീവാണ്. നിലവിൽ സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണുള്ളത്.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
കണ്ണൂർ – 5
വയനാട് – 4
കൊല്ലം – 3
ഇടുക്കി – 1
എറണാകുളം – 1
പാലക്കാട് – 1
കാസർഗോഡ്- 1
കോവിഡിന്റെ നൂറ് ദിനങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറ് ദിവസം തികഞ്ഞു. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർഥിക്കാണ് രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടക്കഘട്ടത്തിൽ തന്നെ രോഗ പകരുന്നില്ലായെന്ന് ഉറപ്പ് വരുത്താൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി. മാർച്ച് ആദ്യവാരം കോവിഡിന്റെ രണ്ടാം വരവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രണ്ട് മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി.
മൂന്നാം വരവ് ഉണ്ടാകാതിരിക്കനുള്ള ശ്രമങ്ങൾ
നൂറ് ദിവസം പിന്നിടുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും രാജ്യത്തിന് പുറത്ത് നിന്നുമുള്ള പ്രവാസികളെ സ്വീകരിക്കുകയാണിപ്പോഴെന്ന് മുഖ്യമന്ത്രി. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കികഴിഞ്ഞു. രോഗത്തിന്റെ മൂന്നാം വരവ് തടയുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
Also Read: Covid 19 Kerala Gulf Evacuation Live Updates:
അങ്ങനെ സംഭവിച്ചാൽ തന്നെ അതിനെ നേരിടാനും അതിജീവിക്കാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി. ഇതുവരെയുണ്ടായിരുന്ന സഹകരണം വർധിച്ച തോതിൽ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനം പിടിച്ചുനിർത്തായതിനാൽ നമുക്കിനി ഒന്നും ചെയ്യാനില്ലായെന്ന് കരുതരുത്. ഇനിയുള്ള നാളുകൾ പ്രധാനമാണ്. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും നാം ഉടപ്പെടണം. സാധ്യമായ എല്ലാ സൗകര്യങ്ങളും പ്രവാസികൾക്ക് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.
അഞ്ച് പ്രവാസികൾ മെഡിക്കൽ കോളെജ് ഐസൊലേഷനിൽ
മടങ്ങിയെത്തിയ പ്രവാസികളിൽ അഞ്ച് പേരെ കളമശ്ശേരി മെഡിക്കൽ കോളെജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി. റിയാദിൽ നിന്നുള്ള ഒരു വിമാനമാണ് ഇന്ന് എത്തുന്നത്. യാത്രക്കാരിൽ 84 പേർ ഗർഭിണികളാണെന്നും മുഖ്യമന്ത്രി.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് 16385 പേർ സംസ്ഥാനത്തേക്ക് എത്തിച്ചേർന്നു
ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന 86679 പേർ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. 37701 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതിനകം 45814 പേർക്ക് പാസ് നൽകിയെന്നു പാസ് ലഭിച്ചവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിലുള്ളവരാണ്. 16385 പേർ സംസ്ഥാനത്തേക്ക് എത്തിച്ചേർന്നെന്നും 8912 പേർ റെഡ് സോണിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി.
Also Read: സിബിഎസ്എ പ്ലസ് ടു പരീക്ഷകൾ ജൂലൈയിൽ; അറിയേണ്ടതെല്ലാം
ലക്ഷദ്വീപിൽ കുടുങ്ങി കിടക്കുന്ന മലയാളികളെയും കപ്പലിൽ കൊച്ചിയിലെത്തിക്കും. ഇവിടെ പരിശോധനയ്ക്ക് ശേഷമായിരിക്കും വീട്ടിലേക്ക് വിടുക. കപ്പലിൽ വിദേശത്ത് നിന്നെത്തുന്നവരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും കേരളത്തിൽ തന്നെ ക്വറന്റൈൻ സൗകര്യമൊരുക്കും.
മടങ്ങിയത് 24088 അതിഥി തൊഴിലാളികൾ
മേയ് ഏഴ് വരെ കേരളത്തിൽ നിന്ന് 21 ട്രെയിനുകളിലായി 24088 തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതായി മുഖ്യമന്ത്രി. ബിഹാറിലേക്കാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ തിരിച്ചുപോയത്, 9 ട്രെയിനുകളിൽ 10017 തൊഴിലാളികൾ പോയപ്പോൾ 3421 തൊഴിലാളികൾ മൂന്ന് ട്രെയിനുകളിലായി ഒഡിഷയിലേക്കും മടങ്ങി. ജാർഖണ്ഡിൽ അഞ്ച് ട്രെയിനുകളിലായ 5689 പേരും നാട്ടിലേക്ക് മടങ്ങി. ഉത്തർപ്രദേശ് രണ്ട് ട്രെയിനുകളിൽ 2293 പേരും, മധ്യപ്രദേശിലേക്ക് ഒരു ട്രെയിനിൽ 1143 പേരും പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിനിൽ 1131 പേരും മടങ്ങി.
ഒരാഴ്ച കാലാവധിയുള്ള പാസ്
സംസ്ഥാനത്ത് അനുവദിക്കപ്പെട്ട തൊഴിൽ ചെയ്യുന്നതിന് ജില്ല വിട്ട് ദിവസവും പോകുന്നവർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി. അതാത് സ്റ്റേഷൻ ഓഫീസർമാരിൽ നിന്നുമായിരിക്കും ഇത്തരത്തിൽ പാസ് ലഭിക്കുക. ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ഇതിന് സാധിക്കാത്തവർക്ക് പാസിന്റെ മാതൃക പൂരിപ്പിച്ച് കാരണം വ്യക്തമാക്കുന്ന രേഖകളും കാണിച്ച് സ്റ്റേഷനിൽ നിന്ന് തന്നെ പാസ് നേടാം.
താല്‍ക്കാലിക തസ്തികകള്‍
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയാണ്.
704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്സുമാര്‍, 167 നഴ്സിങ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്നീഷ്യന്മാര്, 292 ജെഎച്ച്ഐമാര്‍, 317 ക്ലീനിങ് സ്റ്റാഫുകള്‍ തുടങ്ങി 34ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചുവരുന്നു.
നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. ഇതുകൂടാതെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിനുപുറമെ നിലവിലുള്ള ഒഴിവുകള്‍ അഡ്ഹോക്ക് നിയമനം വഴി നികത്തുന്നുമുണ്ട്.
പെന്ഷന്, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ വീതം സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ വിതരണം സഹകരണവകുപ്പ് അടുത്ത വ്യാഴാഴ്ച (മെയ് 14) ആരംഭിക്കും. മെയ് 25നകം വിതരണം പൂര്‍ത്തിയാക്കും.